ഷെയ്ൻ നിഗത്തിന് മലയാള സിനിമയിൽ നിർമാതാക്കളുടെ സംഘടന വിലക്ക് ഏർപ്പെടുത്തിയതുമായി ബന്ധപ്പെട്ട വിഷയമാണ് രണ്ടു ദിവസമായി സിനിമാലോകത്തെ പ്രധാന ചർച്ച. അച്ചടക്ക നടപടിയുടെ ഭാഗമായി നടൻ ഷെയ്ൻ നിഗമിനെ നിർമാതാക്കളുടെ സംഘടന വിലക്ക് ഏർപ്പെടുത്തിയതിനെ പ്രതികൂലിച്ചും അനുകൂലിച്ചും നിരവധി പേരാണ് രംഗത്തു വന്നു കൊണ്ടിരിക്കുന്നത്. തൊഴിലിൽ നിന്നും ഒരു വ്യക്തിയ്ക്ക് വിലക്കേർപ്പെടുത്താൻ ആർക്കും അധികാരമില്ലെന്നും അത് മൗലികാവകാശ ലംഘനമാണെന്നും നിരവധിയേറെ പേർ ചൂണ്ടികാണിക്കുന്നുമുണ്ട്.

താനറിയുന്ന ഷെയ്ന്‍ അച്ചടക്കമില്ലാത്തവനോ പണത്തിനായി വാശിപിടിക്കുന്നവനോ അല്ലെന്നും അഭിനയത്തിൽ നിന്നും ഷെയ്നിന് വിലക്ക് ഏർപ്പെടുത്തിയ സംഘടനാ നടപടി ശരിയല്ലെന്നും അഭിപ്രായപ്പെടുകയാണ് സംവിധായകൻ ഷാജി എന്‍ കരുണ്‍. ‘ഓള്’ എന്ന ചിത്രത്തിന്റെ സെറ്റിൽ ഷെയ്ൻ അച്ചടക്കവും സിനിമയോട് ആത്മാർത്ഥതയുമുള്ള ഒരു അഭിനേതാവായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

“എന്റെ സെറ്റില്‍ ഷെയ്ന്‍ അച്ചടക്കമുള്ള അഭിനേതാവായിരുന്നു.ഏതെങ്കിലും ഷോട്ട് എടുക്കാന്‍ മടിയോ വൈമുഖ്യമോ പ്രകടിപ്പിച്ചിട്ടില്ല. നൂറുശതമാനം കമിറ്റഡ് ആയിരുന്നു. നേരത്തെ ഷൂട്ട് തുടങ്ങുന്ന അവസരങ്ങളില്‍ പോലും അയാള്‍ സഹകരിച്ചിരുന്നു. നല്ല സിനിമയുടെ ഭാഗമാകാന്‍ എത്ര കഷ്ടപ്പെടാനും മടിയില്ലാത്ത അഭിനേതാവാണ്. സിനിമയോട് അയാള്‍ക്ക് പാഷനുണ്ട്,” ഷാജി എൻ കരുൺ പറഞ്ഞു.

“കാശിനു വേണ്ടി വാശി പിടിക്കുന്ന, സിനിമയെ ബിസിനസ് മാത്രമായി കാണുന്ന ഒരാളാണ് അയാള്‍ എന്ന് തോന്നിയിട്ടില്ല. ‘ഓളി’ന്റെ കാര്യമെടുത്താല്‍ വളരെ പരിമിതമായ ബജറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അന്ന് അയാള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന പ്രതിഫലം പോലും കൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒരു പരാതിയും ഇല്ലാതെ അതുമതിയെന്ന് പറഞ്ഞ് അയാള്‍ സഹകരിച്ചിട്ടുണ്ട്. നൂറുശതമാനം ആത്മാര്‍ത്ഥമായാണ് അയാള്‍ ‘ഓള്’ ചെയ്തത്. സിനിമയോടുള്ള അയാളുടെ ഇഷ്ടമാണ് മുന്നിട്ടു നിന്നത്. ”

“നല്ല കഴിവുള്ള പ്രതിഭയാണ് ഷെയ്ൻ, നല്ലൊരു ലോകമുണ്ടാകണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന ഒരാള്‍. ടാലന്‍ഡിന്റേതായ ഒരു സെന്‍സിറ്റീവ് സ്വഭാവമൊക്കെ അയാള്‍ക്കുണ്ട്. ഇമോഷണലി അയാള്‍ ഏറെ സെന്‍സിറ്റീവ് ആണ്. അങ്ങനെ എത്രയോ പ്രതിഭകള്‍ ഇല്ലേ നമുക്ക്? അറിവ് നേടണമെന്ന് ആഗ്രഹിക്കുന്ന, വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ ഉള്ളൊരു ചെറുപ്പക്കാരനാണ് ഷെയ്ന്‍. ഈ പറയുന്ന മയക്കുമരുന്നു ഉപയോഗത്തെ കുറിച്ച് എനിക്കറിയില്ല, എന്റെ സെറ്റില്‍ അയാള്‍ അങ്ങനെ വന്നിട്ടില്ല.”

അഭിനയത്തിൽ നിന്നും അയാൾക്ക് വിലക്ക് ഏർപ്പെടുത്തിയ സംഘടനയുടെ നടപടി ശരിയായില്ലെന്നും ഷാജി എൻ കരുൺ അഭിപ്രായപ്പെട്ടു. “അയാൾക്ക് അറിയാവുന്ന ഒരു തൊഴിലാണ് അഭിനയം, അയാളുടെ വരുമാനം അതിൽ നിന്നാണ്. അത് വിലക്കുന്നത് ശരിയല്ല. അംഗീകരിക്കാൻ കഴിയാത്തതൊരു തീരുമാനമാണത്. ഈ വിഷയത്തിൽ ഒരു പാരന്റൽ ഗൈഡൻസ് ആയിരുന്നു ആ ചെറുപ്പക്കാരനോട് വേണ്ടിയിരുന്നത്.​ എന്നാൽ ഒരുതരം സൂപ്പീരിയർ മനോഭാവത്തോടെ, അയാളുടെ ഭാഗം പൂർണമായി മനസ്സിലാക്കാൻ നിൽക്കാതെയാണ് അവർ കാര്യങ്ങൾ കണ്ടതും തീരുമാനം എടുത്തതും.” ഷാജി എൻ കരുൺ കൂട്ടിച്ചേർത്തു.

Read more: ഷെയ്‌നിനെ ഞാനെന്റെ അസിസ്റ്റന്റാക്കും, അവനെ വച്ച് സിനിമയും ചെയ്യും: രാജീവ് രവി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook