ഷെയ്ൻ നിഗം തിരിച്ചുവരണമെന്നും സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കാൻ സഹകരിക്കണമെന്നും ‘വെയിൽ’ എന്ന ചിത്രത്തിന്റെ സംവിധായകൻ ശരത് മേനോൻ. ഒരു സംവിധായകൻ എന്ന നിലയിൽ അടുത്തതായി എന്തു ചെയ്യാമെന്നും പ്രശ്നം എങ്ങനെ പരിഹരിക്കാമെന്നും മാത്രമാണ് താൻ ചിന്തിക്കുന്നതെന്നും അതിനപ്പുറം ഷെയ്നിനോട് യാതൊരു വിരോധവുമില്ലെന്നും ശരത് മേനോൻ ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.
Read More: മഞ്ഞുരുകുന്നു; താരസംഘടനയില് പ്രതീക്ഷയെന്ന് ഷെയ്ന് നിഗത്തിന്റെ അമ്മ
“മേയ് 18ന് തുടങ്ങിയ സിനിമയാണ്. ഡിസംബറായി ഇപ്പോൾ. നിർമാതാവും വലിയൊരു തുക ഇതിലേക്ക് നിക്ഷേപിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സിനിമ നടക്കണമെന്നും ഇറങ്ങണമെന്നും അദ്ദേഹത്തിനും ആഗ്രഹമുണ്ട്. മാത്രമല്ല സംഘടനയുടെ ഭാഗത്തുനിന്നു ഷെയ്നിന്റെ ഭാഗത്തു നിന്നു സിനിമ നടക്കണമെന്ന തരത്തിലുള്ള പ്രതികരണം തന്നെയാണ് ലഭിക്കുന്നത്. ഫെഫ്കയും കൂടെ നിൽക്കാമെന്ന് പറഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ സിനിമ നടക്കുമെന്നാണ് പ്രതീക്ഷ,” ആറ് വർഷമായുള്ള തന്റെ സ്വപ്നവും അധ്വാനവുമാണ് ഈ സിനിമ എന്നും ശരത് പറഞ്ഞു.
“പല തരത്തിലുള്ള വാർത്തകൾ മാധ്യമങ്ങളിൽ വരുന്നുണ്ട്. അവരെ സംബന്ധിച്ചിടത്തോളം ഒന്ന് കഴിഞ്ഞാൽ മറ്റൊരു വാർത്ത. ഷെയ്നിന്റെ അഭിമുഖം വന്നതിന് ശേഷം പല മാധ്യമങ്ങളും അഭിമുഖത്തിനായി എന്നെ ബന്ധപ്പെട്ടിരുന്നു. പക്ഷെ എന്തെങ്കിലുമൊക്കെ പറഞ്ഞ് പ്രശ്നങ്ങൾ സങ്കീർണമാക്കാൻ എനിക്ക് താത്പര്യമില്ല. എല്ലാം പരിഹരിച്ച് സിനിമ എങ്ങനെയെങ്കിലും ഇറക്കണം എന്നേയുള്ളൂ. എന്റെയും ഷെയ്നിന്റെയും നിർമാതാവിന്റെയും മാത്രമല്ല, മറ്റൊരുപാട് പേരുടെ വിയർപ്പാണ് ഈ സിനിമ. സമയവും അധ്വാനവും ചെലവഴിച്ച് ഇത് തീർക്കാൻ കാത്തിരിക്കുന്ന ഒത്തിരി പേരുണ്ട്,” ശരത് വ്യക്തമാക്കി.
Read More: ഷെയിനിന്റെ മുടി വളരുന്നതുവരെ കാത്തിരിക്കാൻ തയാർ: ‘വെയിൽ’ സംവിധായകൻ ശരത്
നിലവിലെ വിവാദങ്ങളും പ്രശ്നങ്ങളും സിനിമയെ ബാധിക്കില്ല
“സിനിമ പൂർത്തിയാക്കണമെന്ന ആഗ്രഹം ഷെയ്നും ഉണ്ടെന്നാണ് ഞാൻ മനസിലാക്കുന്നത്. ഇപ്പോഴത്തെ വിവാദങ്ങളൊന്നും വെയിലിനെ ബാധിക്കില്ല. ഷെയ്ൻ കഥ കേട്ട് ഇഷ്ടമായി സമ്മതം പറഞ്ഞ സിനിമയാണ് വെയിൽ. ലൊക്കേഷൻ നോക്കാൻ ഞങ്ങൾ ഒരുമിച്ച് ഇരിങ്ങാലക്കുടയിൽ പോയിട്ടുണ്ട്. ഒരു നടനും അതൊന്നും ചെയ്യില്ല. സിനിമ നല്ലതാണെങ്കിൽ പ്രേക്ഷകർ അത് സ്വീകരിക്കും. ഈ വിവാദങ്ങൾ ഒക്കെ ഇല്ലാതാകുകയും ചെയ്യും. വ്യക്തികളെല്ലാം ജീവിതത്തിലല്ലേ. സിനിമയിൽ കഥയും കഥാപാത്രങ്ങളുമാണ്. നമ്മൾ സ്നേഹിക്കുന്നതും അവരെയാണ്,” ശരത് പ്രതീക്ഷ പങ്കുവച്ചു.
ഷെയ്ൻ തിരിച്ചു വന്നാൽ പ്രശ്നങ്ങളില്ലാതെ ചിത്രീകരണം പൂർത്തിയാക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് ശരത്. “ഞാൻ ഇതുവരെ ഷെയ്ൻ എന്ന വ്യക്തിയോട് മോശമായി പെരുമാറിയിട്ടില്ല. ഒരു വാക്കുകൊണ്ടു പോലും ഞങ്ങൾ തമ്മിൽ വ്യക്തിപരമായോ നേരിട്ടോ യാതൊരു പ്രശ്നങ്ങളും ഉണ്ടായിട്ടില്ല. ഷെയ്നിന്റെ ഉമ്മയെ ഞാനും ഉമ്മിച്ചി എന്നാണ് വിളിക്കുന്നത്. ആരോടും എനിക്ക് വിദ്വേഷമില്ല. അതുകൊണ്ട് തന്നെ തുടർന്നും പ്രശ്നങ്ങളില്ലാതെ ചിത്രീകരണം മുന്നോട്ട് കൊണ്ടു പോകാൻ സാധിക്കുമെന്നും പൂർത്തിയാക്കാൻ സാധിക്കുമെന്നും എനിക്ക് വിശ്വാസമുണ്ട്,” ശരത് വ്യക്തമാക്കി.
Read More: ഷെയ്നിനെ ഞാനെന്റെ അസിസ്റ്റന്റാക്കും, അവനെ വച്ച് സിനിമയും ചെയ്യും: രാജീവ് രവി
ബുധനാഴ്ച കൊച്ചിയിലെത്താനാണ് താരസംഘടനയായ ‘അമ്മ’ ഷെയ്നിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഷെയ്ൻ മുടി മുറിച്ചതിനോട് യോജിപ്പില്ലെന്നും എന്നാൽ അതിന്റെ പേരിൽ ഷെയ്നിനെ സിനിമയിൽ നിന്നും വിലക്കാൻ ആർക്കും അവകാശമില്ലെന്നുമാണ് താരസംഘടനയുടെ നിലപാട്. ഷെയ്നിന്റെ മുടി വളരുന്നത് വരെ കാത്തിരിക്കാൻ തയാറാണെന്ന് നേരത്തേ ശരത് വ്യക്തമാക്കിയിരുന്നു.
നേരത്തേ ഷെയ്നിനെ വിലക്കുമെന്നു പറഞ്ഞിരുന്നെങ്കിലും പിന്നീട് ഷെയ്നിന് വിലക്കില്ലെന്നും നിസഹകരണം മാത്രമാണെന്നും നിർമാതാക്കളുടെ സംഘടനയും വ്യക്തമാക്കിയിരുന്നു. പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാമെന്ന പ്രതീക്ഷയിലാണ് സംഘടനകൾ. സിനിമ പൂർത്തിയാക്കണമെന്നാണ് ഫെഫ്കയുടെയും നിർദേശം.