നടൻ കലാഭവൻ അബിയുടെ 55ാം ജന്മദിനമാണ് ഇന്ന്. മരിച്ചുപോയ വാപ്പിച്ചിയെ ഓർക്കുകയാണ് അദ്ദേഹത്തിന്റെ മകനും ചലച്ചിത്ര നടനുമായ ഷെയ്ൻ നിഗം. അബിയുടെ പഴയകാല ചിത്രം പങ്കുവച്ചുകൊണ്ട് ജന്മദിനാശംസകൾ വാപ്പിച്ചീ എന്ന് ഷെയ്ൻകുറിച്ചു.
രക്തസംബന്ധമായ അസുഖത്തിന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 2017 നവംബര്‍ 30 നാണ് അബി മരണത്തിന് കീഴടങ്ങിയത്. മിമിക്രി വേദികളില്‍ സ്ഥിരം സാന്നിധ്യമായിരുന്ന അബി മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ഏറെ സ്വീകാര്യതയുള്ള നടനായിരുന്നു.
Read More: ‘പിന്നെ, ആ ശബ്ദം ഞാൻ കേട്ടിട്ടില്ല’; അബിയെക്കുറിച്ചുളള ഓർമകളിൽ ഷെയ്ൻ നിഗം
മലയാളത്തിൽ മിമിക്രി കാസറ്റുകൾക്ക് സ്വീകാര്യത നൽകിയ താരമാണ് അബി. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘നയം വ്യക്തമാക്കുന്നു’ എന്ന സിനിമയിൽ തുടങ്ങി ‘തൃശിവപേരൂർ ക്ലിപ്തം’ എന്ന അവസാന സിനിമ വരെ നീണ്ടു നിൽക്കുന്ന കലാ ജീവിതത്തിൽ അമ്പതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഭീഷ്മാചാര്യ, എല്ലാവരും ചൊല്ലണ്, ചെപ്പു കിലുക്കണ ചങ്ങാതി, സൈന്യം, മഴവിൽ കൂടാരം, ആനപ്പാറ അച്ചാമ്മ, പോർട്ടർ, കിരീടിമില്ലാത്ത രാജാക്കന്മാർ, രസികൻ, വാർധക്യ പുരാണം തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അബിയുടെ മകൻ ഷെയ്ൻ നിഗം മലയാള സിനിമയിൽ ഏറെ സ്വീകാര്യതയുള്ള യുവനടനാണ്. മിമിക്രി രംഗത്തിലൂടെയാണ് അബി പ്രശസ്തനാവുന്നത്. നടൻ ദിലീപ്, നാദിർഷാ എന്നിവരൊക്കെ അബിക്കൊപ്പം മിമിക്രി വേദികളിൽ എത്തിയിട്ടുണ്ട്.
Read More: മകന് താരമാകുന്നത് കാണാന്‍ കാത്തു നില്‍ക്കാതെ അബി…
കൊച്ചിൻ കലാഭവനിലൂടെയാണ് അബി കലാ ജീവിതം തുടങ്ങിയത്. മിമിക്രി വേദികളിൽ സിനിമാ താരങ്ങളുടെ അനുകരണമായിരുന്നു അബി പ്രധാനമായും അവതരിപ്പിച്ചത്. മിമിക്രി കാസറ്റുകളിലൂടെയും അബി ശ്രദ്ധ നേടി. അബിയുടെ ‘ആമിനതാത്ത’ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയതാണ്.
Read More: വാപ്പിച്ചിയെ നിങ്ങളുടെ പ്രാർത്ഥനകളിൽ ഓർക്കണം; അബിയുടെ ഓർമദിനത്തിൽ ഷെയ്ൻ
ദിലീപ്, നാദിർഷ, ഹരിശ്രീ അശോകൻ എന്നിവരൊക്ക അബിക്കൊപ്പം ഒരു കാലത്ത് മിമിക്രി വേദികളിൽ തിളങ്ങി നിന്നവരാണ്. ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം, ദേ മാവേലി കൊമ്പത്ത് തുടങ്ങിയ 300 ഓളം ഓഡിയോ കാസറ്റുകളും വിഡിയോ കാസറ്റുകളും നാദിർഷ, ദിലീപ്, അബി കൂട്ടുകെട്ട് ഇറക്കിയിട്ടുണ്ട്. 1990 കളിൽ മിമിക്രി ലോകത്തെ സൂപ്പർതാരമായിരുന്നു അബി. മെഗാസ്റ്റാർ മമ്മൂട്ടിയുടെയും ബിഗ് ബി അമിതാഭ് ബച്ചന്റെയും ശബ്ദമായിരുന്നു അബിയുടെ അനുകരണത്തിൽ ഏറെ ശ്രദ്ധ നേടിയത്. രാഷ്ട്രീയ നേതാക്കളെയും അബി അനകരിക്കുമായിരുന്നു. കേരളത്തിലെയും വിദേശ രാജ്യങ്ങളിലെയും വേദികളിൽ അബി മിമിക്രിയിലൂടെ കീഴടക്കിയിരുന്നു.