തമിഴകത്തിനു മാത്രമല്ല, മലയാളി പ്രേക്ഷകരെ സംബന്ധിച്ചും പ്രിയപ്പെട്ട താരജോഡികളാണ് അജിത്തും ശാലിനിയും. ശാലിനിയെ വിവാഹം ചെയ്ത് മലയാളത്തിന്റെ മരുമകനായ അജിത്തിന് കേരളത്തിലുമുണ്ട് നിറയെ ആരാധകര്‍. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും കുടുംബചിത്രങ്ങളുമൊക്കെ കാണാൻ ആരാധകർക്ക് എന്നും ആവേശമാണ്.
സോഷ്യൽ മീഡിയയിലൊന്നും അത്ര സജീവമല്ലായിരുന്നു ശാലിനി. ഈ അടുത്താണ് ശാലിനി ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് ആരംഭിച്ചത്. ശാലിനി അജിത്ത്കുമാർ എന്ന പേരിൽ തുടങ്ങിയ പേജിൽ ലക്ഷകണക്കിനു ഫോളോവേഴ്സാണുള്ളത്. ആരാധകർക്ക് പുതുവത്സരാശംസകൾ നേർന്ന് ശാലിനി പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കുടുംബത്തിനൊപ്പമുള്ള ചിത്രമാണ് താരം ഷെയർ ചെയ്തിരിക്കുന്നത്. ആരാധകർ തിരിച്ചും അജിത്തിനും ശാലിനിക്കും ആശംസ അറിയിച്ചിട്ടുണ്ട്.
1999 ൽ അമർകളം എന്ന ചിത്രത്തിൻെറ ഷൂട്ടിങ്ങ് സമയത്താണ് അജിത്തും ശാലിനിയും പ്രണയത്തിലാകുന്നത്. പിന്നീട് 2000 ഏപ്രിൽ 24 നാണ് ഇരുവരും വിവാഹിതരായത്. 2008 ൽ ശാലിനി ഒരു പെൺകുഞ്ഞിനു ജന്മം നൽകി. തുടർന്ന് 2015 ൽ ഒരു ആൺകുഞ്ഞും ജനിച്ചു.
എച്ച് വിനോദിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന തുനിവ് ആണ് അജിത്തിന്റെ പുതിയ ചിത്രം. നടി മഞ്ജു വാര്യരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. വലിയ സ്വീകാര്യതയാണ് ട്രെയിലറിനു ലഭിച്ചത്.