ആദ്യത്തെ കൺമണിയെ കാത്തിരിക്കുകയാണ് നടി ഷംന കാസിം. കഴിഞ്ഞ ദിവസമായിരുന്നു ഷംനയുടെ വളക്കാപ്പ് ചടങ്ങ് നടന്നത്. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ നടന്ന വളക്കാപ്പ് ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ ശ്രദ്ധ നേടിയിരുന്നു. ദീപ്‌തി വിധു പ്രതാപ്,രഞ്ജിനി ഹരിദാസ്, തെസ്നി ഖാൻ, സരയു, കൃഷ്ണ പ്രഭ, ശ്രുതി ലക്ഷ്മി, ശ്രീലയ എന്നിവർ ബേബി ഷവറിനായി എത്തി.
ഷംനയുടെ പുതിയ ഫൊട്ടൊഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. “നിങ്ങളുടെ ഉള്ളിൽ ഒരു ജീവൻ വളരുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ അത്ഭുതം” എന്ന് കുറിച്ചു കൊണ്ടാണ് ഷംന ചിത്രങ്ങൾ പങ്കുവച്ചത്. പീച്ച് നിറത്തിലുള്ള ഗൗണാണ് താരം ധരിച്ചത്. ഷംനയെ ആശംസകളറിയിക്കുന്നുണ്ട് ആരാധകർ.
ഒക്ടോബറിലായിരുന്നു നടി ഷംന കാസിമും ബിസിനസുകാരനുമായ ഷാനിദ് ആസിഫ് അലിയും തമ്മിലുള്ള വിവാഹം. ദുബായില്‍ വച്ചായിരുന്നു വിവാഹവും റിസപ്ഷനും നടന്നത്. റിസപ്ഷനിൽ നിന്നുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിരുന്നു ഷംന.
ബിസിനസ് കൺസൽട്ടന്റായ ഷാനിദ് ആസിഫ് അലിയാണ് ഷംനയെ വിവാഹം ചെയ്തത്. ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമാണ് ഷാനിദ്.
മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി തിരക്കേറിയ നടിയാണ് ഷംന കാസിം. പൂർണ എന്ന പേരിലാണ് താരം ഇതര ഭാഷാ സിനിമ മേഖലയിൽ അറിയപ്പെടുന്നത്. ‘മഞ്ഞുപോലൊരു പെൺകുട്ടി’ എന്ന സിനിമയിലൂടെയാണ് ഷംന അഭിനയത്തിലേക്ക് എത്തുന്നത്. പച്ചക്കുതിര, ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം, അലി ഭായ്, കോളേജ് കുമാരന്‍, അലിഭായ്, ചട്ടക്കാരി തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നല്ലൊരു നർത്തകി കൂടിയാണ് ഷംന.