ഹബീബ് മുഹമ്മദ് എന്ന അബി ഒരു റിയല്‍ കലാകാരന് തന്നെയായിരുന്നു. ഓര്‍മ്മവച്ച നാള് മുതല്‍ അയാളുടെ മനസ്സു നിറയെ സിനിമയും പാട്ടുമായിരുന്നു. മൂവാറ്റുപുഴയിലെ അപ്സര തിയേറ്ററിനെ ചുറ്റിപ്പറ്റിയായിരുന്നു ആ കലാകാരന് വളര്‍ന്നത്. കൊച്ചിന് കലാഭവന്റെ മിമിക്രി വേദികളിലൂടെ കലാരംഗത്തെത്തിയ അബി പിന്നീട് സിനിമയിലേക്ക് ചുവടുമാറ്റം നടത്തി. അപ്പോഴും മിമിക്രിയെ കൈവിട്ടിരുന്നില്ല. എങ്കിലും സിനിമയില്‍ ആഗ്രഹിച്ച പോലെ വളരാന്‍ അബിക്കായില്ല. പക്ഷെ മകന് ഷെയ്ന് നിഗം തന്റെ പിതാവിന്റെ സ്വപ്നങ്ങള്‍ ജീവിച്ചു കാണിച്ചു. ബാപ്പച്ചി പക്ഷെ ഒരിക്കലും പറഞ്ഞിട്ടില്ല ഷെയ്നിനോട് ഒരു നടനാകണം എന്നൊന്നും.

ഇന്ത്യന്‍ എക്സ്പ്രസ്സിന് അനുവദിച്ച അഭിമുഖത്തില്‍ ഷെയ്ന് തന്റെ ബാപ്പച്ചിയെക്കുറിച്ച് പറഞ്ഞ വാക്കുകള്‍:
‘എനിക്ക് സാധിക്കാതെ പോയത് എന്റെ മകന് സാധിക്കണം എന്നൊക്കെ നമുക്ക് സിനിമയില്‍ പറയാം. ഇത് ജീവിതമല്ലേ. പുള്ളി ഒരിക്കലും എന്നോട് പറഞ്ഞിട്ടില്ല നീ ഒരു നടനാകണം എന്നോ അല്ലെങ്കില്‍ മറ്റെന്തെങ്കിലുമാകണമെന്നോ. അതൊക്കെ എന്റെ വഴിക്കു വിട്ടു തന്നു. അതിനൊക്കെ അപ്പുറത്താണ് ഞങ്ങള്‍ തമ്മിലുള്ള അടുപ്പം. എന്റെ സിനിമകള്‍ കണ്ട് അഭിപ്രായം പറയും. ഇഷ്ടമായാല്‍ ഇഷ്ടമായി എന്ന്, തിരുത്തേണ്ടതുണ്ടെങ്കില്‍ അങ്ങനെ. പക്ഷെ ഞാനങ്ങനെ ഒന്നും പറയാറില്ല. എനിക്ക് സിനിമയെ കുറിച്ച് അഭിപ്രായം പറയാനൊന്നും അറിയില്ല. ഞാനൊരു ക്രിട്ടിക് അല്ല. ചിലപ്പോള്‍ എല്ലാവരും നല്ലതെന്നു പറയുന്നത് എനിക്ക് ഇഷ്ടമായെന്നു വരില്ല. ആര്‍ക്കും ഇഷ്ടമാകാത്തത് ഇഷ്ടമായെന്നും വരു. ആളുകള്‍ ചില സിനിമകളെക്കുറിച്ച് അഭിപ്രായം പറയുന്നതു കേള്‍ക്കുമ്പോള്‍ ഞാന്‍ വിചാരിക്കാറുണ്ട് എന്റെ ആസ്വാദനത്തിന്റെ പ്രശ്നമാണെന്ന്. സിനിമകയെ കുറിച്ച് സംസാരിക്കാന്‍ ഇഷ്ടമാണ്. വീട്ടില്‍ ഞാനും ബാപ്പച്ചിയും, ഉമ്മയും പെങ്ങമ്മാരുമൊക്കെ ഇരുന്ന് അത്തരം ചര്‍ച്ചകള്‍ നടത്താറുമുണ്ട്.’

നല്ല സിനിമകളുടെ ഭാഗമായി മകന് വളരുന്നതു കണ്ട് ഏറെ സന്തോഷിച്ചിട്ടുണ്ടാകണം ആ അച്ഛന്. നടനാകാന്‍ പറഞ്ഞിട്ടില്ലെങ്കിലും, തനിക്ക് കഴിയാതെ പോയത് തന്റെ മകന് നേടുമ്പോള്‍ തീര്‍ച്ചയായും അബിയുടെ മനസ്സില്‍ അഭിമാനം നിറഞ്ഞിരിക്കും.