/indian-express-malayalam/media/media_files/uploads/2018/08/Olu-Teaser.jpg)
പ്രളയകാലത്തെ അതിജീവിച്ച് മലയാള സിനിമ കുതിപ്പ് തുടരുമ്പോള്‍ കേരളക്കരയ്ക്ക് അഭിമാനിക്കാന്‍ മറ്റൊരു വാര്‍ത്ത. ഇത്തവണ ഇന്ത്യന്‍ പനോരമയിലേക്ക് ആറ് മലയാളം ഫീച്ചര്‍ ചിത്രങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഷാജി എന്‍ കരുണിന്റെ 'ഓള്' ആണ് ഉദ്ഘാടന ചിത്രം. ഇതിനു പുറമേ റഹീം ഖാദറിന്റെ 'മക്കന', എബ്രിഡ് ഷൈനിന്റെ 'പൂമരം', സക്കരിയയുടെ 'സുഡാനി ഫ്രം നൈജീരിയ', ജയരാജിന്റെ 'ഭയാനകം', ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ഈ മ യൗ' എന്നീ ചിത്രങ്ങളും ഇന്ത്യന്‍ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇതിനു പുറമേ മമ്മൂട്ടിയെ നായകനാക്കി റാം ഒരുക്കിയ 'പേരന്‍പു'മുണ്ട്.
യുവതാരം ഷെയ്ൻ നിഗത്തെ നായകനാക്കി ഷാജി എൻ കരുൺ സംവിധാനം ചെയ്ത ഓള് ഒരു ഫാന്റസി ഡ്രാമയാണ്. നായികയായ മായ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എസ്തർ അനിലാണ്. കനി കുസൃതിയും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
Read Here: IFFI 2018, Olu Movie Review: ഭാവന കൊണ്ട് അഭ്രവിസ്മയം തീര്‍ക്കുന്ന ഓള്
ഇന്ദ്രൻസ്, സന്തോഷ് കീഴാറ്റൂർ, സജിത മഠത്തിൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റഹീം ഖാദർ ഒരുക്കിയ ചിത്രമാണ് മക്കന.
ജയറാമിന്റെ മകൻ കാളിദാസ് മലയാളത്തിൽ നായകനായി അരങ്ങേറ്റം കുറിച്ച ചിത്രമാണ് പൂമരം. എബ്രിഡ് ഷൈൻ ഒരുക്കിയ പൂമരം കോളേജ് കാല യുവജനോത്സവത്തിന്റെ കഥ പറയുന്ന ചിത്രമാണ്.
അടുത്തകാലത്ത് മലയാള സിനിമ കണ്ട് മികച്ച ഹിറ്റുകളിൽ ഒന്നായിരുന്നു സക്കരിയ മുഹമ്മദിന്റെ സുഡാനി ഫ്രം നൈജീരിയ. സൌബിൻ ഷാഹിറായിരുന്നു ചിത്രത്തിലെ നായകൻ. നൈജീരിയൻ അഭിനേതാവ് സാമുവൽ റോബിൻസണും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
നിരവധി ദേശീയ പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ജയരാജ് ചിത്രം ഭയാനകമാണ് ഇന്ത്യൻ പനോരമയിലെ മറ്റൊരു മലയാള ചിത്രം. ജയരാജിന്റെ നവരസ സീരീസിലെ ഒരു ചിത്രമായിരുന്നു ഭയാനകം.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ മ യൌ മികച്ച പ്രേക്ഷക-നിരൂപണ പ്രശംസകൾ നേടിയ ചിത്രമായിരുന്നു. ദേശീയ പുരസ്കാരവും ചിത്രം കരസ്ഥമാക്കിയിരുന്നു. ഈ ആറു ചിത്രങ്ങളും ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കപ്പെടും.
കഴിഞ്ഞതവണ മഹേഷ് നാരായണന്റെ 'ടേക്ക് ഓഫ്' മാത്രമായിരുന്നു മലയാളത്തില്‍ നിന്നും ഫീച്ചര്‍ സിനിമാ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രം. അവിടെയാണ് ഇത്തവണ ആറു ചിത്രങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ആകെ 26 ഫീച്ചര്‍ ചിത്രങ്ങളാണ് ഇന്ത്യന്‍ പനോരമയില്‍ ഉള്ളത്. ഇതില്‍ നാലു മുഖ്യധാരാ ചിത്രങ്ങളുമുണ്ട്. 'മഹാനടി', 'ടൈഗര്‍ സിന്ദാ ഹേ', 'പത്മാവത്', 'റാസി' എന്നിവയാണ് മുഖ്യധാരാ ചിത്രങ്ങള്‍.
പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ രാഹുല്‍ രവാലിയുടെ നേതൃത്വത്തിലുള്ള 12 അംഗ ജൂറിയാണ് ഫീച്ചര്‍ വിഭാഗത്തിലേക്കുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുത്തിട്ടുള്ളത്. മേജര്‍ രവിയും ജൂറിയിലെ അംഗമാണ്.
നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ 21 ചിത്രങ്ങളില്‍ മൂന്ന് ചിത്രങ്ങളാണ് മലയാളത്തില്‍ നിന്നുള്ളത്. ഷൈനി ജേക്കബ് ബെഞ്ചമിന്റെ സ്വോര്‍ഡ് ഓഫ് ലിബര്‍ട്ടി, രമ്യാ രാജിന്റെ മിഡ്‌നൈറ്റ് റണ്‍, വിനോദ് മങ്കരയുടെ ലാസ്യം എന്നിവയാണ് ഈ ചിത്രങ്ങള്‍. മറാത്തി ചിത്രമായ ഖര്‍വാസാണ് ഉദ്ഘാനട ചിത്രം. സംവിധായകന്‍ വിനോദ് ഗണത്രയുടെ നേതൃത്വത്തിലുള്ള ആറംഗ ജൂറിയാണ് ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്. 49ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവം നവംബര്‍ 20 മുതല്‍ 28 വരെയായിരിക്കും നടക്കുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.