വിവാഹശേഷം സിനിമയോട് വിട പറഞ്ഞ് സ്വസ്ഥമായി കുടുംബജീവിതം നയിക്കുകയാണ് മലയാളികളുടെ പ്രിയതാരം ശാലിനി. പൊതുചടങ്ങുകളിലും പാർട്ടികളിലുമെല്ലാം അപൂർവ്വമായി മാത്രമേ ശാലിനി പങ്കെടുക്കാറുള്ളൂ. സോഷ്യൽ മീഡിയയിൽ പോലും ആക്റ്റീവല്ല താരം.
ശാലിനിയുടെ സഹോദരിയും നടിയുമായ ശ്യാമിലി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. ബ്ലാക്ക് ഡ്രസ്സിലാണ് അനിയത്തിയും ചേച്ചിയും. “എല്ലാ രാത്രികളും ലേഡീസ് നൈറ്റ് ആണെന്നാണ്,” ചിത്രം പങ്കുവച്ച് ശ്യാമിലി കുറിക്കുന്നത്.
ബേബി ശാലിനിയേയും അനിയത്തി ശ്യാമിലിയേയും പോലെ മലയാളികളുടെ ഹൃദയം കവർന്ന ബാലതാരങ്ങൾ മലയാളസിനിമയിൽ വേറെ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. മാമാട്ടിക്കുട്ടിയായും മാളൂട്ടിയായുമൊക്കെ പ്രേക്ഷകരുടെ ഹൃദയം കവർന്ന സഹോദരിമാരുടെ വിശേഷങ്ങൾ അറിയാൻ ഇന്നും മലയാളികൾക്ക് കൗതുകമാണ്.
ബാലതാരങ്ങളായി പ്രേക്ഷകരുടെ ഇഷ്ടം കവർന്ന ശാലിനി പിന്നീട് ഒരിടവേളയ്ക്ക് ശേഷം നായികയായി സിനിമയിലേക്ക് തിരിച്ചെത്തുകയും നിരവധിയേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാവുകയും ചെയ്തു. തമിഴ് താരം അജിത്തുമായുള്ള പ്രണയവിവാഹത്തിനു ശേഷം അഭിനയത്തിനോട് വിട പറഞ്ഞ് കുടുംബ ജീവിതത്തിന്റെ തിരക്കുകളിലേക്ക് ശാലിനി ചേക്കേറിയതിനു ശേഷമാണ് അനിയത്തി ശ്യാമിലിയുടെ രണ്ടാം വരവ്. സിദ്ധാർത്ഥ് നായകനായ ‘ഒയേ’ എന്ന തെലുങ്ക് ചിത്രത്തിൽ നായികയായി കൊണ്ടായിരുന്നു ശ്യാമിലിയുടെ രണ്ടാം വരവ്.
കുഞ്ചാക്കോ ബോബൻ നായകനായ ‘വള്ളിയും തെറ്റി പുള്ളിയും തെറ്റി’ എന്ന ചിത്രത്തിലും ശ്യാമിലി നായികയായി അഭിനയിച്ചിരുന്നു. രണ്ടാം വരവിൽ നാലോളം ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും ചിത്രങ്ങൾ ശ്രദ്ധിക്കപ്പെടാത്തതിനെ തുടർന്ന് അഭിനയത്തിൽ നിന്നും ബ്രേക്ക് എടുത്ത് പഠന തിരക്കുകളിൽ മുഴുകുകയായിരുന്നു ശ്യാമിലി.
കുട്ടിക്കാലം മുതൽ തന്നെ ചിത്രകലയിൽ താൽപര്യമുള്ള ശ്യാമിലി അടുത്തിടെ ഒരു പെയിന്റിങ് എക്സ്ബിഷനിൽ തന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നു. ‘Diverse Perceptions’ എന്ന പേരിൽ ബെംഗളൂരുവിലെ ശേഷാദ്രിപുരത്തെ ഇളങ്കോസ് ആർട് സ്പെയ്സിൽ സംഘടിപ്പിച്ച എക്സിബിഷനിലാണ് ശ്യാമിലി വരച്ച ചിത്രങ്ങൾ പ്രദർശിപ്പിച്ചത്. ശ്യാമിലിയെ കൂടാതെ അഫ്ഷാന ഷർമീൻ, ഐശ്വര്യ.ആർ, കാന്തിമതി, പ്രമീള ഗോപിനാഥ്, റീന ഡി.കൊച്ചാർ, ശങ്കർ സുന്ദരം, വിനിത ആനന്ദ് എന്നിങ്ങനെ ആറു ആർട്ടിസ്റ്റുകളുടെ ചിത്രങ്ങളും എക്സിബിഷന്റെ ഭാഗമായി പ്രദർശിപ്പിച്ചിരുന്നു.
Read more: അഭിനയം മാത്രമല്ല; ശ്യാമിലിക്ക് വരയും വഴങ്ങും