ബാലതാരമായി സിനിമയില്‍ എത്തി പിന്നീട് നായികയായ വളര്‍ന്ന്, തമിഴകത്തിന്റെ പ്രിയതാരം അജിത്തിനെ വിവാഹം ചെയ്തതിനു ശേഷം സിനിമയുടെ വെള്ളിവെളിച്ചത്തോട് വിട പറഞ്ഞ നടിയാണ് ശാലിനി. ക്യാമറക്കണ്ണുകളിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നുമെല്ലാം അകന്ന് സ്വൈര്യജീവിതം നയിക്കുകയാണ് ശാലിനി ഇപ്പോൾ.
അടുത്തിടെ ശാലിനിയുടേത് എന്ന പേരിൽ ട്വിറ്ററിൽ ഒരു അക്കൗണ്ട് പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ അത് ഫേക്ക് അക്കൗണ്ടാണെന്ന് വ്യക്തമാക്കി കൊണ്ട് രംഗത്തു വന്നിരിക്കുകയാണ് അജിത്തിന്റെ മാനേജറായ സുരേഷ് ചന്ദ്ര. “ശ്രീമതി ശാലിനി അജിത്കുമാറിന്റെ പേരിൽ ഒരു വ്യാജ ട്വിറ്റർ അക്കൗണ്ട് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അവർ ട്വിറ്ററിൽ ഇല്ലെന്ന് വ്യക്തമാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ദയവുചെയ്ത് വ്യാജ അക്കൗണ്ട് അവഗണിക്കുക,” എന്നാണ് സുരേഷ് ചന്ദ്ര ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഏതാനും ദിവസങ്ങൾക്ക് മുൻപ് പ്രത്യക്ഷപ്പെട്ട അക്കൗണ്ടിന് ഇതിനകം തന്നെ ഏഴായിരത്തിൽപ്പരം ഫോളോവേഴ്സ് ആണുള്ളത്.
അടുത്തിടെ, ശാലിനി വീണ്ടും അഭിനയത്തിലേക്ക് വരുന്നു എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. വിവാഹത്തോടെ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന ശാലിനി മണിരത്നം ചിത്രം ‘പൊന്നിയിൻ സെൽവനിൽ’ അതിഥിവേഷത്തിലെത്തുന്നു എന്നാണ് പുറത്തുവന്ന വാർത്തകൾ. എന്നാൽ ശാലിനിയോ അജിത്തോ ബന്ധപ്പെട്ട വൃത്തങ്ങളോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
20 വർഷത്തോളമായി അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് ശാലിനി. ‘പിരിയാത വരം വേണ്ടും’ എന്ന ചിത്രത്തിൽ ആയിരുന്നു ശാലിനി അവസാനം അഭിനയിച്ചത്. 2000ൽ ആയിരുന്നു അജിത്തുമായുള്ള ശാലിനിയുടെ വിവാഹം.
Read more: അനിയത്തിയ്ക്ക് ഒപ്പം സ്റ്റൈലിഷ് ലുക്കിൽ ശാലിനി; വൈറലായി ചിത്രങ്ങൾ