കൊച്ചി: ഷെയ്ൻ നിഗം വിഷയത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് വ്യക്തമാക്കി നിർമാതാക്കൾ. ഷെയ്ൻ നിഗം ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോകേണ്ടെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നിർവ്വാഹക സമിതിയിൽ തീരുമാനം. അതേസമയം വിഷയത്തിൽ താരസംഘടനയായ അമ്മയുമായി തുടർ ചർച്ചകൾക്ക് തയ്യാറെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അറിയിച്ചു.

വിഷയത്തിൽ അമ്മയും നിർമാതാക്കളും തമ്മിൽ കഴിഞ്ഞ ദിവസം നടത്തിയ ഒത്തുതീർപ്പ് ചർച്ചയും പരാജയപ്പെട്ടിരുന്നു. ഷെയ്നിന്റെ വിലക്ക് പിൻവലിക്കില്ലെന്ന നിലപാടിൽ ഉറച്ച് നിർമാതാക്കൾ. ഒരു കോടി രൂപയെങ്കിലും നഷ്ടപരിഹാരം നൽകാതെ വിലക്ക് പിൻവലിക്കില്ലെന്നാണ് നിർമാതാക്കളുടെ നിലപാട്. ഇന്ന് ചേർന്ന നിർവ്വാഹക സമിതി യോഗം നിലപാടിൽ ഉറച്ച് നിൽക്കാൻ തീരുമാനിക്കുകയായിരുന്നു.

‘ഉല്ലാസം’ സിനിമയുടെ ഡബ്ബിംഗ് നടത്താതിരിക്കുകയും ‘വെയിൽ’, ‘കുർബാനി’ സിനിമകളുടെ ചിത്രീകരണം മുടങ്ങുകയും ചെയ്തതോടെയാണ് നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഷെയ്‌ൻ നിഗത്തിന് വിലക്കേർപ്പെടുത്തിയത്. ഫെഫ്കയും അമ്മയും അടക്കമുള്ള സംഘടനകൾ പ്രശ്‌നം ഒത്തുതീർപ്പാക്കാൻ നിരവധി തവണ ഇടപെട്ടിരുന്നു.

നഷ്ടപരിഹാരം നല്‍കി കൊണ്ടുള്ള ഒത്തുതീര്‍പ്പിനില്ലെന്ന ശക്തമായ നിലപാടാണ് ചര്‍ച്ചയില്‍ താരസംഘടനയായ അമ്മ സ്വീകരിച്ചത്. ഒരു കോടി കിട്ടാതെ ഷെയ്നിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കില്ലെന്ന് നിര്‍മ്മാതാക്കള്‍ ആവര്‍ത്തിച്ചതോടെ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook