അത്ഭുതങ്ങളുടെയും വിസ്മയങ്ങളുടെയും ലോകമാണ് പലപ്പോഴും സിനിമ. ജൂനിയർ ആർട്ടിസ്റ്റായി ചെറിയ സീനുകളിൽ വന്നുപോയവർ പിന്നീട് നായകനും നായികയുമൊക്കെയായി മാറുന്ന കാഴ്ചകൾ നിരവധി തവണ പ്രേക്ഷകർ കണ്ടിട്ടുണ്ട്. ഇപ്പോഴിതാ, ‘അൻവർ’ എന്ന ചിത്രത്തിൽ ഒരു സീനിൽ വന്നുപോവുന്ന കൗമാരക്കാരന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. പൃഥ്വിരാജിന്റെ കഥാപാത്രം ഒരു ടെലഫോൺ ബൂത്തിൽ ഫോൺ ചെയ്യാൻ എത്തുമ്പോൾ, ഫോണിൽ കാമുകിയോട് സല്ലപിച്ചുകൊണ്ടിരിക്കുന്ന സ്കൂൾ വിദ്യാർത്ഥി. യുവതാരങ്ങളിൽ ശ്രദ്ധേയനായ ഷെയ്ൻ നിഗമാണ് ഈ സ്കൂൾ വിദ്യാർത്ഥിയെ അവതരിപ്പിച്ചിരിക്കുന്നത്.

Read Here: IFFI 2018, Olu Movie Review: ഭാവന കൊണ്ട് അഭ്രവിസ്മയം തീര്‍ക്കുന്ന ഓള്

‘എന്തൊരു ചൂടാടോ.. തനിക്ക് ഇതൊക്കെ ഒന്ന് ഏസി ആക്കി കൂടെ?’, ‘അയൽപ്പക്കത്തെ ഐഎസ്‌ഡിയെ കണ്ടിട്ട് വീട്ടിലെ ലോക്കലിനെ ഉപേക്ഷിച്ചോട്ടോ, തനിക്കു ഞാൻ വച്ചിട്ടുണ്ട്,’ എന്നൊക്കെ ബൂത്തുടമയോട് കയർത്ത് ഇറങ്ങിപ്പോവുന്ന കലിപ്പ് പയ്യന്റെ റോളിലാണ് ഷെയ്ൻ എത്തുന്നത്. ‘മച്ചാൻ അന്നേ കലിപ്പാണല്ലേ?’ തുടങ്ങിയ കമന്റുകളുമായി ആരാധകരും വീഡിയോ ഏറ്റെടുത്തു കഴിഞ്ഞു. 2010ൽ റിലീസിനെത്തിയ അമൽ നീരദ് ചിത്രം ‘അൻവറി’ൽ പൃഥ്വിരാജ്, മംമ്ത മോഹൻദാസ്, ലാൽ, പ്രകാശ് രാജ് എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഡാൻസ് റിയാലിറ്റി ഷോയിലൂടെയും ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ എന്ന സീരിയലിലൂടെയും അഭിനയരംഗത്തെത്തിയ ഷെയ്ൻ ‘താന്തോന്നി’ എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിക്കുന്നത്. പിന്നീട് അൻവർ, അന്നയും റസൂലും തുടങ്ങിയ ചിത്രങ്ങളിലും ചെറിയ വേഷങ്ങൾ അവതരിപ്പിച്ചു. 2016 ൽ ‘കിസ്മത്ത്’ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച ഷെയ്ൻ പിന്നീട് പറവ, c/0 സൈറ ബാനു, ഈട, കുമ്പളങ്ങി നൈറ്റ്സ്, ഓള്, ഇഷ്ക് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറുകയായിരുന്നു.

Read more: താൻ പ്രണയത്തിലാണെന്ന് തുറന്ന് പറഞ്ഞ് ഷെയ്ന്‍ നിഗം

‘വലിയ പെരുന്നാൾ’, ‘ഉല്ലാസം’ എന്നിവയാണ് ഷെയ്നിന്റേതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങൾ. നവാഗതനായ ഡിമല്‍ ഡെന്നിസ് സംവിധാനം ചെയ്യുന്ന ‘വലിയ പെരുന്നാൾ’ ഒക്ടോബറിലാണ് റിലീസിനെത്തുന്നത്. ഫെസ്റ്റിവല്‍ ഓഫ് സാക്രിഫൈസ് എന്ന ടാഗ് ലൈനോടെയാണ് ചിത്രം വരുന്നത്. ഷെയ്ന്‍ നിഗമിന്റെ ഇതുവരെ കാണാത്തൊരു മുഖമായിരിക്കും വലിയ പെരുന്നാള്‍ എന്നാണ് റിപ്പോർട്ട്. അന്‍വര്‍ റഷീദ് അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്ന്തത മാജിക് മൗണ്ടന്‍ സിനിമാസാണ്. ഹിമിക ബോസാണ് ചിത്രത്തിലെ നായിക. സൗബിനും ജോജുവും ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഡിമലും തസ്രീഖ് സലാമുമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സുരേഷ് രാജന്റേതാണ് ക്യാമറ. സംഗീതം റെക്‌സ് വിജയ്.

കൈതമറ്റം ബ്രദേഴ്സിന്റെ ബാനറിൽ ജോ കൈതമറ്റം ക്രിസ്റ്റി കൈതമറ്റം എന്നിവർ ചേർന്ന് നിർമിച്ച് നവാഗതനായ ജീവൻ ജോജോ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഉല്ലാസം’. ഷൂട്ടിങ് ഊട്ടിയിൽ പുരോഗമിക്കുകയാണ്. പവിത്രയാണ് ഷെയ്ൻ നിഗത്തിന്റെ നായികയായി എത്തുന്നത്. പ്രവീൺ ബാലകൃഷ്ണൻ തിരക്കഥയെഴുതിയ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് സ്വരൂപ് ഫിലിപ്പാണ്. സംഗീതത്തിനും നൃത്തത്തിനും ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ഷാൻ റഹ്മാനും വരികൾ എഴുതിയിരിക്കുന്നത് ഹരിനാരായണനുമാണ്. തെന്നിന്ത്യൻ സിനിമകളിലെ പ്രശസ്ത നൃത്തസംവിധായകനായ (കാല, മാരി, പേട്ട, സിംഗം) ബാബ ഭാസ്കർ നൃത്തചുവടുകൾ ഒരുക്കിയ ആദ്യ മലയാളം ചിത്രം എന്ന പ്രത്യേകതയും ഉല്ലാസത്തിനുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook