പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അടക്കമുള്ള സംഘടനാ നേതാക്കൾ വിധികർത്താക്കളാകരുതെന്നും നമ്മളെ പോലെ തന്നെ ജീവിക്കാനും പണിയെടുക്കാനുമുള്ള അവകാശം ഷെയ്ൻ നിഗമിനുണ്ടെന്നും അയാൾക്ക് കൂടി ശ്വസിക്കാനുള്ള വായുവാണ് ഇവിടെ ഉള്ളതെന്ന് ഓർക്കണമെന്നും നടൻ സലിം കുമാർ.
“പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ വേണ്ടിയാണ് സംഘടനകൾ. പക്ഷേ സിനിമാക്കാരുടെ ഒട്ടുമിക്ക സംഘടനകളും ജുഡീഷ്യൽ ബോർഡ് പോലെയാണ് പ്രവർത്തിക്കുന്നത്. കുറ്റം ചെയ്താൽ ശിക്ഷിക്കാം, തുറങ്കിലടക്കാം, അതിനിവിടെ നിയമമുണ്ട്. അവരത് വേണ്ട വിധത്തിൽ ചെയ്യുന്നുണ്ട്. സംഘടനകൾ ദയവുചെയ്ത് അത് ഏറ്റെടുക്കരുത്,” സലിം കുമാർ തന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
മയക്കുമരുന്നിന്റെ പേരും പറഞ്ഞ് മലയാള സിനിമയിലെ മുഴുവൻ കലാകാരന്മാരേയും അടച്ചാക്ഷേപിക്കരുതെന്നും സലിം കുമാർ തന്റ കുറിപ്പിൽ പറഞ്ഞു.
“ലൊക്കേഷനിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട്, അത് പൊലീസിൽ വിളിച്ചു അറിയിക്കും, അവരെക്കൊണ്ടു നടപടിയെടുക്കും എന്നെല്ലാം പറയുന്നത് കേട്ടു. ഇത് മലയാള സിനിമയിലെ മുഴുവൻ കലാകാരന്മാരെയും ആക്ഷേപിക്കുന്നതിന് തുല്യമല്ലേ. വിരലിലെണ്ണാവുന്നവർ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെങ്കിൽ അവരെ തങ്ങളുടെ പടത്തിൽ സഹകരിപ്പിക്കാതിരിക്കാനുള്ള അവകാശം ഒരു നിർമാതാവിന് ഇല്ലേ,” എന്ന് സലിം കുമാർ ചോദിച്ചു.
Read More: ഷെയ്‌നിനെ ഞാനെന്റെ അസിസ്റ്റന്റാക്കും, അവനെ വച്ച് സിനിമയും ചെയ്യും: രാജീവ് രവി
ഷെയ്നിനെ വിലക്കാനുള്ള തീരുമാനം മനുഷ്യാവകാശ ലംഘനമാണെന്നും ഷെയ്ൻ നിഗം ഒരു വക്കീലിനെ കണ്ട് ഒരു കടലാസ് കോടതിയിൽ കൊടുത്താൽ വാദി പ്രതിയാകുമെന്നോർക്കണമെന്നും സലിം കുമാർ മുന്നറിയിപ്പ് നൽകി.
“ആർക്കുമൊരു കേടുപാടുമില്ലാതെ പ്രശ്നങ്ങൾ പരിഹരിക്കുക, അതിനെയാണ് നമ്മൾ സംഘടനാമികവ് എന്ന് പറയുന്നത്. ഷെയ്ൻ നിഗം എന്തെങ്കിലും തെറ്റുകൾ ചെയ്തിട്ടുണ്ടെങ്കിൽ അതിനെ വെള്ളപൂശാനല്ല ഞാൻ ഇപ്പോൾ സംസാരിക്കുന്നത്. തെറ്റ് തിരുത്താൻ അയാൾക്കും ഒരവസരം കൊടുക്കുക,” സലിം കുമാർ വ്യക്തമാക്കി.
Read More: ഷെയ്‌നിനെതിരെ നടക്കുന്നത് ആൾക്കൂട്ട വിചാരണ: ബി.അജിത് കുമാർ
ഷെയ്ൻ നിഗത്തിന് പിന്തുണയുമായി രാജീവ് രവി, ബി.അജിത് കുമാർ, ഷാജി എൻ.കരുൺ തുടങ്ങിയവരെല്ലാം രംഗത്തു വന്നിരുന്നു. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഷെയ്നിനെ വിലക്കിയാൽ താൻ ഷെയ്നിനെ തന്റെ അസിസ്റ്റന്റാക്കുമെന്നും അദ്ദേഹത്തെ വച്ച് സിനിമ നിർമ്മിക്കുമെന്നും രാജീവ് രവി ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞിരുന്നു. ഷെയ്നിന്റെ പ്രായം പരിഗണിച്ച് കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി ‘ഗ്രൂം’ ചെയ്യുകയാണ് വേണ്ടത്. അല്ലാതെ മമ്മൂട്ടിയും മോഹൻലാലുമായി താരതമ്യപ്പെടുത്തുകയല്ല വേണ്ടതെന്നും രാജീവ് രവി കൂട്ടിച്ചേർത്തു.
Read More: വിലക്കല്ല, വഴികാട്ടലാണ് വേണ്ടത്; ഷെയ്ൻ ആത്മാർത്ഥതയുള്ള കലാകാരൻ: ഷാജി എൻ കരുൺ
ഷെയ്ൻ നിഗം കരാർ ലംഘിച്ചിട്ടുണ്ടെങ്കിൽ അദ്ദേഹത്തിനെതിരെ നിയമപരമായി മുന്നോട്ടു പോകുകയാണ് വേണ്ടതെന്നും അല്ലാതെ തൊഴിൽ ചെയ്യുന്നതിൽനിന്ന് വിലക്കുകയല്ലെന്നും എഡിറ്ററും സംവിധായകനും ദേശീയ പുരസ്കാര ജേതാവുമായ ബി.അജിത് കുമാർ പറഞ്ഞു. കുറേപേർ ചേർന്ന് ഒരാളെ വിലക്കുകയെന്നാൽ അത് ഫ്യൂഡൽ വ്യവസ്ഥിതിയുടെ ഭാഗമാണ്. ആൾക്കൂട്ടവിചാരണയാണ് ഷെയ്‌നിനെതിരെ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഷെയ്ൻ നായകനായ ഈട എന്ന ചിത്രത്തിന്റെ സംവിധായകൻ കൂടിയാണ് ബി. അജിത് കുമാർ.
താനറിയുന്ന ഷെയ്ന്‍ അച്ചടക്കമില്ലാത്തവനോ പണത്തിനായി വാശിപിടിക്കുന്നവനോ അല്ലെന്നും അഭിനയത്തിൽ നിന്നും ഷെയ്നിന് വിലക്ക് ഏർപ്പെടുത്തിയ സംഘടനാ നടപടി ശരിയല്ലെന്നും സംവിധായകൻ ഷാജി എന്‍.കരുണ്‍ അഭിപ്രായപ്പെട്ടു.