രേവതിയും ഷെയ്ൻ നിഗമും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഭൂതകാലം’ എന്ന ചിത്രത്തിന്റെ ട്രെയിലറെത്തി. രാഹുല്‍ സദാശിവനാണ് ചിത്രത്തിന്റെ സംവിധായകൻ. രാഹുല്‍ സദാശിവനും ശ്രീകുമാർ ശ്രേയസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
മത്സരിച്ച് അഭിനയിക്കുന്ന രേവതിയേയും ഷെയ്ൻ നിഗത്തെയുമാണ് ട്രെയിലറിൽ കാണാനാവുക. രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം രേവതി അഭിനയിക്കുന്ന മലയാളചിത്രം കൂടിയാണ് ഇത്. വൈറസ് ആയിരുന്നു ഒടുവിൽ റിലീസിനെത്തിയ രേവതിയുടെ മലയാള ചിത്രം.
രേവതി, ഷെയ്ൻ നിഗം എന്നിവർക്കൊപ്പം സൈജു കുറുപ്പ്, ജെയിംസ് ഏലിയാ, ആതിര പട്ടേല്‍, അഭിറാം രാധാകൃഷ്ണന്‍, വത്സല മേനോന്‍, മഞ്ജു പത്രോസ്, റിയാസ് നര്‍മകല എന്നിവരും ചിത്രത്തിലുണ്ട്.
ഷെയ്ൻ നിഗവും ചിത്രത്തിൽ നിർമ്മാണപങ്കാളിയാണ്. ഷെയ്ൻ നിഗം ഫിലിംസിന്റെ ബാനറിൽ ഷെയ്നിന്റെ മാതാവ് സുനില ഹബീബും പ്ലാൻ ടി ഫിലിംസിന്റെ ബാനറിൽ തേരേസ റാണിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നു. അന്‍വര്‍ റഷീദിന്റെയും അമല്‍ നീരദിന്റെയും വിതരണ സംരംഭമായ എ&എ റിലീസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. ഛായാഗ്രാഹണം ഷെഹ്നാദ് ജലാലും എഡിറ്റിങ്ങ് ഷഫീഖ് മുഹമ്മദും നിർവ്വഹിക്കും.
ജനുവരി 21ന് ചിത്രം ഓടിടി പ്ലാറ്റ്‌ഫോമായ സോണി ലിവിലൂടെ പ്രദർശനത്തിനെത്തും.