പ്രേക്ഷക പ്രശംസ നേടി തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ് ഷെയ്ൻ നിഗം നായകനായ ഇഷ്ക്. നവാഗതനായ അനുരാജ് മനോഹർ ആണ് ഇഷ്കിന്റെ സംവിധായകൻ. പല കോണിൽനിന്നും ചിത്രത്തിന് മികച്ച പ്രതികരണങ്ങൾ വരുമ്പോൾ ഇഷ്കിൽ അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ലിയോണ ലിഷോയ്. മരിയ എന്ന കഥാപാത്രത്തെയാണ് ലിയോണ ഇഷ്കിൽ അവതരിപ്പിച്ചത്.
Ishq Movie Review: സദാചാര പോലീസിംഗിന്റെ കരണത്തടിച്ച് ‘ഇഷ്ക്’
മരിയ എന്ന കഥാപാത്രമാകാൻ ധൈര്യം പകർന്നത് സംവിധായകൻ അനുരാജ് മനോഹറും തിരക്കഥാകൃത്ത് രതീഷ് രവിയുമാണെന്നാണ് ലിയോണ പറയുന്നത്. ”ഞാൻ ചെയ്യാത്ത ക്യാരക്ടറാണെന്നും എനിക്ക് ചെയ്യാൻ പറ്റുമെന്നും പറഞ്ഞത് അനുരാജേട്ടനാണ്. എനിക്ക് ധൈര്യം പകർന്നത് അനുരാജേട്ടന്റെയും രതീഷേട്ടന്റെയും വിശ്വാസമായിരുന്നു. എന്റെ ക്യാരക്ടർ മരിയ നന്മയുളള ക്യാരക്ടറാണ്. ഇഷ്കിന്റെ കഥ വായിച്ചു കഴിഞ്ഞപ്പോൾ ഞാൻ അനുരാജേട്ടനെ വിളിച്ചു, ചില ഡയലോഗുകളൊക്കെ ഭയങ്കര കട്ടിയായിരുന്നു, മാത്രമല്ല മോശം പദപ്രയോഗങ്ങളും ഉണ്ടായിരുന്നു. സിനിമ കാണുന്നവർക്ക് ഇതു ഇഷ്ടമാകുമോയെന്ന് അനുരാജേട്ടനോട് ഞാൻ ചോദിച്ചിരുന്നു. പിന്നീട് എനിക്ക് തോന്നി പ്രേക്ഷകരോട് പറയേണ്ട കഥയാണിതെന്ന്. പ്രേമിച്ചു നടന്നവർക്കെല്ലാം ഇഷ്കിലെ പോലെ സാഹചര്യം നേരിടേണ്ടി വന്നിട്ടുണ്ടാവും.”
ഇഷ്കിന്റെ ഷൂട്ടിങ് സമയത്തെ അനുഭവത്തെക്കുറിച്ച് ലിയോണ സംസാരിച്ചു. ”ഇഷ്കിന്റേത് ഭൂരിഭാഗവും നൈറ്റ് ഷൂട്ടായിരുന്നു. എന്റെ ഷൂട്ടിന്റെ സമയമായപ്പോഴേക്കും ഷെയ്നിന്റെയും (ഷെയ്ൻ നിഗം), ഷൈനിന്റെയും (ഷൈൻ ടോം ചാക്കോ), ആനിന്റെയും (ആൻ ശീതൾ) ഷൂട്ട് ഏകദേശം കഴിഞ്ഞിരുന്നു. അപ്പോഴേക്കും അവർക്ക് നൈറ്റ് ഷൂട്ട് ബുദ്ധിമുട്ടില്ലാതായി. പക്ഷേ എനിക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നു. ഷെയ്നും ഷൈനും ഷൂട്ട് കഴിഞ്ഞാലും ക്യാരക്ടറിനുളളിലാണ്. എന്റെ ഷൂട്ട് കഴിയുമ്പോൾ എനിക്ക് സംസാരിക്കാൻ ആരുമില്ലായിരുന്നു. അത് ഭയങ്കര ബുദ്ധിമുട്ടായിരുന്നു. എങ്കിലും ഞാൻ കുറേ കാര്യങ്ങൾ പഠിച്ച സിനിമയായിരിക്കും ഇഷ്ക്.”
Read: ‘ഇഷ്‌ക്’ ഒരു പ്രണയകഥ മാത്രമല്ല; സംവിധായകൻ അനുരാജ് മനോഹർ പറയുന്നു
മലയാളത്തിൽ വളരെ കുറച്ച് സിനിമകൾ മാത്രമേ ലിയോണ ചെയ്തിട്ടുളളൂ. മറഡോണ, കിടു എന്നീ ചിത്രങ്ങളിലെ ലിയോണയുടെ കഥാപാത്രം ശ്രദ്ധ നേടിയിരുന്നു. ”ഞാൻ തിരഞ്ഞെടുത്ത സിനിമകളൊക്കെ എന്നെ വിശ്വസിച്ച് ഏൽപ്പിച്ചവയാണ്. സിനിമയുടെ പുറകേ ഞാൻ പോയിട്ടില്ല. എല്ലാം വന്നു ചേർന്നവയാണ്, ഇഷ്കും അതുപോലെയാണ്,” ലിയോണ പറഞ്ഞു.
‘കുമ്പളങ്ങി നൈറ്റ്സി’ന്റെ ഗംഭീരവിജയത്തിനു ശേഷം തിയേറ്ററുകളിലെത്തുന്ന ഷെയ്ൻ നിഗം ചിത്രമാണ് ‘ഇഷ്ക്’. ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റ്‌സാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. രതീഷ് രവിയാണ് ‘ഇഷ്കി’ന്റെ തിരക്കഥ ഒരുക്കിയത്. ഷാൻ റബ്മാൻ സംഗീതം നിർവ്വഹിച്ചിരിക്കുന്നു. നോട്ട് എ ലവ് സ്റ്റോറി എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ.