scorecardresearch

'പിന്നെ, ആ ശബ്ദം ഞാൻ കേട്ടിട്ടില്ല'; അബിയെക്കുറിച്ചുളള ഓർമകളിൽ ഷെയ്ൻ നിഗം

'അവർ നമ്മളെ വിളിച്ചിട്ടുണ്ട് എന്തു വേണം' എന്നു ചോദിച്ചു. 'വാപ്പിച്ചി തീരുമാനിച്ചോളാൻ' ഞാൻ മറുപടിയും പറഞ്ഞു

'അവർ നമ്മളെ വിളിച്ചിട്ടുണ്ട് എന്തു വേണം' എന്നു ചോദിച്ചു. 'വാപ്പിച്ചി തീരുമാനിച്ചോളാൻ' ഞാൻ മറുപടിയും പറഞ്ഞു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
'പിന്നെ, ആ ശബ്ദം ഞാൻ കേട്ടിട്ടില്ല'; അബിയെക്കുറിച്ചുളള ഓർമകളിൽ ഷെയ്ൻ നിഗം

പുതുവർഷത്തിൽ ഷെയ്ൻ നിഗമിന് കൈനിറയെ സിനിമകളാണ്. ഈടയാണ് ഷെയ്നിന്റെ ഉടൻ പുറത്തിറങ്ങുന്ന സിനിമ. ഷെയ്ൻ ഏറെ പ്രതീക്ഷ വയ്ക്കുന്ന ചിത്രം കൂടിയാണിത്. ഈട കഴിഞ്ഞാൽ ഷാജി എൻ.കരുൺ സംവിധാനം ചെയ്യുന്ന 'ഓൾ'. ഇങ്ങനെ സിനിമകൾ കൈനിറയെ ഉണ്ടെങ്കിലും പുതുവർഷത്തിൽ തന്റെ സിനിമകളുടെ വിജയം കാണാൻ വാപ്പിച്ചി ഇല്ലല്ലോയെന്ന സങ്കടം ഷെയ്നിന്റെ ഉളളിലുണ്ട്. അബിയുടെ മരണം ഇപ്പോഴും കുടുംബത്തിന് വിശ്വസിക്കാനായിട്ടില്ല. വാപ്പിച്ചിയെക്കുറിച്ചുളള ഓർമകൾ വനിത മാഗസിനുമായി പങ്കുവച്ചിരിക്കുകയാണ് ഷെയ്ൻ.

Advertisment

''വാപ്പിച്ചി മരിക്കുന്ന ദിവസം ചെന്നൈയിലായിരുന്നു ഞാൻ. പുതുമുഖ സംവിധായകനായ ഡിമൽ ഡെന്നിസിന്റെ 'വലിയ പെരുന്നാളാണ്' അടുത്ത സിനിമ. അതിനു വേണ്ടിയുളള ഒരു ട്രെയിനിങ് പ്രോഗ്രാമിലായിരുന്നു. അന്നു പകൽ എന്നെ വിളിച്ചിരുന്നു. ഞാനും വാപ്പിച്ചിയും അതിഥികളായി എത്തുന്ന ഒരു ടിവി ഷോയെ കുറിച്ചാണ് പറഞ്ഞത്. 'അവർ നമ്മളെ വിളിച്ചിട്ടുണ്ട് എന്തു വേണം' എന്നു ചോദിച്ചു. 'വാപ്പിച്ചി തീരുമാനിച്ചോളാൻ' ഞാൻ മറുപടിയും പറഞ്ഞു. പിന്നെ സിനിമയെക്കുറിച്ച് സംസാരിച്ചു. ട്രെയിനിങ്ങിനെപ്പറ്റി അന്വേഷിച്ചു. സ്ഥിരം പറയുന്ന കാര്യങ്ങൾ, ആരോഗ്യം നോക്കണം, ഭക്ഷണം ശ്രദ്ധിക്കണം... അങ്ങനെ ഫോൺ വച്ചതാണ്. പിന്നെ, ആ ശബ്ദം ഞാൻ കേട്ടിട്ടില്ല. ഉമ്മച്ചിക്കും സഹോദരങ്ങൾക്കുമൊന്നും വാപ്പിച്ചി പോയത് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല''.

ജീവിതത്തിലെല്ലാം മുൻകൂട്ടി തീരുമാനിച്ച് അതിലേക്കെത്താൻ പ്ലാൻ ചെയ്ത്... അങ്ങനെ യാത്ര ചെയ്യുന്ന ആളൊന്നുമല്ല ഞാനെന്ന് ഷെയ്ൻ അഭിമുഖത്തിൽ പറഞ്ഞു. ജീവിതം അതാണ് എനിക്കിപ്പോൾ കാണിച്ചു തന്നത്. വാപ്പിച്ചിയുടെ കാര്യം തന്നെ കണ്ടില്ലേ? രാത്രിയിൽ ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നതാണ്. ഉറക്കത്തിൽ തന്നെ യാത്രയാകുകയും ചെയ്തു. നമ്മളൊക്കെ ഒരൊഴുക്കിനു പോകുന്നെന്നല്ലേയുളളൂ- ഷെയ്നിന്റെ വാക്കുകൾ.

''സിനിമയിലെത്തണം എന്നൊന്നും ഒരിക്കലും മനസ്സിലുണ്ടായിരുന്നില്ല. സിനിമയാകണം നിന്റെ ജീവിത മാർഗം എന്നുറപ്പിച്ചു പറയാൻ വാപ്പിച്ചിക്കും സാധിക്കില്ലായിരുന്നു. സിനിമ നൽകിയ ഓർമകൾ കൊണ്ടായിരിക്കാം അങ്ങനെ നിർബന്ധിക്കാതിരുന്നത്. ഒരാഗ്രഹവും എന്നിലേക്ക് അടിച്ചേൽപ്പിക്കാതിരിക്കാൻ എപ്പോഴും ശ്രദ്ധിച്ചിരുന്നു. പക്ഷേ ഞാൻ സിനിമയിലെത്തണമെന്ന് വാപ്പിച്ചി ഒരുപാട് ആഗ്രഹിച്ചിരുന്നു. സിനിമയിലേക്കുളള എന്റെ ഓരോ ചെറിയ ചുവടു വയ്പിലും ആ മുഖത്തുളള ആകാംക്ഷ അത്ര വലുതായിരുന്നു''-വാപ്പിച്ചിയെക്കുറിച്ച് ഷെയ്ൻ പറഞ്ഞു.

Advertisment
Shane Nigam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: