നിർമാതാക്കൾക്കെതിരായ പരാമർശത്തിൽ ക്ഷമ ചോദിച്ച് ഷെയ്ൻ നിഗം. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഐഎഫ്എഫ്കെ വേദിയിൽ താൻ നടത്തിയ പ്രസ്താവന വലിയതോതിൽ തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിൽ ഷെയ്ൻ പറഞ്ഞു. നിർമാതാക്കളുടെ സംഘടനയിലെ മുഴുവൻ അംഗങ്ങൾക്കും മനോരോഗം ഉണ്ടെന്ന് പറഞ്ഞു എന്നതാണ് വാർത്തകളിൽ വന്നത്. ദൃശ്യ മാധ്യമ സുഹൃത്തുക്കൾ നിർമാതാക്കൾക്ക് മനോവിഷമം ഉണ്ടോ എന്ന ചോദ്യത്തിന് മനോവിഷമം ആണോ മനോരോഗം ആണോ എന്ന് ചോദിച്ചത് സത്യമാണ്. ഞാനെന്റെ രീതിയിലുള്ള ചിരിച്ചുകൊണ്ടുള്ള മറുപടി മാത്രമാണ് നൽകിയത്. ഞാൻ പറഞ്ഞ ആ വാക്കിൽ ആർക്കെങ്കിലും വിഷമം ഉണ്ടെങ്കിൽ ക്ഷമാപണം നടത്തുന്നുവെന്ന് ഷെയ്ൻ പറഞ്ഞു.

Read Also: വിലക്കല്ല, വഴികാട്ടലാണ് വേണ്ടത്; ഷെയ്ൻ ആത്മാർത്ഥതയുള്ള കലാകാരൻ: ഷാജി എൻ കരുൺ

”എന്നെക്കുറിച്ച് ഇതിനുമുമ്പ് പറഞ്ഞ വാക്കുകളൊന്നും ഞാനും പൊതുസമൂഹവും മറന്നിട്ടുണ്ടാകില്ല എന്നാണ് എന്റെ വിശ്വാസം. അന്ന് ഞാനും ക്ഷമിച്ചതാണ്. അതുപോലെ ഇതും ക്ഷമിക്കും എന്ന പ്രതീക്ഷയിലാണ് ഞാൻ. ക്ഷമയാണ് എല്ലാത്തിനും വലുത് എന്ന് വിശ്വസിക്കുന്നു. ഞാൻ ആരാധിക്കുന്ന എന്റെ ദൈവവും ഞാൻ വിശ്വസിക്കുന്ന എന്റെ സംഘടനയും എന്നും എന്റെ കൂടെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. നമുക്ക് ക്ഷമയുടെ പാതയിലൂടെ പോകാം” ഷെയ്ൻ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

നിര്‍മാതാക്കള്‍ക്ക് മനോവിഷമമാണോ മനോരോഗമാണോ എന്നാണ് സംശയമെന്ന ഷെയ്നിന്റെ പരാമർശം ഏറെ വിവാദമായിരുന്നു. ഷെയ്‌ൻ നിഗത്തിനെതിരെ കൂടുതല്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാക്കളുടെ സംഘടന രംഗത്തെത്തി. ഷെയ്‌ൻ നിഗത്തെ ഇതരഭാഷകളിലെ സിനിമകളിലും സഹകരിപ്പിക്കരുത് എന്നാവശ്യപ്പെട്ട് ഫിലിം ചേബര്‍ കത്ത് നല്‍കി. ദക്ഷിണേന്ത്യന്‍ ഫിലിം ചേംബറിനാണ് പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ കത്ത് നല്‍കിയത്. ഇക്കാര്യം ഫിലിം ചേംബർ അധികൃതർ സ്ഥിരീകരിച്ചിരുന്നു.

ഷെയ്‌ൻ നടത്തിയ പരാമര്‍ശത്തിനെതിരെ ‘അമ്മ’യും ‘ഫെഫ്‌ക’യും രംഗത്തെത്തിയിരുന്നു. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ സംഘടനാ നേതൃത്വങ്ങള്‍ തീരുമാനിച്ചു. ഷെയ്‌ൻ ഖേദം പ്രകടിപ്പിക്കാതെ ഇനി ചര്‍ച്ചകള്‍ നടത്തില്ലെന്നായിരുന്നു നിര്‍മാതാക്കളുടെ സംഘടനയുടെ അഭിപ്രായം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook