scorecardresearch
Latest News

ഒരു കാലഘട്ടം മറയുന്നു: ‘മൃണാള്‍ദാ’യെ ഓര്‍ത്ത് ഷാജി എന്‍ കരുണ്‍

അന്തരിച്ച ചലച്ചിത്രകാരന്‍ മൃണാള്‍ സെന്നിനെക്കുറിച്ച് ഷാജി എന്‍ കരുണ്‍

ഒരു കാലഘട്ടം മറയുന്നു: ‘മൃണാള്‍ദാ’യെ ഓര്‍ത്ത് ഷാജി എന്‍ കരുണ്‍

‘ദാദാ’ എന്നു വിളിക്കാൻ കൽക്കത്തയിൽ എത്തിയാൽ ആദ്യം ഓർമ്മ വരുന്ന പേരായിരുന്നു മൃണാൾദാ. എല്ലാവരും അദ്ദേഹത്തെ സ്നേഹത്തോടെ മൃണാൾദാ എന്നു വിളിച്ചു. സത്യജിത്ത് റേയെ പോലും ആരും അങ്ങനെ വിളിച്ചിട്ടുണ്ടാവില്ല. എല്ലാവരുമായും കൂട്ടായിരുന്നു മൃണാൾദാ. ആരെയും വേർതിരിച്ചു കാണാനോ ക്ലാസ്സ് തിരിക്കാനോ ശ്രമിക്കാതെ എല്ലാവരെയും ഒരുപോലെ കണ്ട വ്യക്തിയാണ്.

Read More: മൃണാള്‍ സെന്‍ അന്തരിച്ചു

ഇൻസ്റ്റിറ്റ്യൂട്ടിൽ ഞാൻ പഠിക്കുന്ന സമയത്ത് എന്നെ ഇന്റർവ്യൂ ചെയ്ത വ്യക്തിയാണ്. അന്ന് അദ്ദേഹം എന്നോട് ചോദിച്ച ചോദ്യങ്ങൾ പലതും ഇപ്പോഴും ഓർമ്മയുണ്ട്. ഇന്റർവ്യൂവിന് വേണ്ടി ചെല്ലുമ്പോൾ ഞാൻ എടുത്ത ചില ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോകളൊക്കെ കയ്യിൽ കരുതിയിരുന്നു. അതൊക്കെ കണ്ടിട്ടാണെന്നു തോന്നുന്നു അദ്ദേഹം എന്നോട് ചോദിച്ചത്, ‘എന്തിനാണ് ഇങ്ങോട്ട് വന്നത്?’ എന്നാണ്. ഞാൻ പറഞ്ഞു, ‘പഠിക്കാനാണെന്ന്’.

‘അദ്ദേഹം കുറേ പ്രശസ്തമായ പടങ്ങളുടെ പേരെടുത്ത് പറഞ്ഞ്, ഇതൊക്കെ കണ്ടിട്ടുണ്ടോ’ എന്നു ചോദിച്ചു. അന്ന് ഇംഗ്ലീഷ് പടങ്ങൾ മാത്രം കാണാനുള്ള സൗകര്യമേ എനിക്കുണ്ടായിരുന്നുള്ളൂ. മൃണാൾദാ ചോദിച്ച പല ചിത്രങ്ങളും ഞാൻ കേട്ടിട്ടില്ലായിരുന്നു. പല ആളുകളെയും എനിക്ക് അറിയില്ലായിരുന്നു. ഇഷ്ടപ്പെട്ട സിനിമകളൊക്കെ എന്തു കൊണ്ടാണ് ഇഷ്ടം എന്നൊക്കെ ചോദിച്ചു. ഇന്റർവ്യൂ കഴിഞ്ഞപ്പോൾ എനിക്കൊരിക്കലും അഡ്മിഷൻ കിട്ടില്ല എന്നു തന്നെ ഞാനുറപ്പിച്ചിരുന്നു. കാരണം അദ്ദേഹം ചോദിച്ച ചോദ്യങ്ങൾക്ക് ഏറെയും അറിയില്ല എന്നാണ് ഞാനുത്തരം ഏകിയത്. സത്യസന്ധമായ ഉത്തരം നൽകിയതു കൊണ്ടാവാം, അന്ന് എന്റെ പേര് ഒന്നാമതായി തന്നെ തെരെഞ്ഞെടുക്കപ്പെട്ടു. എന്റെ കരിയർ തുടങ്ങാൻ കാരണമായ വ്യക്തി എന്ന നിലയ്ക്കും എനിക്കദ്ദേഹത്തിനോട് കടപ്പാടുണ്ട്. സിനിമയിൽ വന്നപ്പോൾ കൂടുതൽ അടുക്കാൻ പറ്റി. അരവിന്ദേട്ടന്റെയും വളരെ അടുത്ത സുഹൃത്തായിരുന്നു മൃണാൾദാ.

Read More: ഇന്ത്യന്‍ സിനിമയെ പുനര്‍നിര്‍വ്വചിച്ച അരാജകവാദി

സത്യജിത്ത് റേയുടെ കോൺസെപ്റ്റ് എടുക്കുകയാണെങ്കിൽ, അത് വേറെയൊരു പിരിഡായിരുന്നു. സമാന്തരം (പാരലൽ) എന്ന സങ്കൽപ്പം കൊണ്ടു വന്നത് മൃണാൾ ദാ ആണെന്ന് പറയാം. വേറിട്ട, ഇക്യുലന്റ് ആയ കൾച്ചറൽ ഫോക്കസുള്ള പടങ്ങൾക്ക് മറ്റതിന് ഒപ്പം സഞ്ചരിക്കാം എന്ന ഒരു ആശയം കൊണ്ടു വന്നത് മൃണാള്‍ദായാണ്. മൃണാൾ സെനിന്റെ മറ്റൊരു പ്രത്യേകത എന്നു പറയുന്നത് അദ്ദേഹത്തിന്റെ ഫിലോസഫിക്കൽ ആറ്റിറ്റ്യൂഡ് ആണ്. അതായിരിക്കാം പാരലൽ സിനിമ എന്ന ആശയത്തെ കുറിച്ചൊക്കെ ചിന്തിക്കാൻ കാരണം. എല്ലാ കാര്യങ്ങളിലും സജീവമായി ഇടപെടുന്ന വ്യക്തിയായിരുന്നു അദ്ദേഹം.

എനിക്ക് കിട്ടിയ വലിയൊരു ഭാഗ്യം എന്താണെന്നു വെച്ചാൽ, ഞാൻ അക്കാദമിയിൽ ഉള്ള കാലത്ത് പാൻ ഇന്ത്യൻ കോൺസെപ്റ്റ് ഉണ്ടാക്കാൻ ഒരുപാട് വ്യക്തിത്വങ്ങളെ ക്ഷണിച്ചിരുന്നു. അന്ന് കൽക്കത്തയിൽ നിന്നും അദ്ദേഹമാണ് വന്നത്. ഒട്ടും വയ്യാതിരുന്നിട്ടും ബുദ്ധിമുട്ടുകളൊന്നും കണക്കാക്കാതെ വരാൻ അദ്ദേഹം തയ്യാറായി. നേരിട്ട് ഫ്ളൈറ്റൊന്നും ഇല്ലായിരുന്നു അന്ന്, എന്നിട്ടും വന്നു. അതു കൊണ്ടൊക്കെയാണ് പിന്നീട് കൽക്കത്തയിൽ പോവുമ്പോഴൊക്കെ അദ്ദേഹത്തെ പോയി കാണാൻ സമയം കണ്ടെത്തിയത്. മൂന്നു വർഷം മുൻപാണ് ഒടുവിൽ അദ്ദേഹത്തെ കണ്ടത്. ഓർമ്മക്കുറവുണ്ടായിരുന്നു അവസാനം കാണുമ്പോൾ, അദ്ദേഹം അന്നെന്നെ തിരിച്ചറിഞ്ഞില്ല. ചലച്ചിത്ര അക്കാദമിയെന്ന കോൺസെപ്റ്റിന് അദ്ദേഹം നൽകിയ പിന്തുണ ഞങ്ങളുടെ ശക്തിയായിരുന്നു.

എന്റെ ഒരുവിധം എല്ലാ പടങ്ങളും അദ്ദേഹം കണ്ടിട്ടുണ്ട്. ‘പിറവി’ ഇവിടെ കേരളത്തിലെ അവാർഡ് നിർണയത്തിന് കൊടുക്കാത്തതിന് മൃണാൾദാ അന്ന് ദേഷ്യപ്പെട്ടു. ഡൽഹിയിൽ വെച്ച് അദ്ദേഹം ‘പിറവി’ കണ്ടിരുന്നു, ‘കൊടുക്കാതിരുന്നത് ശരിയായില്ല’ എന്നൊക്കെ പറഞ്ഞു എന്റെയടുത്ത്.

കാനിന്റെ (കാന്‍ ചലച്ചിത്രമേള) വളരെ അടുത്തൊരു ആളായിരുന്നു അദ്ദേഹം. ‘വാനപ്രസ്ഥ’ത്തിനൊക്കെ മുൻപ്, ഫ്രഞ്ച് ഇൻവെസ്റ്റ്മെന്റോടു കൂടി ചെയ്ത അദ്ദേഹത്തിന്റെ ഒരു പടം കാനിൽ വന്നിരുന്നു. ഫ്രഞ്ച് സിനിമയിലെ ഏറ്റവും ടോപ്പായ ആർട്ടിസ്റ്റുകളാണ് അതിൽ അഭിനയിച്ചത്. ഫ്രഞ്ച് ലെവലിൽ ഒരു കൾച്ചറൽ ആക്റ്റിവ്സ്റ്റ് എന്ന രീതിയിലും ലെഫ്റ്റ് ഓറിയന്റഡ് നിലപാടുകളും ചിന്തകളിൽ വ്യക്തതയുമുള്ള ആളെന്ന രീതിയിലും അദ്ദേഹം ശ്രദ്ധിക്കപ്പെട്ടിരുന്നു. മാർകിസ്റ്റ് ഫിലിം മേക്കറായിട്ടാണല്ലോ അദ്ദേഹം ഏറെയും അറിയപ്പെട്ടത്.

ഒരു തവണ സത്യജിത് റേ മെമ്മോറിയൽ ടോക്കിന് പോയപ്പോൾ റേയുടെ വീട്ടിൽ പോവും മുൻപ് മൃണാൾദായെ കണ്ടിട്ടാണ് പോയത്. അന്നും പല കാര്യങ്ങൾ സംസാരിച്ചു. മലയാള സിനിമയെ കുറിച്ചും കേരളത്തിലെ ഫിലിം മേക്കേഴ്സിനെ കുറിച്ചും നല്ല ധാരണയുള്ള ആളായിരുന്നു അദ്ദേഹം. കാണുമ്പോൾ ആദ്യം ചോദിക്കുക അടൂരിനെ കുറിച്ചാണ്.

Read More: പോയത് മൂത്ത സഹോദരനും വഴികാട്ടിയുമായ ആള്‍: മൃണാള്‍ സെന്നിനെക്കുറിച്ച് അടൂര്‍

ഒരിക്കൽ ഇസ്നാംബുളിൽ പോയ സമയത്ത് അദ്ദേഹമാണ് അവിടെ ജൂറി ചെയർമാൻ. ‘വാനപ്രസ്ഥത്തി’ന്റെ സമയത്താണ്. അന്ന് എല്ലാ ദിവസവും ഒന്നിച്ച് ബ്രേക്ക് ഫാസ്റ്റ് കഴിക്കും. ആ ഓർമ്മയൊക്കെ ഒരു ഫിലിം മേക്കർ എന്ന രീതിയിൽ എന്റെ വലിയ ഭാഗ്യമാണ്. ഒരു കാലഘട്ടമാണ് ഓർമ്മയാവുന്നത്. ഗുരുതുല്യനായി, വഴിക്കാട്ടിയായൊക്കെ ജീവിതത്തിൽ ഉണ്ടായിരുന്ന ആളാണ്. അദ്ദേഹം എസ് എന്നോ നോ എന്നോ പറഞ്ഞാൽ അത് നമ്മൾ മുഖവിലയ്ക്ക് എടുക്കുമായിരുന്നു. ആ നഷ്ടം നികത്താൻ ഇനിയാരുമില്ലെന്ന് ഓർക്കുമ്പോഴാണ്…

(ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം റിപ്പോര്‍ട്ടര്‍ ധന്യയോട് പറഞ്ഞത്)

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Shaji n karun on mrinal sen