തെന്നിന്ത്യയുടെ പ്രിയതാരവും തല അജിത്തിന്റെ നല്ല പാതിയുമായ ശാലിനി വീണ്ടും അഭിനയത്തിലേക്ക് എന്ന് റിപ്പോർട്ടുകൾ. വിവാഹത്തോടെ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന ശാലിനി മണിരത്നം ചിത്രം ‘പൊന്നിയിൻ സെൽവനിൽ’ അതിഥിവേഷത്തിലെത്തുന്നു എന്നാണ് പുറത്തുവരുന്ന വാർത്തകൾ. ചിത്രത്തിൽ ശക്തമായൊരു കഥാപാത്രത്തെയാണ് ശാലിനി അവതരിപ്പിക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.
20 വർഷത്തോളമായി അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന ശാലിനി തിരികെയെത്തുന്നു എന്ന വാർത്ത ആരാധകരും സന്തോഷത്തോടെയാണ് സ്വാഗതം ചെയ്യുന്നത്. ‘പിരിയാത വരം വേണ്ടും’ എന്ന ചിത്രത്തിൽ ആയിരുന്നു ശാലിനി അവസാനം അഭിനയിച്ചത്. 2000ൽ അജിത്തുമായുള്ള വിവാഹത്തിനു ശേഷം അഭിനയ രംഗത്തും നിന്നും ശാലിനി വിട്ടു നിൽക്കുകയായിരുന്നു. സോഷ്യൽ മീഡിയയിൽ പോലും സജീവമല്ല താരം ഇപ്പോൾ.
Read more: അനിയത്തിയ്ക്ക് ഒപ്പം സ്റ്റൈലിഷ് ലുക്കിൽ ശാലിനി; വൈറലായി ചിത്രങ്ങൾ
നിരവധി താരങ്ങൾ അണിനിരക്കുന്ന മണിരത്നം ചിത്രമാണ് ‘പൊന്നിയിൻ സെൽവൻ’. ഐശ്വര്യറായി ബച്ചൻ, ചിയാൻ വിക്രം, കാർത്തി, ജയം രവി, തൃഷ, ജയറാം, ഐശ്വര്യ ലക്ഷ്മി, നാസർ, സത്യരാജ്, പാർത്ഥിപൻ, ശരത് കുമാർ, ലാല്‍, റഹ്മാന്, പ്രഭു, അദിതി റാവു ഹൈദരി, വിക്രം പ്രഭു തുടങ്ങി വലിയ താരനിര തന്നെ ഈ പീരീഡ് ചിത്രത്തിലുണ്ട്. കൽക്കി കൃഷ്ണമൂർത്തിയുടെ പ്രശസ്ത നോവലിനെ ആസ്പദമാക്കി ഒരുങ്ങുന്ന ‘പൊന്നിയിൻ സെൽവ’നിൽ ഇരട്ട വേഷത്തിലാണ് ഐശ്വര്യ റായ് ബച്ചന് എത്തുന്നത്.
ലൈക്ക പ്രൊഡക്ഷൻസ്, മദ്രാസ് ടാല്‍കീസ് എന്നിവര്‍ സംയുക്തമായി നിർമ്മിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം രണ്ടു ഭാഷകളിലായി റിലീസ് ചെയ്യും. പൊന്നിയിന്‍ സെല്വന്’ എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മണിരത്നം, കുമരവേല്, ജയമോഹന് (സംഭാഷണം) എന്നിവര്‍ ചേര്‍ന്നാണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് രവി വര്മ്മന്, ചിത്രസന്നിവേശം ശ്രീകര്‍ പ്രസാദ്, കലാസംവിധാനം തൊട്ടാധരണി, സംഗീതം എ ആര് റഹ്മാന്.