നടി ഷക്കീലയുടെ ജീവിതത്തെ ആസ്പദമാക്കി ഇന്ദ്രജിത് ലങ്കേഷ് സംവിധാനം ചെയ്യുന്ന ‘ഷക്കീല-നോട്ട് എ പോണ്‍സ്റ്റാര്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു. ചിത്രത്തില്‍ ഷക്കീലയുടെ വേഷം അവതരിപ്പിക്കുന്ന റിച്ച ചദ്ദയാണ് സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റര്‍ പങ്കുവച്ചത്. ‘ബോള്‍ഡ് ആന്‍ഡ് ഫിയര്‍ലെസ്സ്’ എന്നാണ് റിച്ച ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.
കന്നഡ സംവിധായകനായ ഇന്ദ്രജിത് ലങ്കേഷിന്റെ ആദ്യ ഹിന്ദി ചിത്രമാണ് ‘ഷക്കീല’. റിച്ചയ്ക്ക് പുറമെ പങ്കജ് ത്രിപാഠി, മലയാളി താരമായ രാജീവ് പിള്ള, കന്നഡ താരം എസ്തര്‍ നൊറോണ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഷൂട്ടിംഗ് തുടങ്ങുന്നതിനു മുൻപു തന്നെ ഷക്കീലയെന്ന വ്യക്തിയെ അടുത്തറിയാനായി റിച്ച ബാംഗ്ലൂരിൽ വെച്ച് ഷക്കീലയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഷക്കീലയുടെ ജീവിതകഥ പറയുന്നതിനൊപ്പം യഥാർത്ഥ ഷക്കീലയെ സ്ക്രീനിൽ കാണാനുള്ള അവസരം കൂടി ഒരുക്കുകയാണ് സംവിധായകൻ ലങ്കേഷ്.
Read More: സ്വന്തം ബയോപിക്കിൽ അതിഥി വേഷത്തിൽ ഷക്കീല
“ഷക്കീലയെ കുറിച്ചൊരു സിനിമ ചെയ്യണമെന്നത് എന്നും എന്റെ ആഗ്രഹമായിരുന്നു. ഓൺ സ്ക്രീനിലെയും ഓഫ് സ്ക്രീനിലെയും അവരുടെ വ്യക്തിത്വം എന്നെ ഏറെ ആകർഷിച്ചിട്ടുണ്ട്. അവരുടെ കഥ പറയാനാണ് ഞാനാഗ്രഹിക്കുന്നത്, സിനിമകൾ കിട്ടാതെ കഷ്ടപ്പെട്ട അവരുടെ ജീവിതത്തിലെ ദുഷ്കരമായ കാലഘട്ടത്തെ കുറിച്ച്, സ്വഭാവറോളുകൾ ലഭിക്കാനായി അവർ നടത്തിയ ശ്രമങ്ങളെ കുറിച്ച് പറയാൻ ഞാനാഗ്രഹിക്കുന്നു. സൂപ്പർസ്റ്റാർ ഷക്കീലയുടെ യഥാർത്ഥ കഥയാണ് ഈ സിനിമയിലൂടെ പറയാൻ ആഗ്രഹിക്കുന്നത്”, സംവിധായകൻ ലങ്കേഷ് പറയുന്നു.
തന്റെ ജീവിതത്തെ കുറിച്ച് ഏറ്റവും സൂക്ഷ്മമായ കാര്യങ്ങളും കാഴ്ചപ്പാടുകളും വരെ ടീം അംഗങ്ങളുമായി പങ്കുവെയ്ക്കാൻ തയ്യാറായ ഷക്കീല ഈ ചിത്രത്തിന്റെ അവിഭാജ്യഘടകമാണെന്നും ലങ്കേഷ് കൂട്ടിച്ചേര്‍ത്തു.
“ഷക്കീലയുടെ സംസാരരീതിയും ശരീരഭാഷയും സൂക്ഷ്മാംശങ്ങളുമെല്ലാം മനസ്സിലാക്കാനായി റിച്ചയും ഷക്കീലയ്ക്കൊപ്പം ഏറെ സമയം ചെലവഴിച്ചിരുന്നു. ഷക്കീല ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തിയപ്പോഴും ഞങ്ങൾക്ക് വേണ്ട നിർദേശങ്ങൾ നൽകിയിരുന്നു. പ്രത്യേകിച്ചും ആർട്ട് ഡയറക്ഷൻ പോലുള്ള കാര്യങ്ങളിൽ. യഥാർത്ഥ ജീവിതത്തിൽ തന്റെ വീട് എങ്ങനെയായിരുന്നു പോലുള്ള കാര്യങ്ങളെല്ലാം വളരെ സ്നേഹത്തോടെ അവർ പറഞ്ഞു തന്നു”, ലങ്കേഷ് കൂട്ടിച്ചേർത്തു.
Read More: ഷക്കീലയാകാന്‍ റിച്ച ഛദ്ദ; ഇരുവരും പരസ്പരം കണ്ടപ്പോള്‍