ചൊവ്വാഴ്ച രാവിലെയാണ് നടി ഷംന കാസിമിനു ആൺകുഞ്ഞ് പിറന്നത്. ദുബായിലെ ആസ്റ്റർ ആശുപത്രിയിലാണ് ഷംന കുഞ്ഞിന് ജന്മം നൽകിയത്.വിവാഹ ശേഷം ഭർത്താവും ജെ.ബി.എസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകനുമായ ഡോ. ഷാനിദ് ആസിഫലിക്കൊപ്പം ദുബൈയിലാണ് താമസം. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഇവരുടെ വിവാഹം.
കുഞ്ഞിന്റെ പേര് ആരാധകരെ അറിയിച്ചിരിക്കുകയാണ് ഷംനയിപ്പോൾ. ഹംദാൻ എന്നാണ് കുഞ്ഞിന്റെ പേര്. ഷംനയുടെ ഭർത്താവ് ഷാനിദിന്റെ 24 വർഷത്തെ യു എ ഇ ജീവിതത്തിന്റെ ആദരവായി ദുബായിലെ കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻറാഷിദ് അൽ മക്തൂമിന്റെ പേരാണ് കുഞ്ഞിന് നൽകിയത്.
കണ്ണൂർ സ്വദേശിയായ ഷംന റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയയാകുന്നത്. 2004ല്‍ പുറത്തിറങ്ങിയ ‘മഞ്ഞുപോലൊരു പെണ്‍കുട്ടി’ എന്ന ചിത്രത്തിലൂടെയാണ് ഷംന അഭിനയരംഗത്തെത്തിയത്. കോളജ് കുമാരന്‍, മകരമഞ്ഞ്, ചട്ടക്കാരി, ഒരു കുട്ടനാടന്‍ വ്ളോഗ്, മധുര രാജ, ദൃശ്യം 2 തുടങ്ങി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു.
മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സജീവമാണ് ഷംന. നാനിയും കീര്‍ത്തി സുരേഷും പ്രധാനകഥാപാത്രങ്ങളായെത്തിയ ദസറയാണ് ഷംനയുടെ ഏറ്റവും പുതിയ റിലീസ്.