സാങ്കേതിക വിദ്യ വളരെയധികം മുന്നോട്ട് പോയി, അതിനോട് കിട പിടിക്കുന്ന തരത്തില്‍ സര്‍ഗ്ഗശേഷിയും വളരേണ്ടതുണ്ട് എന്ന് അഭിപ്രായപ്പെടുകയാണ് ഛായാഗ്രാഹകനും സംവിധായകനുമായ ഷാജി എന്‍ കരുണ്‍. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ആ രീതിയിൽ സർഗ്ഗശേഷിയിൽ മികവു പുലർത്തിയ, ലോക ശ്രദ്ധ നേടിയ എത്ര സാങ്കേതികപ്രവർത്തകരെ വാർത്തെടുക്കാൻ നമുക്ക് കഴിഞ്ഞു? സന്തോഷ് ശിവൻ കഴിഞ്ഞാൽ പിന്നെ ആര്? ഷാജി എൻ കരുൺ ചോദിക്കുന്നു.
“ടെക്നോളജി പ്രവർത്തിക്കാൻ വ്യക്തികളുടെ ബുദ്ധി വേണം എന്നില്ല. ടെക്നോളജി വലുതായി കൊണ്ടിരിക്കും. അതിനൊപ്പം തന്നെ സർഗ്ഗാത്മകമായ പ്രേരണയും ഉണ്ടാവണം. അതുവരെ കാണാത്ത കാര്യങ്ങൾ പറഞ്ഞു കൊടുക്കാൻ കഴിയണം. നാളെ എത്തേണ്ട ഒരു തീമിനെ കുറിച്ച് പറഞ്ഞ് മുന്നോട്ടു പോവാൻ സാധിക്കണം. ടെക്നോളജി ഉപയോഗിച്ച് ഡിസൈൻ ചെയ്യാൻ താൽപ്പര്യപ്പെടുന്ന കോൺസെപ്റ്റ് ഉള്ള എത്ര ആളുകളെ നമ്മൾ പ്രൊഡ്യൂസ് ചെയ്തിട്ടുണ്ട്?” കൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഷാജി എൻ കരുൺ.
സന്തോഷ് ശിവനെ പോലെ അപൂർവ്വം ചിലർ മാത്രമേ അത്തരം രംഗത്ത് കയ്യൊപ്പു പതിപ്പിക്കുകയും അന്തർദ്ദേശീയ തലത്തിൽ വരെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിട്ടുള്ളൂവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ” സന്തോഷ് വളരെ അറിയപ്പെടുന്ന സിനിമോട്ടോഗ്രാഫറും സംവിധായകനുമാണ്, അന്തർദ്ദേശീയ തലത്തിൽ വരെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അമേരിക്കയിലെ സൊസൊറ്റി ഓഫ് സിനിമോട്ടോഗ്രാഫിയിലെ മെമ്പർ ആണ്. ആർക്കും കിട്ടാത്തൊരു ഗൈഡ് ലൈൻസ് കൂടിയാണത്. ഒരുപാട് പേർ സന്തോഷ് ശിവനെ ഗുരുവായി കണ്ട് ഫോളോ ചെയ്യുന്നുണ്ട്. പക്ഷേ അതേ പോലെ എത്രപേർ ഉണ്ടാകുന്നു എന്നതാണ് ചോദ്യം. കഴിഞ്ഞ 10 വർഷത്തിനിടയിൽ സന്തോഷിനോ അതുപോലെയുള്ള പ്രതിഭകളെയോ നമ്മൾ ഉണ്ടാക്കിയെടുത്തിട്ടുണ്ടോ? സന്തോഷിനെ മാറ്റിനിർത്തിയാൽ വേറെ ആര്?” ഷാജി എൻ കരുൺ ചോദിക്കുന്നു.
ഷാജി എന്‍ കരുണിന്റെ വിഖ്യാത ചിത്രം ‘വാനപ്രസ്ഥ’ത്തിന്റെ പ്രധാന ഛായാഗ്രാഹകനും സന്തോഷ് ശിവനായിരുന്നു.
