ഒരു പഴയ സിനിമാ ഓർമ പങ്കുവയ്ക്കുകയാണ് നടനും ശബ്ദകലാകാരനും തിലകന്റെ മകനുമായ ഷമ്മി തിലകൻ. അച്ഛൻ തിലകൻ അഭിനയിച്ച ‘ഐസ്ക്രീം’ എന്ന സിനിമയിലെ ഒരു ഗാനരംഗവും അതിനു പിന്നിലെ ഓർമകളുമാണ് ഷമ്മി പങ്കുവയ്ക്കുന്നത്. ജോൺ പോളിന്റെ തിരക്കഥയിൽ ആന്റണി ഈസ്റ്റ്മാൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘ഐസ്ക്രീം’. തിലകൻ, ഭരത് ഗോപി, ലിസി, ജയരേഖ എന്നിവർ അഭിനയിച്ച ചിത്രത്തിൽ മമ്മൂട്ടി അതിഥിതാരമായും എത്തി. ചിത്രത്തിൽ അച്ഛന്റെ പാട്ടിന് തബല വായിച്ചത് താനായിരുന്നു എന്നാണ് ഷമ്മി തിലകൻ പറയുന്നത്.

“ഭരത് ഗോപി ചേട്ടനും, എന്റെ പിതാവും നായകന്മാരായും ലിസി, ജയരേഖ, എന്നിവർ നായികമാരായും മമ്മൂക്ക അതിഥി താരമായും അഭിനയിച്ച് ആന്റണി ഈസ്റ്റ്മാൻ സംവിധാനംചെയ്ത്, 1986-ൽ റിലീസ് ചെയ്ത ‘ഐസ്ക്രീം’ എന്ന സിനിമയിലെ ഒരു യുഗ്മഗാനം. പ്രേമമെന്നാലെന്ത്..? അതിൻ ദാഹമെന്നാലെന്ത്..? ആരോമലാളല്ലേ ചൊല്ലാമോ..? ഒരു തൂവലാലുള്ളം തലോടാമോ..?”

പുലിയൂർ സരോജ നൃത്തസംവിധാനം നിർവ്വഹിച്ച ഈ ഗാനരംഗത്തിൽ, സൂക്ഷിച്ചു നോക്കിയാൽ എന്നേയും കാണാം. ഗോപിയേട്ടന്റേയും, അച്ഛന്റേയും പാട്ടിന് താളം ഇടുന്ന തബലിസ്റ്റ് മറ്റാരുമല്ല; ഈ ഞാൻ തന്നെയാണ്.

കെ ജി ജോർജ്ജ് സാറിന്റെ കീഴിൽ സിനിമയിലും അച്ഛന്റെ കീഴിൽ നാടകത്തിലും സഹസംവിധായകനായി അന്ന് പ്രവർത്തിച്ചിരുന്നു ഞാൻ. പുലിയൂർ സരോജയുടെ നൃത്ത സംവിധാനം കണ്ട് മനസ്സിലാക്കുന്നതിനും ഭരത് ഗോപി എന്ന അതുല്യ പ്രതിഭയെ അടുത്ത് അറിയുന്നതിനും വേണ്ടിയാണ് അച്ഛനോടൊപ്പം ഷൂട്ടിംഗ് ലൊക്കേഷനിൽ പോയത്. ബോൾഗാട്ടി പാലസായിരുന്നു ലൊക്കേഷൻ. ഗാനരംഗത്തിൽ അഭിനയിക്കേണ്ടിയിരുന്ന തബലിസ്റ്റ് വരാതിരുന്നതിനാൽ ഷൂട്ടിംഗ് മുടങ്ങും എന്ന സാഹചര്യത്തിൽ അച്ചനും, ഗോപിയേട്ടനും കൂടി എന്നെ പിടിച്ചു തബലിസ്റ്റിന്റെ വേഷം കെട്ടിച്ചു. സ്വന്തം പിതാവ് അഭിനയിച്ച് പാടുന്ന പ്രണയ ഗാനത്തിന്, തബല വായിച്ച് താളം ഇട്ടു കൊടുത്ത് അഭിനയിക്കാനുള്ള ഭാഗ്യം ലോകസിനിമയിൽ തന്നെ ഒരു താരപുത്രനും അന്നും ഇന്നും സാധിച്ചിട്ടില്ല എന്നത് ചരിത്രം.

ഇന്നായിരുന്നെങ്കിൽ ഇങ്ങനെ ട്രോൾ വന്നേനെ, സ്വന്തം പിതാവ് അഭിനയിച്ച് പാടുന്ന പ്രണയ ഗാനത്തിന് തബല വായിച്ച് താളം ഇട്ടു കൊടുത്ത് അഭിനയിക്കാൻ പറ്റുമോ സക്കീർ ഭായീ നിങ്ങൾക്ക്..!?
പറ്റില്ല ഭായീ..! ബട്ട് ഐ കാൻ,” ഫേസ്ബുക്ക് കുറിപ്പിൽ ഷമ്മി തിലകൻ പറയുന്നു.

‘പ്രജ’ എന്ന ചിത്രത്തിലെ തന്റെ ശ്രദ്ധേയ ഡയലോഗ് മാറ്റിപറയുകയാണ് ഷമ്മി തിലകൻ. ട്രോളന്മാരുടെ പ്രിയപ്പെട്ട സിനിമഡയലോഗുകളിൽ ഒന്നാണ്, “കൂടെ നിക്കുന്നവന്റെ കുതികാല് കൊത്താൻ പറ്റുവോ സക്കീർ ഭായിക്ക്.. പറ്റില്ല ഭായി..ബട്ട് ഐ കാൻ,” എന്നത്.

Read more: ഇടവേളകളില്ലാതെ എന്റെ മുറിയിൽ ഉണ്ടായിരുന്ന ബാബു; പഴയ ചിത്രം പങ്കുവച്ച് ഷമ്മി തിലകൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook