മലയാളകരയിലും ഏറെ ആരാധകരുള്ള താരമാണ് അജിത്. ശാലിനിയുമായുള്ള വിവാഹത്തിനു ശേഷം അജിത്ത് മലയാളികൾക്കും കൂടുതൽ പ്രിയപ്പെട്ട താരമാകുകയായിരുന്നു. തെന്നിന്ത്യൻ സിനിമയിലെ പോപ്പുലർ താരദമ്പതികളൊന്നായ അജിത്തിന്റെയും ശാലിനിയുടെയും വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ആവേശമാണ്.
സോഷ്യൽ മീഡിയയിലൊന്നും അത്ര സജീവമല്ല അജിത്തും ശാലിനിയും. ഈ അടുത്ത കാലത്താണ് ശാലിനി ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് ആരംഭിച്ചത്. കുടുംബചിത്രങ്ങളും മറ്റും ഈ അക്കൗണ്ടിലൂടെ ശാലിനി ഷെയർ ചെയ്യാറുണ്ട്. അജിത്തിനൊപ്പമുള്ള ചിത്രമാണിപ്പോൾ ശാലിനി പങ്കുവച്ചിരിക്കുന്നത്. ഇരുവരും ക്രൂസിൽ യാത്ര ചെയ്യുകയാണ്. അവധി ആഘോഷിക്കുന്നതിനിടയിൽ പകർത്തിയ ചിത്രമെന്നാണ് വ്യക്തമാകുന്നത്. ഒരു സിനിമ സ്റ്റൈൽ ഫ്രെയിം പോലെ അതിമനോഹരമാണ് ചിത്രങ്ങൾ.
റോയൽ കപ്പിൾസ്, എവർഗ്രീൻ കപ്പിൾ, ക്യൂട്ട് കപ്പിൾ തുടങ്ങിയ വിശേഷണങ്ങൾ ചിത്രത്തിനു താഴെ നിറയുന്നുണ്ട്. എങ്ങനെയാണ് അജിത്തിനു തന്റെ പ്രൊഫഷനും ഫാമിലി ലൈഫും ഒരു പോലെ കൊണ്ടു പോകാനാകുന്നതെന്നും ആരാധകർ ചോദിക്കുന്നു. അജിത്ത് സോഷ്യൽ മീഡിയയിൽ ഒട്ടും തന്നെ സജീവമല്ല. ശാലിനി തന്റെ പ്രൊഫൈലിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ അജിത്ത് ആരാധകരുടെ ആശ്വാസം.
1999 ൽ ‘അമര്‍ക്കളം’ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴാണ് അജിത്തും ശാലിനിയും പ്രണയത്തിലാകുന്നത്. തുടർന്ന് ഏപ്രില്‍ 2001 ന് ഇരുവരും വിവാഹിതരായി. വിവാഹ ശേഷം ശാലിനി സിനിമാ രംഗത്തേയ്ക്ക് തിരിച്ചെത്തിയില്ല. മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മഞ്ജു വാര്യർക്കൊപ്പം എത്തിയ ‘തുനിവ്’ ആണ് അജിത്തിന്റെ അവസാനം റിലീസിനെത്തിയ ചിത്രം. പൊങ്കൽ റിലീസായെത്തിയ ചിത്രം 200 കോടിയിലധികം നേടിയിരുന്നു.