മമ്മൂക്ക തന്ന ബോണസ്: ‘സ്ട്രീറ്റ് ലൈറ്റ്സ്’ സംവിധായകന്‍ ഷാംദത്ത്

“ഇത് ഫാന്‍സിന് ആഘോഷിക്കാന്‍ പറ്റിയ സിനിമയല്ല, എന്നാല്‍ മമ്മൂട്ടി എന്ന നടനെ യഥാര്‍ത്ഥത്തില്‍ ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്ന ഒന്നാണ്.” സ്ട്രീറ്റ് ലൈറ്റ്സിനെക്കുറിച്ച് സംവിധാകൻ ഷാംദത്ത് സൈനുദ്ദീൻ

shamdutt interview

മലയാളത്തിലെ ഒട്ടുമിക്ക നവാഗത സംവിധായകര്‍ക്കും അവരുടെ ആദ്യ സിനിമയിലേക്കുള്ള വഴി തുറന്നു കൊടുത്തിട്ടുള്ളത് മമ്മൂട്ടി എന്ന മെഗാസ്റ്റാറാണ്. ബ്ലെസി, വൈശാഖ്, അന്‍വര്‍ റഷീദ്, ആഷിഖ് അബു തുടങ്ങി മലയാളത്തിലെ എണ്ണം പറഞ്ഞ സംവിധായകരെല്ലാം തന്നെ ദക്ഷിണ കൊടുത്തു തുടങ്ങിയത് മമ്മൂട്ടിയില്‍ നിന്നാണ്. ആ നിരയിലേക്ക് ഇപ്പോള്‍ ഒരു പുതിയ പേരും, ഷാംദത്ത് സൈനുദ്ദീന്‍.

ഒരു സിനിമ സംവിധാനം ചെയ്യുക എന്ന സ്വപ്നവുമായി നടന്ന ഷാംദത്ത് എന്ന ക്യാമറാമാന്‍റെ കന്നി ചിത്രത്തിന് മമ്മൂക്ക സമ്മതം മൂളിയപ്പോള്‍ ഷാംദത്തിന് ആദ്യം സന്തോഷമായിരുന്നു. എന്നാല്‍ അയാളെത്തന്നെ വിസ്മയിപ്പിച്ചു കൊണ്ട് ചിത്രത്തിന്‍റെ നിര്‍മ്മാണവും മമ്മൂട്ടി ഏറ്റെടുത്തപ്പോള്‍ അതൊരു ബോണസായി.

‘മാസ്റ്റര്‍ പീസ്‌’ എന്ന ചിത്രത്തിന് ശേഷം മലയാളി കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമായി ‘സ്ട്രീറ്റ് ലൈറ്റ്സ്’ നാളെ തിയേറ്ററുകളില്‍ എത്തുമ്പോള്‍ ഷാംദത്തിന് പ്രതീക്ഷകളേറെയുണ്ട്, ആശങ്കകളും.

“ഏതൊരു പുതുമുഖ സംവിധായകനെയും പോലെ എന്‍റെ ഉള്ളിലും ടെന്‍ഷനാണ്. നാളെ ചിത്രം റിലീസ് ചെയ്യുകയാണ്. ഒരുപാട് പ്രതീക്ഷകളോടെയാണ് സ്ട്രീറ്റ് ലൈറ്റ്‌സ് ഞാന്‍ പ്രേക്ഷകര്‍ക്കു മുന്നിലേക്ക് വയ്ക്കുന്നത്. ഒരു സിനിമയുടെ അല്ല, മൂന്നു സിനിമയുടെ ഭാരമാണ് ചുമലില്‍.”

മലയാളം, തമിഴ്, തെലുങ്ക് എന്നീ മൂന്നു ഭാഷകളിലായാണ് സ്ട്രീറ്റ് ലൈറ്റ്‌സ് റിലീസ് ചെയ്യുന്നത്.

“ആദ്യം മലയാളത്തിലാണ് ഇറങ്ങുന്നത്. രണ്ടാഴ്ച കഴിഞ്ഞേ തമിഴില്‍ ഇറങ്ങൂ. മൊഴി മാറ്റമല്ല, റീമേക്ക് ആണ് തമിഴില്‍. മലയാളത്തില്‍ കഥ പറയുന്ന ഒരു പരിസരമല്ല തമിഴിലേത്. അവിടെ കഥ നടക്കുന്നത് ചെന്നൈയിലാണ്. സംഭാഷണത്തിലും വ്യത്യാസമുണ്ട്. തമിഴ് എന്നത് ഭംഗിയുള്ള ഒരു ഭാഷയല്ലേ. അതിന് മലയാളത്തില്‍ നിന്നും വ്യത്യാസമുണ്ട്. തമിഴില്‍ സംഭാഷണങ്ങള്‍ തയ്യാറാക്കിയതും ഞാന്‍ തന്നെയാണ്. അഭിനേതാക്കളും വേറെയാണ്. അതും കഴിഞ്ഞേ തെലുങ്കില്‍ ചിത്രമിറങ്ങൂ.

മൂന്നു ഭാഷകളിലും എങ്ങനെ സിനിമ സ്വീകരിക്കപ്പെടും എന്ന വലിയ ആശങ്ക പങ്കു വച്ചു കൊണ്ട് സംവിധായകന്‍ പറയുന്നു. ഛായാഗ്രാഹകനില്‍ നിന്നും സംവിധായകനിലേക്കുള്ള ചുവടുമാറ്റം കുറച്ചു കൂടി സ്വാതന്ത്ര്യം തരുന്നതായും ഷാംദത്ത് കൂട്ടിച്ചേര്‍ത്തു.

“ഇത്രയും കാലം ക്യാമറ കൈകാര്യം ചെയ്തുള്ള പരിചയം മാത്രമേ ഉണ്ടായിരുന്നുള്ള. സംവിധായകന്‍റെ വേഷത്തിലെത്തുമ്പോള്‍ സിനിമയ്ക്കു മുകളില്‍ എനിക്ക് കുറച്ചുകൂടി അധികാരമുണ്ട്. അപ്പോള്‍ എന്‍റെ സ്വാതന്ത്ര്യവും കൂടും, കൂടുതല്‍ വേഗത്തില്‍ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നു എന്നൊരു ഗുണവും ഉണ്ട്. ഛായാഗ്രാഹകനാകുമ്പോള്‍ സംവിധായകന്‍റെ നിര്‍ദ്ദേശങ്ങള്‍ നമ്മള്‍ പാലിക്കണം. ഈ ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍ എന്‍റെ സഹോദരനായ സാദത്ത് സൈനുദ്ദീനാണ്. ഫീല്‍ഡില്‍ നല്ല പരിചയമുള്ള ആളാണ്. എന്നെ നന്നായി അറിയാവുന്ന ആളാണ്. എനിക്കു വേണ്ടതെന്താണ് എന്ന ധാരണയും പുള്ളിക്കുണ്ട്. അതുകൊണ്ടുതന്നെ ഞങ്ങള്‍ക്കിടയില്‍ ആശയവിനിമയം കുറച്ചൂകൂടി എളുപ്പമായിരുന്നു.”

shaamdutt at work

”വെനീസിലെ വ്യാപാരി,’ ‘പ്രമാണി’ തുടങ്ങിയ ചിത്രങ്ങളിലെല്ലാം മമ്മൂട്ടിയ്ക്കൊപ്പം പ്രവര്‍ത്തിച്ച പരിചയമുണ്ട് ഷാംദത്തിന്. എന്നിട്ടും മമ്മൂക്കയ്‌ക്കൊപ്പം ഒരു സിനിമ ചെയ്യണം എന്നല്ല ഷാംദത്ത് ആലോചിച്ചത്, ഒരു സിനിമ ചെയ്യണം എന്ന് മാത്രമാണ്.

“മമ്മൂട്ടിയെ വച്ചൊരു സിനിമ ചെയ്യുക എന്നതായിരുന്നില്ല, ഒരു സിനിമ ചെയ്യുക എന്നതായിരുന്നു എന്‍റെ സ്വപ്നം. എന്‍റെ മനസ്സിലെ കഥകള്‍ പക്ഷെ ഞാന്‍ മമ്മൂക്കയോട് ഷെയര്‍ ചെയ്യാറുണ്ട്. കഥകള്‍ ആസ്വദിച്ചു കേള്‍ക്കുന്ന ഒരാളാണ് മമ്മൂക്ക. അതിനെ നല്ല രീതിയില്‍ വിമര്‍ശിക്കുകയും ചെയ്യും. സ്ട്രീറ്റ് ലൈറ്റ്‌സിനെ കുറിച്ചു പറഞ്ഞപ്പോള്‍ കഥ പറയാന്‍  പറഞ്ഞു. അപ്പോള്‍ തിരക്കഥ വായിക്കാമെന്നു ഞാനും പറഞ്ഞു. പക്ഷെ അതിന് ഒരുപാട് സമയമെടുക്കില്ലേ എന്നു മമ്മൂക്ക ചോദിച്ചു. പക്ഷെ ഒരു സിനിമ എന്നത് അതിന്‍റെ തിരക്കഥയാണെന്നു പറഞ്ഞപ്പോള്‍ ‘എന്നാല്‍ വായിക്കെന്നായി’ പുള്ളി. അങ്ങനെ ഞാന്‍ വായിച്ചു. മുഴുവന്‍ വായിച്ചു കഴിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു, ‘അഭിനയിക്കാന്‍ തയ്യാറാണെന്ന്’. കൂട്ടത്തില്‍ ‘ഈ സിനിമ ഞാന്‍ നിര്‍മ്മിക്കുന്നതില്‍ നിനക്ക് വിരോധമുണ്ടോ’ എന്നും ചോദിച്ചു. മമ്മൂക്ക അഭിനയിക്കാമെന്നു പറഞ്ഞതു തന്നെ വലിയ കാര്യം. ഒപ്പം നിര്‍മ്മാണവും പുള്ളി ചെയ്‌തോളാമെന്നു പറഞ്ഞപ്പോള്‍ എന്‍റെ സന്തോഷം ഇരട്ടിച്ചു. മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള പ്ലേ ഹൗസ് മോഷന്‍ പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.”

Mammootty
സ്ട്രീറ്റ് ലൈറ്റ്സിന്‍റെ ചിത്രീകരണത്തിനിടെ മമ്മൂട്ടി

മമ്മൂട്ടി വീണ്ടും കാക്കിയണിയുന്ന ചിത്രമാണ് സ്ട്രീറ്റ് ലൈറ്റ്‌സ്’. ഒരു ദിവസം നടക്കുന്ന കഥയാണ് ഈ സിനിമ എന്നും തീര്‍ത്തും പുതുമയുള്ള രീതിയിലാണ് കഥ പറച്ചില്‍ എന്നും ഷാംദത്ത്. ദൃശ്യങ്ങളിലും പുതുമയുണ്ടാകും എന്നൊരു ഉറപ്പും.

“ഇത് ഫാന്‍സിന് ആഘോഷിക്കാന്‍ പറ്റിയ സിനിമയല്ല, എന്നാല്‍ മമ്മൂട്ടി എന്ന നടനെ യഥാര്‍ത്ഥത്തില്‍ ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്ന ഒന്നാണ്. മമ്മൂട്ടി എന്ന നടനേയും മനുഷ്യനേയും നമുക്കറിയാം. സോഷ്യലി കമ്മിറ്റഡ് ആയ, എന്തു കാര്യങ്ങളും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് അദ്ദേഹം. ആ മമ്മൂട്ടിയെ ഇഷ്ടപ്പെടുന്നവര്‍ക്കുള്ളതാണ് ഈ ചിത്രം. ഏച്ചുകൂട്ടലുകളില്ലാതെ, കഥയുടെ ഒഴുക്കിനനുസരിച്ചാണ് സിനിമയുടെ സഞ്ചാരം. തമാശയ്ക്കുവേണ്ടി തമാശ കാണിക്കാനൊന്നും ശ്രമിച്ചിട്ടില്ല. പിന്നെ പൊളിറ്റിക്കലി കറക്ട് ആകാന്‍ ബോധപൂര്‍വമുള്ള ശ്രമങ്ങളും നടത്തിയിട്ടില്ല. ജീവിതത്തില്‍ രാഷ്ട്രീയമില്ലാത്ത ഒരു സാധാരണ മനുഷ്യനാണ് ഞാന്‍. എന്‍റെ സിനിമയും അങ്ങനെയാണ്.”, ഷാംദത്ത് പറഞ്ഞു നിര്‍ത്തി.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Shamdat sainudheen on his directorial debut street lights with mammootty

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express