ബോളിവുഡിലെ മികച്ച ശബ്ദലേഖകരില്‍ ഒരാളാണ് തലശ്ശേരി സ്വദേശിയായ ഷജിത് കൊയേരി. ആമിര്‍ ഖാന്‍, വിശാല്‍ ഭരദ്വാജ്, അഭിഷേക് ചൗബെ, അനുരാഗ് ബസു, സഞ്ജയ്‌ ലീലാ ബന്‍സാലി തുടങ്ങിയ പ്രഗല്‍ഭരായ പല സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ച് ദേശീയ അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ നേടിയ ഷജിത്, ആര്‍.എസ്.വിമലിന്റെ ‘കര്‍ണ്ണന്‍’ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്കും എത്താന്‍ തുടങ്ങുകയാണ്.

ചെറുപ്പം മുതല്‍ ഉള്ള ശാരീരിക അസ്വാസ്ഥ്യങ്ങളെ മനസ്സ് കൊണ്ട് നേരിട്ടാണ് ഈ നാല്‍പ്പത്തിനാലുകാരന്‍ ഇന്ന് ബോളിവുഡില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിരിക്കുന്നത്. കടുത്ത പ്രതിസന്ധികളെ നേരിടുമ്പോഴും ജീവിതത്തെ മുറുകെപ്പിടിക്കുന്ന ഷജിത് ഇപ്പോള്‍ ചികിത്സാര്‍ത്ഥം മുംബൈയിലെ കോകിലാ ബെന്‍ ആശുപത്രിയിലാണ്. പലവഴിക്ക് തന്നെ തോല്‍പ്പിക്കാന്‍ എത്തുന്ന അസുഖങ്ങളെ വിരട്ടി ഓടിക്കുന്ന ഷജിതിന് ഇപ്പോള്‍ അതിനേക്കാള്‍ വലിയ തലവേദനയായി മാറിയിരിക്കുന്നത് തന്നെക്കുറിച്ച് വന്നിട്ടുള്ള ഏറ്റവും പുതിയ വാര്‍ത്തയാണ്.

മുംബൈയിലെ വിഖ്യാതമായ ലീലാവതി ആശുപത്രിയുമായി ബന്ധപ്പെട്ടാണത്‌. ഈ മാസം ആറാം തീയതി അവിടെ അഡ്മിറ്റ്‌ ആയ ഷജിതിന് വേണ്ട ചികിത്സകള്‍ അവര്‍ ലഭ്യമാക്കിയില്ല എന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. എന്നാല്‍ സത്യാവസ്ഥ അതല്ല എന്നും, അവിടെ നിന്നും മാറാന്‍ എടുത്ത തീരുമാനം തികച്ചും മെഡിക്കല്‍ കാരണങ്ങള്‍ കൊണ്ടാണ് എന്നും ഷജിത് വ്യക്തമാക്കുന്നു. തന്റെ സമ്മതത്തോടെയല്ലാതെ തന്നെക്കുറിച്ച് ഇത്തരത്തില്‍ ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ച പ്രസിദ്ധീകരണത്തിനെതിരെ നിയമ നടപടിയ്ക്ക് ഒരുങ്ങുകയാണ് അദ്ദേഹം.

“എനിക്കേറ്റവും ആവശ്യമുണ്ടായിരുന്ന ഒരു നേരത്ത് എന്നോടൊപ്പം നിന്ന സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും നന്ദി. കുറച്ചു കാര്യങ്ങള്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു.

  1. റീനല്‍ ഫങ്ക്ഷന്‍, റുമറ്റോയിഡ്‌ ആര്‍ത്രൈറ്റിസ് എന്നിവയ്ക്കായുള്ള ചികിത്സയ്ക്കായി മുംബൈയിലെ കോകിലാ ബെന്‍ ആശുപത്രിയിലാണ് ഞാന്‍ ഇപ്പോള്‍ ഉള്ളത്. ആരോഗ്യം അപകട നിലയില്‍ അല്ല.
  2. മുംബൈയില്‍ ലീലാവതി ആശുപത്രിയില്‍ അഡ്മിറ്റ്‌ ആയിരുന്ന നേരത്ത്, അവര്‍ നല്‍കിയ ചികിത്സയില്‍ ഞാന്‍ പൂര്‍ണ്ണമായും തൃപ്തനാണ്. അവിടെ നിന്നും മാറാന്‍ എടുത്ത തീരുമാനം തികച്ചും മെഡിക്കല്‍ കാരണങ്ങള്‍ കൊണ്ടാണ്, അവരുടെ അനാസ്ഥ കൊണ്ടല്ല. റുമറ്റോയിഡ്‌ ആര്‍ത്രൈറ്റിസിന് എന്നെ ചികിത്സിക്കുന്ന ഡോക്ടര്‍ കോകിലാ ബെന്‍ ആശുപത്രിയിലാണ് ഉള്ളത്, അതുകൊണ്ടാണ് അങ്ങോട്ട്‌ മാറിയത്.
  3.  എന്റെ പ്രൈവസി മാനിക്കാന്‍ ഞാന്‍ മാധ്യമങ്ങളോട് ആവശ്യപ്പെടുകയാണ്, അസുഖം ഭേദമാക്കുന്നതില്‍ എന്റെ സ്വകാര്യതയ്ക്ക് വലിയ പങ്കുണ്ട്. എന്റെ കഥയില്‍ താരങ്ങളുണ്ട് എന്നത് കൊണ്ട് മാത്രം എന്റെ അസുഖത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ദയവായി സെന്‍സേഷണലൈസ് ചെയ്യാതിരിക്കുക. ആ സൗഹൃദങ്ങളും ഞങ്ങള്‍ പരസ്പരം സഹായിക്കുന്നതിനായി എന്ത് ചെയ്യുന്നു എന്നതും തികച്ചും സ്വകാര്യം തന്നെയാണ്.
  4. എന്റെ അറിവോ സമ്മതമോ ഇല്ലാതെ എന്നെക്കുറിച്ച് വാര്‍ത്ത നല്‍കിയ മുംബൈ മിററിന്റെ നടപടിയെ ഞാന്‍ ശക്തമായി അപലപിക്കുന്നു. അവരോടു ആ വാര്‍ത്ത പിന്‍വലിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
  5. ജീവിതത്തിലേക്കും എന്റെ ജോലിയിലേക്കും മടങ്ങി വരുക എന്ന ലക്ഷ്യത്തോടെ മനസ്സിനേയും ശരീരത്തേയും സജ്ജീകരിക്കുകയാണ് ഞാന്‍ ഇപ്പോള്‍. ആ സമയത്ത് എനിക്ക് ഏറ്റവും കൂടുതല്‍ വേണ്ടത് നിങ്ങളുടെ മനസ്സിലാക്കലാണ്”, ഷജിത് പറഞ്ഞു.

മുംബൈയിലെ ഒരു ടാബ്ലോയിഡ് നല്‍കിയ വാര്‍ത്തയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ഷജിത്. ലീലാവതി ആശുപത്രിയില്‍ വച്ച് നല്‍കിയ ചികിത്സയില്‍ പോരായ്മകള്‍ ഉണ്ടായിരുന്നു എന്നും നടന്‍ ആമിര്‍ ഖാന്‍ ഇടപെട്ടാണ് ഷജിതിനെ അവിടെ നിന്നും കോകിലാ ബെന്‍ ആശുപത്രിയിലേക്ക് മാറ്റിയത് എന്നും കാണിച്ചാണ് റിപ്പോര്‍ട്ട്‌ വന്നത്.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook