മലയാളം ബിഗ് ബോസിനൊപ്പം തെലുങ്ക് ബിഗ് ബോസ് ഷോയും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മലയാളത്തിൽ മോഹൻലാൽ അവതാരകനായി എത്തുമ്പോൾ തെലുങ്കിൽ നാഗാർജുനയാണ് ബിഗ് ബോസ് ഷോയുടെ അവതാരകൻ.
കഴിഞ്ഞ ദിവസം യുഗാദി സ്പെഷൽ എപ്പിസോഡായിരുന്നു തെലുങ്ക് ബിഗ് ബോസിൽ. കർണാടക, ആന്ധ്രാപ്രദേശ്, തെലുങ്കാന എന്നിവിടങ്ങളിലെ പുതുവത്സരാരംഭ ദിനമാണ് യുഗാദി എന്നറിയപ്പെടുന്നത്. കേരളീയർക്ക് വിഷു എന്നപോലെയാണ് തെലുങ്കർക്ക് യുഗാദി. യുഗാദി ആഘോഷങ്ങളുടെ ഭാഗമാവാൻ അതിഥിയായി ഷംന കാസിമും എത്തിയിരുന്നു.
നാഗാർജുനയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ബിഗ് ബോസ് ടീമിന് നന്ദി പറഞ്ഞിരിക്കുകയാണ് ഷംന.
മഞ്ഞുപോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെയായിരുന്നു ഷംന സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. നിരവധി മലയാളസിനിമകളിലും അഭിനയിച്ച ഷംന ഇപ്പോൾ തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലാണ് കൂടുതലായി അഭിനയിക്കുന്നത്. മധുരരാജ, മാർകോണി മത്തായി എന്നിവയാണ് ഷംന ഒടുവിൽ അഭിനയിച്ച മലയാളചിത്രങ്ങൾ.