നിര്‍മാതാക്കള്‍ക്ക് മനോവിഷമമാണോ മനോരോഗമാണോ എന്നാണ് സംശയമെന്ന് നടന്‍ ഷെയ്ന്‍ നിഗം. ഐഎഫ്എഫ്‌കെ വേദിയില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഷെയ്ന്‍. ചലച്ചിത്ര മേളയില്‍ ‘കുമ്പളങ്ങി നൈറ്റ്‌സി’ന്റെ പ്രദര്‍ശനത്തിന് എത്തിയപ്പോഴായിരുന്നു ഷെയ്നിന്റെ പ്രതികരണം.

പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്, എന്നാൽ ചർച്ചയ്ക്ക് ചെല്ലുമ്പോൾ തന്റെ ഭാഗം വിശദീകരിക്കാൻ അവസരം ലഭിക്കുന്നില്ലെന്നും റേഡിയോ പോലെ ഒരു കൂട്ടർ മാത്രമാണ് ഇരുന്ന് സംസാരിക്കുന്നതെന്നും ഷെയ്ൻ പറഞ്ഞു. ചർച്ചയ്ക്ക് ശേഷം വീണ്ടും ചിത്രീകരണത്തിനായി പോയപ്പോൾ, ഇക്കുറി നിർമാതാവല്ല മറിച്ച് സംവിധായകനും ക്യാമറാമാനുമായിരുന്നു തന്നെ ബുദ്ധിമുട്ടിച്ചതെന്നും അതിന് തന്റെ പക്കൽ തെളിവുകളുണ്ടെന്നും ഷെയ്ൻ പറഞ്ഞു.

Read More: വിജയ് ദേവരകൊണ്ടയെ കണ്ട സന്തോഷത്തിൽ ഷെയ്ൻ നിഗം

താൻ പറയുന്നത് നിർമാതാക്കൾ കേൾക്കാൻ തയ്യാറാകുന്നില്ലെന്നും ഷെയ്ൻ ആരോപിച്ചു. നിർമാതാക്കൾ ചെയ്യാനുള്ളതൊക്കെ ചെയ്യും. എന്നിട്ട് വാർത്താസമ്മേളനത്തിൽ അവർ ഖേദമറിയിച്ചേക്കും. അതുകൊണ്ട് എന്താ കാര്യമെന്നും ഷെയ്ൻ ചോദിച്ചു. താരസംഘടനയായ ‘അമ്മ’ തന്നെ കേൾക്കുമെന്നും കൂടെ നിൽക്കുമെന്നും തന്നെയാണ് വിശ്വാസമെന്നും ഷെയ്ൻ നിഗം പറഞ്ഞു.

തിരുവനന്തപുരത്ത് രാജ്യാന്തര ചലച്ചിത്രമേളയിൽ പങ്കെടുക്കാനെത്തിയ ഷെയ്ൻ നിഗം തിരുവനന്തപുരത്ത് സാംസ്കാരികവകുപ്പ് മന്ത്രി എ.കെ. ബാലനുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് ഐഎഫ്എഫ്കെയിൽ കുമ്പളങ്ങി നൈറ്റ്സ്, ഇഷ്ക് എന്നിങ്ങനെ ഷെയ്നിന്റെ രണ്ട് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നുണ്ട്.

സർക്കാർ ഒരു പക്ഷവും പിടിക്കാനില്ലെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി എ.കെ.ബാലൻ വ്യക്തമാക്കി. ഷെയ്നിന് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങളുണ്ടായിട്ടുണ്ട്. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ചില വിവാദപരാമർശങ്ങൾ നടത്തിയിട്ടുണ്ട്. ഷെയ്ൻ പ്രശ്നത്തിൽ സർക്കാരിന്‍റെ ഇടപെടൽ ആവശ്യപ്പെട്ടിട്ടില്ലെന്നും എ.കെ.ബാലൻ പറഞ്ഞു.

സിനിമാ വ്യവസായം സംരക്ഷിക്കുന്നതിനുള്ള ഇടപെടൽ സർക്കാർ നടത്തും. അല്ലാതെ ഒരു പക്ഷവും പിടിക്കില്ല. ഇത് സംഘടനകൾ ചർച്ച ചെയ്ത് പരിഹരിക്കേണ്ട വിഷയമാണ്. അത്തരത്തിൽ രമ്യമായി പരിഹരിക്കണം. ഷെയ്നിനെ ഭീകരവാദിയായി സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുകയാണ്. സർക്കാർ ഇടപെടൽ ആവശ്യപ്പെട്ടാൽ കഴിയാവുന്നത് ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook