വീടും സ്ഥലവും ജപ്തി ചെയ്യാൻ ഉത്തരവായെന്ന വാർത്തകൾ നിഷേധിച്ച് നടി ശാലു മേനോൻ. ജപ്തി ചെയ്യാൻ ഉത്തരവ് വന്നുവെന്ന് പറയപ്പെടുന്ന വീട്ടിലാണ് താനിപ്പോഴും താമസിക്കുന്നതെന്നും കോടതിയിൽനിന്നും ഇങ്ങനെ ഒരു നടപടി ഉണ്ടായിട്ടില്ലെന്നും ശാലു മേനോൻ മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

സോളാർ തട്ടിപ്പു കേസിലെ പ്രതിയായ ശാലു മേനോന്റെ വീടും സ്ഥലവും ജപ്തി ചെയ്യാൻ ഉത്തരവായെന്നായിരുന്നു സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിച്ചത്. ”കേസ് കോടതിയിൽ ഉളളപ്പോൾ ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ മാനസിക സംഘർഷമുണ്ടാക്കും. കേസിന്റെ വിചാരണയും സാക്ഷി വിസ്താരവും തുടങ്ങാൻ പോകുന്നതേയുളളൂ. എന്നെ അറസ്റ്റ് ചെയ്ത സമയത്ത് സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ഉത്തരവ് ഉണ്ടായിരുന്നു. അത് 2013ൽ വന്നതാണ്. അതല്ലാതെ, ഇപ്പോൾ നിലവിൽ സാക്ഷിവിസ്താരം പോലും നടക്കാത്ത കേസിൽ ഇങ്ങനെ ഒരു നടപടി ഉണ്ടായിട്ടില്ല,” അഭിമുഖത്തിൽ ശാലു മേനോൻ പറഞ്ഞു.

”കേസും അറസ്റ്റുമെല്ലാം കഴിഞ്ഞിട്ട് അഞ്ചു വർഷമായി. അതിനുശേഷവും ഇത്തരത്തിലുളള വാർത്തകൾ വരുന്നത് മാനസിക സംഘർഷമുണ്ടാക്കുന്നു. വാർത്ത കേട്ടപ്പോൾ ആദ്യം സങ്കടം തോന്നി. പക്ഷേ മാതാപിതാക്കളും ഡാൻസ് സ്കൂളിലെ കുട്ടികളും വലിയ പിന്തുണ നൽകി. സ്റ്റേജ് പരിപാടികളും ഡാൻസ് സ്കൂളുമായാണ് ഞാൻ ഇപ്പോൾ മുന്നോട്ടുപോകുന്നത്,” അഭിമുഖത്തിൽ ശാലു പറഞ്ഞു.

സോളാർ തട്ടിപ്പു കേസിലെ ഒന്നാം പ്രതിയായ ബിജു രാധാകൃഷ്ണനുമായി ചേർന്ന് പണം തട്ടിയെടുത്തുവെന്നാണ് ശാലു മേനോനെതിരായ കേസ്. കേസിലെ രണ്ടാം പ്രതിയാണ് ശാലു. കേസിൽ ശാലു മേനോൻ അറസ്റ്റിലാവുകയും പിന്നീട് പുറത്തിറങ്ങുകയും ചെയ്തിരുന്നു. ചങ്ങനാശ്ശേരിയിൽ ശാലു മേനോന്റെ വീട് നിർമ്മിച്ചു നൽകിയത് ബിജു രാധാകൃഷ്ണനാണെന്നും ആരോപണം ഉയർന്നിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ