scorecardresearch
Latest News

സ്വന്തം ബയോപിക്കിൽ അതിഥി വേഷത്തിൽ ഷക്കീല

ഓൺ സ്ക്രീനിലെയും ഓഫ് സ്ക്രീനിലെയും അവരുടെ വ്യക്തിത്വം എന്നെ ഏറെ ആകർഷിച്ചിട്ടുണ്ട്, സംവിധായകൻ ലങ്കേഷ് പറയുന്നു

സ്വന്തം ബയോപിക്കിൽ അതിഥി വേഷത്തിൽ ഷക്കീല

നടി ഷക്കീലയുടെ ജീവിതത്തെ ആസ്പദമാക്കി സംവിധായകൻ ഇന്ദ്രജിത്ത് ലങ്കേഷ് ഒരുക്കുന്ന ചിത്രത്തിൽ അതിഥി വേഷത്തിൽ ഷക്കീലയും എത്തുന്നു. 1990കളിൽ അഡൽസ് ഓൺലി സിനിമകളിലൂടെ തരംഗമായി മാറിയ ഷക്കീലയുടെ ജീവിതകഥ പറയുന്ന ചിത്രത്തിൽ റിച്ച ഛദ്ദയാണ് ഷക്കീലയുടെ വേഷം കൈകാര്യം ചെയ്യുന്നത്.

കന്നഡ സംവിധായകനായ ഇന്ദ്രജിത് ലങ്കേഷിന്റെ ആദ്യ ഹിന്ദി ചിത്രമാണ് ‘ഷക്കീല’. റിച്ചയ്ക്ക് പുറമെ പങ്കജ് ത്രിപാഠി, മലയാളി താരമായ രാജീവ് പിള്ള, കന്നഡ താരം എസ്തര്‍ നൊറോണ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ഷൂട്ടിംഗ് തുടങ്ങുന്നതിനു മുൻപു തന്നെ ഷക്കീലയെന്ന വ്യക്തിയെ അടുത്തറിയാനായി റിച്ച ബാംഗ്ലൂരിൽ വെച്ച് ഷക്കീലയുമായി കൂടിക്കാഴ്ച നടത്തിയത് മുൻപെ വാർത്തയായിരുന്നു. ഷക്കീലയുടെ ജീവിതക്കഥ പറയുന്നതിനൊപ്പം യഥാർത്ഥ ഷക്കീലയെ സ്ക്രീനിൽ കാണാനുള്ള അവസരം കൂടി ഒരുക്കുകയാണ് സംവിധായകൻ ലങ്കേഷ്.

Shakeela, Biopic

“ഷക്കീലയെ കുറിച്ചൊരു സിനിമ ചെയ്യണമെന്നത് എന്നും എന്റെ ആഗ്രഹമായിരുന്നു. ഓൺ സ്ക്രീനിലെയും ഓഫ് സ്ക്രീനിലെയും അവരുടെ വ്യക്തിത്വം എന്നെ ഏറെ ആകർഷിച്ചിട്ടുണ്ട്. അവരുടെ കഥ പറയാനാണ് ഞാനാഗ്രഹിക്കുന്നത്, സിനിമകൾ കിട്ടാതെ കഷ്ടപ്പെട്ട അവരുടെ ജീവിതത്തിലെ ദുഷ്കരമായ കാലഘട്ടത്തെ കുറിച്ച്, സ്വഭാവറോളുകൾ ലഭിക്കാനായി അവർ നടത്തിയ ശ്രമങ്ങളെ കുറിച്ച് പറയാൻ ഞാനാഗ്രഹിക്കുന്നു. സൂപ്പർസ്റ്റാർ ഷക്കീലയുടെ യഥാർത്ഥ കഥയാണ് ഈ സിനിമയിലൂടെ പറയാൻ ആഗ്രഹിക്കുന്നത്,” സംവിധായകൻ ലങ്കേഷ് പറയുന്നു.

Shakeela, Richa Chadha
ഷക്കീല റിച്ചയും തമ്മില്‍ കണ്ടപ്പോള്‍

തന്റെ ജീവിതത്തെ കുറിച്ച് ഏറ്റവും സൂക്ഷ്മമായ കാര്യങ്ങളും കാഴ്ചപ്പാടുകളും വരെ ടീം അംഗങ്ങളുമായി പങ്കുവെയ്ക്കാൻ തയ്യാറായ ഷക്കീല ഈ ചിത്രത്തിന്റെ അവിഭാജ്യഘടകമാണെന്നും ലങ്കേഷ് പറയുന്നു.

“ഷക്കീലയുടെ സംസാരരീതിയും ശരീരഭാഷയും സൂക്ഷ്മാംശങ്ങളുമെല്ലാം മനസ്സിലാക്കാനായി റിച്ചയും ഷക്കീലയ്ക്കൊപ്പം ഏറെ സമയം ചെലവഴിച്ചിരുന്നു. ഷക്കീല ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തിയപ്പോഴും ഞങ്ങൾക്ക് വേണ്ട നിർദേശങ്ങൾ നൽകിയിരുന്നു. പ്രത്യേകിച്ചും ആർട്ട് ഡയറക്ഷൻ പോലുള്ള കാര്യങ്ങളിൽ. യഥാർത്ഥ ജീവിതത്തിൽ തന്റെ വീട് എങ്ങനെയായിരുന്നു പോലുള്ള കാര്യങ്ങളെല്ലാം വളരെ സ്നേഹത്തോടെ​ അവർ പറഞ്ഞു തന്നു,”ലങ്കേഷ് കൂട്ടിച്ചേർത്തു.

Read More: ഷക്കീലയാകാന്‍ റിച്ച ഛദ്ദ; ഇരുവരും പരസ്പരം കണ്ടപ്പോള്‍

ഷക്കീലയുമായി മുൻപും ഒന്നിച്ചു വർക്ക് ചെയ്തിട്ടുണ്ടെങ്കിലും ഈ ബയോപിക്കിനു വേണ്ടിയുള്ള ഷൂട്ട് വളരെ രസകരമായി തോന്നിയെന്നും ലങ്കേഷ് പറയുന്നു.

“2003 ൽ എന്റെ ഒരു ചിത്രത്തിൽ അവർ അഭിനയിച്ചിട്ടുണ്ട്. അന്നാണ് അവരുടെ ജീവിതത്തെ കുറിച്ചൊരു സിനിമ ചെയ്യണമെന്നൊരു ആശയം തോന്നിയത്. 2015 ൽ ഈ​ ആശയത്തെ കുറിച്ച് ഞാനവരോട് സംസാരിക്കുകയും ഈ ഡ്രീം പ്രൊജക്റ്റിന് അവർ സമ്മതം മൂളുകയും ചെയ്തു. ഒരു നടിയാകാൻ ആഗ്രഹിക്കുന്ന ഓരോ പെൺകുട്ടികളും സ്ത്രീകളും അവരുടെ കഥ കണ്ടിരിക്കണമെന്നെനിക്ക് തോന്നുന്നു. ഒരു നടിയായി മാറാൻ ഷക്കീലയ്ക്ക് കടന്നു പോവേണ്ടി വന്ന കഷ്ടപ്പാടുകൾ അവരറിയണം. അവർ സ്വന്തമാക്കിയ പേരിനും സമ്പത്തിനുമെല്ലാം പിന്നിൽ കഷ്ടപ്പാടിന്റേതായൊരു കഥയുണ്ട്,” ലങ്കേഷ് അഭിപ്രായപ്പെടുന്നു

Read more: ഷക്കീലയുടെ ജീവിത കഥ ഓരോ സ്ത്രീയുടേയും അനുഭവമാണ്: സംവിധായകൻ ലങ്കേഷ്

തെലുങ്ക് ചിത്രത്തിലൂടെയാണ് ഷക്കീല സിനിമാ രംഗത്തെത്തുന്നത്. പിന്നീട് ‘കിന്നാരത്തുമ്പികള്‍’ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ പ്രശസ്തയായി. ചെന്നൈയില്‍ ജനിച്ചു വളര്‍ന്ന ഷക്കീല വിജയ്, വിക്രം, ഉദയനിധി സ്റ്റാലിന്‍ തുടങ്ങിയവരുടെ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മോഹൻലാലിനൊപ്പം ‘ഛോട്ടാമുംബൈ’യിലും ഷക്കീല അഭിനയിച്ചിട്ടുണ്ട്.

തന്റെ ജീവിതത്തിലെ പല പ്രധാന സംഭവങ്ങളും ഷക്കീല റിച്ചയുമായി പങ്കുവച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലോകം ഇതുവരെ അറിയാതെ പോയ ഷക്കീലയുടെ യഥാർത്ഥ ജീവിതാനുഭവങ്ങൾ തന്നെയാവും ഈ ചിത്രത്തിന്റെ ഹൈലൈറ്റ്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Shakeela cameo biopic