കൊച്ചി: നിര്‍മാതാക്കളുമായി ഇടഞ്ഞുനില്‍ക്കുന്ന നടന്‍ ഷെയ്‌ൻ നിഗത്തെ താരസംഘടനയായ ‘അമ്മ’ വിളിച്ചുവരുത്തും. ഷെയ്‌ൻ നിഗത്തിനു പറയാനുള്ള കാര്യങ്ങള്‍ സംഘടന കേള്‍ക്കും. ഷെയ്ന്‍ നിഗത്തെ കേട്ടശേഷമായിരിക്കും ഇക്കാര്യത്തില്‍ താരസംഘടന നിര്‍മാതാക്കളുമായി ചര്‍ച്ച നടത്തുക. പ്രശ്‌നപരിഹാരത്തിനുള്ള നീക്കങ്ങളാണ് അമ്മ നടത്തുന്നത്. ജനുവരി ഒന്‍പതിന് കൊച്ചിയില്‍വച്ചാണ് അമ്മ എക്‌സി‌ക്യൂട്ടീവ്. ഇതിലേക്കാണ് ഷെയ്ന്‍ നിഗത്തെ വിളിക്കുക.

ഷെയ്‌ൻ മാപ്പ് പറയാതെ വിട്ടുവീഴ്‌ച വേണ്ട എന്നാണ് നിർമാതാക്കളുടെ നിലപാട്. അതിനാലാണ് ‘അമ്മ’ നേരിട്ട് ഇടപെട്ട് പ്രശ്‌നപരിഹാരത്തിന് വഴി തേടുന്നത്. ഷെയ്‌നുമായി ‘അമ്മ’ ചർച്ച നടത്തുമെങ്കിലും അതിനുശേഷമുള്ള നിർമാതാക്കളുടെ നിലപാടായിരിക്കും നിർണായകമാകുക.

Read Also: Horoscope of the Week (Dec 29 -Jan 04 28 2019-2020): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

ഷെയ്‌ൻ നിഗം നേരത്തെ നിർമാതാക്കളോട് ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. തന്റെ ഏതെങ്കിലും പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് വ്യക്തമാക്കി ഷെയ്ൻ ഫെഫ്‌ക‌യ്ക്കും അമ്മയ്ക്കും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും കത്തയക്കുകയായിരുന്നു. നിർമാതാക്കൾക്ക് മനോവിഷമമാണോ മനോരോഗമാണോ എന്ന പ്രസ്താവനയിലാണ് ഷെയ്‌ൻ മാപ്പ് പറഞ്ഞത്. എന്നാൽ, മാപ്പു ചോദിച്ചുള്ള കത്ത് നിർമാതാക്കൾ തള്ളുകയാണ്. ഷെയ്‌ൻ നേരിട്ടുവന്ന് മാപ്പ് ചോദിക്കണമെന്നാണ് നിർമാതാക്കളുടെ നിലപാട്.

Read Also: ലോകകപ്പ് മുതൽ ടെസ്റ്റ് ആധിപത്യം വരെ; ഇന്ത്യൻ ക്രിക്കറ്റിനെ മാറ്റിമറിച്ച ദശകം

തിരുവനന്തപുരത്ത് നടന്ന രാജ്യാന്തര ചലച്ചിത്ര മേളയിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ഷെയ്നിന്റെ വിവാദ പരാമർശം. ഇതിനെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ രംഗത്തെത്തിയതിനെത്തുടർന്ന് നേരത്തേ ഷെയ്ൻ ഫെയ്സ്ബക്കിലൂടെ ഖേദം പ്രകടിപ്പിച്ചിരുന്നു. എന്നാൽ സോഷ്യൽ മീഡിയ വഴിയുള്ള ഖേദപ്രകടനം അംഗീകരിക്കാനാകില്ലെന്ന് നിർമാതാക്കൾ വ്യക്തമാക്കിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook