scorecardresearch
Latest News

ഷെയ്‌നിനെ വിലക്കിയിട്ടില്ല, നിസഹകരണം മാത്രം: നിർമാതാക്കൾ

തങ്ങളോട് സഹകരിക്കാത്തവരോട് തിരിച്ച് സഹകരിക്കാതെയിരിക്കുകയാണ് ചെയ്തത്

Shane Nigam, ഷെയ്ൻ നിഗം, Olu film, ഓള്, Olu release, Shane Nigam latest films, Shaji N Karun, ഷാജി എൻ കരുൺ, ഓള് റിലീസ്, Indian express Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം

തിരുവനന്തപുരം: നടൻ ഷെയ്ൻ നിഗമിനെ സിനിമയിൽ നിന്ന് വിലക്കിയിട്ടില്ലെന്ന് നിർമാതാക്കൾ. തങ്ങളോട് സഹകരിക്കാത്തവരോട് തിരിച്ച് സഹകരിക്കാതെയിരിക്കുകയാണ് ചെയ്തതെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം.രഞ്ജിത്ത് പറഞ്ഞു. അഭിനേതാക്കളുടെ സംഘടയായ അമ്മ കൈമാറിയ ഷെയ്നിന്റെ കത്ത് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഷെയ്ൻ നിഗം നിലവിലെ സിനിമകൾ തീർത്ത് നഷ്ടം നികത്തണം. സിനിമാ സെറ്റുകളിൽ മയക്കുമരുന്ന് ഉപയോഗമുണ്ടെന്ന നിലപാടിൽ നിന്നും നിർമ്മാതാക്കൾ പിന്മാറിയിട്ടില്ല. സിനിമാ മേഖലയിലെ മറ്റ് പ്രശ്നങ്ങൾ മറ്റൊരു യോഗം വിളിച്ച് ചർച്ച ചെയ്യുമെന്നും രഞ്ജിത് പറഞ്ഞു.

Also Read: ഷെയ്‌നിനെ ഞാനെന്റെ അസിസ്റ്റന്റാക്കും, അവനെ വച്ച് സിനിമയും ചെയ്യും: രാജീവ് രവി

അതേസമയം സിനിമ മേഖലയിലെ പ്രശ്നം പരിഹരിക്കാന്‍ സമഗ്ര നിയമനിര്‍മാണം നടത്തുമെന്ന് മന്ത്രി എ.കെ.ബാലൻ പറഞ്ഞു. ഇത് സംബന്ധിച്ച കരട് രേഖ തയ്യാറായെന്നും അടൂര്‍ കമ്മിറ്റി റിപ്പോര്‍ട്ടും ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ടും പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. സെറ്റിലെ ലഹരി വിഷയത്തിൽ പരാതി ലഭിച്ചാൽ ഇടപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നേരത്തെ ഷെയ്നിനെ പിന്തുണച്ച് അഭിനേതാക്കളുടെ സംഘടനയായ അമ്മ രംഗത്തെത്തിയിരുന്നു. വിലക്ക് കാലഹരണപ്പെട്ട വാക്കാണെന്നും വിഷയം ചർച്ച ചെയ്ത് പരിഹരിക്കുമെന്നുമായിരുന്നു അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു പ്രതികരിച്ചത്. സംഭവത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഷെയ്‌നിന്‍റെ കുടുംബം അമ്മയ്ക്ക് കത്ത് നൽകിയിരുന്നു.

Also Read: സംഘടനാ നേതാക്കൾ വിധികർത്താക്കളാവരുത്; ഷെയ്നിനും ജീവിക്കാൻ അവകാശമുണ്ട്: സലിം കുമാർ

നിരവധി താരങ്ങളാണ് ഇന്നും ഷെയ്നിനെതിരായ വിലക്കിനെ എതിർത്ത് രംഗത്തെത്തിയത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അടക്കമുള്ള സംഘടനാ നേതാക്കൾ വിധികർത്താക്കളാകരുതെന്നും നമ്മളെ പോലെ തന്നെ ജീവിക്കാനും പണിയെടുക്കാനുമുള്ള അവകാശം ഷെയ്ൻ നിഗമിനുണ്ടെന്നും അയാൾക്ക്‌ കൂടി ശ്വസിക്കാനുള്ള വായുവാണ് ഇവിടെ ഉള്ളതെന്ന് ഓർക്കണമെന്നും നടൻ സലിം കുമാർ പറഞ്ഞു.

ഷെയ്ൻ നിഗത്തിന് പിന്തുണയുമായി രാജീവ് രവി, ബി.അജിത് കുമാർ, ഷാജി എൻ.കരുൺ തുടങ്ങിയവരെല്ലാം രംഗത്തു വന്നിരുന്നു. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഷെയ്നിനെ വിലക്കിയാൽ താൻ ഷെയ്നിനെ തന്റെ അസിസ്റ്റന്റാക്കുമെന്നും അദ്ദേഹത്തെ വച്ച് സിനിമ നിർമ്മിക്കുമെന്നും രാജീവ് രവി ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞിരുന്നു. ഷെയ്നിന്റെ പ്രായം പരിഗണിച്ച് കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി ‘ഗ്രൂം’ ചെയ്യുകയാണ് വേണ്ടത്. അല്ലാതെ മമ്മൂട്ടിയും മോഹൻലാലുമായി താരതമ്യപ്പെടുത്തുകയല്ല വേണ്ടതെന്നും രാജീവ് രവി കൂട്ടിച്ചേർത്തു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Shane nigam not banned from malayalam movies says producers