തമിഴ് സിനിമാലോകത്തെ ഏറ്റവും പോപ്പുലറായ താരദമ്പതികളാണ് അജിത്തും ശാലിനിയും. ഇരുവരും ഒന്നിച്ചുളള ഒരു ഫൊട്ടൊയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പൊതുയിടങ്ങളിൽ അത്ര പ്രത്യക്ഷപ്പെടാത്ത താരങ്ങളെ ഒന്നിച്ചു കണ്ടതിൻെറ സന്തോഷത്തിലാണ് ആരാധകർ.
1999 ൽ പുഖത്തിറങ്ങിയ ‘അമർക്കളം’ എന്ന സിനിമയുടെ ചിത്രീകരണ സമയത്താണ് അജിത്തും ശാലിനിയും പ്രണയത്തിലാവുന്നത്. “കണ്ടുമുട്ടാൻ വിധിക്കപ്പെട്ടവാരായിരുന്നു ഞങ്ങൾ” എന്നാണ് തങ്ങളുടെ ബന്ധത്തെപ്പറ്റി അജിത്ത് ഒരു അഭിമുഖത്തിൽ പറഞ്ഞത്. ‘അമർക്കളം’ എന്ന ചിത്രത്തിൽ അഭിനയിക്കാനായി ശാലിനിയെ അജിത്ത് ഒരുപാട് നിർബന്ധിച്ചിട്ടുണ്ടെന്നും ആ സമയത്തു ശാലിനി ഉന്നത വിദ്യാഭ്യാസത്തിനായി തയ്യാറെടുക്കുകയായിരുന്നെന്നും ‘ബില്ല’ എന്ന ചിത്രത്തിൻെറ പ്രമോഷനിടയിൽ അജിത്ത് പറഞ്ഞിട്ടുണ്ട്.
“അമർക്കളത്തിൻെറ നിർമ്മാതാക്കൾ ശാലിനിയെ സമീപിച്ചപ്പോൾ അവർക്ക് അഭിനയിക്കാൻ താത്പര്യം ഉണ്ടായിരുന്നില്ല. തുടർന്ന് പഠിക്കാനായിരുന്നു തീരുമാനം. പിന്നീട് അണിയറപ്രവർത്തകർ എന്നോട് ചോദിക്കുകയായിരുന്നു നിങ്ങളൊന്ന് പറഞ്ഞു നോക്കുമോ എന്ന്” അജിത്ത് പറഞ്ഞു.
“ഞാൻ അജിത്ത് എനിക്ക് നിങ്ങളുടെ കൂടെ വർക്ക് ചെയ്യാൻ താത്പര്യമുണ്ട് എന്നാണ് ശാലിനിയെ വിളിച്ച് പറഞ്ഞത്. എനിക്കിപ്പോൾ അഭിനയിക്കാൻ താത്പര്യമില്ല, പഠിക്കാനാണ് തീരുമാനം എന്നായിരുന്നു ശാലിനിയുടെ മറുപടി” അജിത്ത് കൂട്ടിച്ചേർത്തു. ശാലിനിയാണ് തൻെറ സിനിമകളുടെ ഏറ്റവും വലിയ വിമർശകയെന്നും സിനിമയെക്കുറിച്ചുളള അഭിപ്രായങ്ങൾ തുറന്നു പറയുന്ന ആളാണ് ശാലിനിയെന്നും അജിത്ത് പറയുന്നു.
2000 ലാണ് അജിത്തും ശാലിനിയും വിവാഹിതരായത്. അനൗഷ്ക, അദ്വൈക് എന്നു പേരുളള രണ്ടു കുട്ടികളും ഇവർക്കുണ്ട്.