/indian-express-malayalam/media/media_files/2025/04/28/ld2tSb7t27SMiwHwy3BY.jpg)
ഷാജി എൻ. കരുൺ (ഫയൽ ഫൊട്ടോ)
പ്രശസ്ത ചലച്ചിത്ര സംവിധായകനും ഛായാ​ഗ്രഹകനുമായ ഷാജി എൻ. കരുൺ അന്തരിച്ചു. 73-ാം വയസിലാണ് അന്ത്യം. ഏറെ നാളായി അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. തിരുവനന്തപുരത്തെ വഴുതക്കാട്ടെ വസതിയായ 'പിറവി' യിലായിരുന്നു അന്ത്യം. വൈകീട്ട് അഞ്ചു മണിയോടെ മരണം സംഭവിച്ചതായാണ് വിവരം.
മലയാള സിനിമയെ രാജ്യാന്തര വേദികളിലെത്തിച്ച അതുല്യ കലാകാരനാണ് ഷാജി എൻ. കരുൺ. സിനിമ മേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകൾ കണക്കിലെടുത്ത് പരമോന്നത പുരസ്കാരമായ ജെ.സി ഡാനിയേല്‍ പുരസ്കാരം നൽകി കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാർ ആദരിച്ചിരുന്നു. മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാർഡും മൂന്നു സംസ്ഥാന അവാർഡുകളും നേടിയിട്ടുണ്ട്. ഏഴു ദേശീയ - സംസ്ഥാന പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.
'പിറവി'യിലൂടെയാണ് ഷാജി എൻ. കരുൺ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. കാൻ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡെൻ ക്യാമറ പ്രത്യേക പരാമർശം നേടിയ പിറവി എഴുപതോളം ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കുകയും 31 പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തു. രണ്ടാമത്തെ ചിത്രമായ 'സ്വം' കാൻ ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക മലയാള ചലച്ചിത്രമായി.
കുട്ടിസ്രാങ്ക് (2009), നിഷാദ് (2002), വാനപ്രസ്ഥം (1998), സ്വം (1994), പിറവി (1989) തുടങ്ങി മികച്ച ഒരുപിടി ചിത്രങ്ങൾ മലയാളത്തിനു സമ്മാനിച്ചു. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ അധ്യക്ഷൻ, ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള അധ്യക്ഷൻ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 2011ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ചു.
കൊല്ലം ജില്ലയിലെ കണ്ടചിറയിൽ എൻ. കരുണാകരന്റെയും ചന്ദ്രമതിയുടെയും മൂത്ത മകനായാണ് ജനനം. സ്കൂൾ വിദ്യാഭ്യാസം പള്ളിക്കരയിലും ഉപരിപഠനം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലുമായാണ് പൂർത്തിയാക്കിയത്. 1971 ൽ ഫിലിം അൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്ന് ഛായാഗ്രഹണത്തിൽ ഡിപ്ലോമ നേടിയിരുന്നു.
മലയാള സിനിമയുടെ മുഖവും മുഖശ്രീയുമായിരുന്നുവെന്ന് മുഖ്യമന്ത്രി
ഷാജി എൻ കരുണിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. മലയാള സിനിമയുടെ മുഖവും മുഖശ്രീയുമായിരുന്ന അതുല്യനായ ചലച്ചിത്രാവിഷ്കാരകനെയാണ് ഷാജി എൻ. കരുണിന്റെ വിയോഗത്തോടെ നമുക്ക് നഷ്ടമാകുന്നത്. ദേശീയ-അന്തർ ദേശീയ തലങ്ങളിൽ മലയാള സിനിമയെ നിതാന്തമായി അടയാളപ്പെടുത്തുകയും അതുവഴി മലയാളിയുടെ യശസ്സുയർത്തുകയും ചെയ്ത ചലച്ചിത്രകാരനാണ് ഷാജി എൻ. കരുൺ എന്ന് മുഖ്യമന്ത്രി പറഞ്ഞു.
മലയാള സിനിമയെ രാജ്യാന്തര തലത്തിൽ അടയാളപ്പെടുത്തിയ പ്രതിഭയാണ് ഷാജി എൻ. കരുണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അനുശോചന കുറിപ്പിൽ പറഞ്ഞു. ഛായാഗ്രാഹകനായും സംവിധായകനായും മലയാള സിനിമയ്ക്ക് അതുല്യമായ സംഭാവനകളാണ് ഷാജി എൻ. കരുൺ നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.