മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സിനിമയാണ് ടി.കെ.രാജീവ് കുമാർ സംവിധാനം ചെയ്ത് 1990ൽ പുറത്തിറങ്ങിയ ‘ഒറ്റയാൾ പട്ടാളം’. മുകേഷും മധുബാലയും മുഖ്യവേഷങ്ങളിലെത്തിയ ചിത്രത്തിലെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രത്യേകിച്ച് വേണുഗോപാൽ ആലപിച്ച ‘മായാമഞ്ചലിൽ’ എന്ന ഗാനം.

മധുബാലയ്ക്കും മുകേഷിനും പുറമെ ഇടവേള ബാബു, ഷമ്മി തിലകൻ, ഇന്നസെന്റ്, കെപിഎസി ലളിത, വെട്ടുക്കിളി പ്രകാശ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ആ കാലത്തെ ഒരു ഓർമ്മയാണ് ‘പൂപ്പൽ പിടിച്ച ഒരു പഴംകാഴ്ച’ എന്ന പേരിൽ ഷമ്മി തിലകൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.

Read More: യോഗ വിട്ടൊരു കളിയില്ല; ശീർഷാസനം ചെയ്യുന്ന മലയാളികളുടെ പ്രിയതാരത്തെ മനസിലായോ?

ഷമ്മി തിലകനും ഇടവേള ബാബുവും ഒന്നിച്ച് ഒരു മുറിയിൽ ഇരിക്കുന്നതാണ് ചിത്രം. “ടി.കെ.രാജീവ് കുമാറിന്റെ ഒറ്റയാൾ പട്ടാളം സിനിമയിൽ അഭിനയിക്കുമ്പോൾ ഇടവേളകൾ ഇല്ലാതെ എന്റെ മുറിയിൽ ഉണ്ടായിരുന്ന ബാബു…!” എന്നും ചിത്രത്തോടൊപ്പം ഷമ്മി തിലകൻ കുറിച്ചു.

പ്രശസ്ത നടൻ തിലകന്റെ മകൻ കൂടിയായ ഷമ്മി തിലകൻ 1986ൽ പുറത്തിറങ്ങിയ ‘ഇരകൾ’ എന്ന ചലച്ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് കടക്കുന്നത്. പ്രതിനായക വേഷങ്ങളുടെ അവതരണത്തിലൂടെ ശ്രദ്ധ നേടിയിട്ടുള്ള ഇദ്ദേഹം ഹാസ്യവേഷങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 1993ൽ ‘ഗസൽ’ എന്ന ചലച്ചിത്രത്തിലൂടെ മികച്ച ഡബ്ബിങ് കലാകാരനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു.

മലയാളത്തിലെ ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ സെക്രട്ടറിയായ ഇടവേള ബാബു, 1982-ൽ പുറത്തിറങ്ങിയ ‘ഇടവേള’ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ഇടവേളയിൽ അഭിനയിച്ചതിന് ശേഷമാണ് അദ്ദേഹത്തിന് ഇടവേള ബാബു എന്ന പേര് ലഭിച്ചതും.

തിലകനെ അമ്മയിൽ നിന്നും പുറത്താക്കിയതോടെയാണ് ഷമ്മി തിലകനും ഇടവേള ബാബുവും തമ്മിൽ സ്വരച്ചേർച്ചയില്ലാതായത്. തിലകന്റെ മരണ ശേഷവും ഈ പ്രശ്നങ്ങൾ തുടർന്നു. തിലകനെതിരേയുള്ള വിലക്ക് പിന്‍വലിച്ച് പരസ്യമായി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് ഷമ്മി തിലകൻ രംഗത്തെത്തിയിരുന്നു. അമ്മ സെക്രട്ടറി ഇടവേള ബാബു അടക്കമുള്ളവര്‍ തിലകന്‍ സംഘടനയ്ക്ക് മുന്‍പാകെ സമര്‍പ്പിച്ച വിശദീകരണക്കുറിപ്പ് പൂഴ്ത്തിവയ്ക്കുകയായിരുന്നുവെന്നും ഷമ്മി തിലകന്‍ ആരോപിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook