ലോക സിനിമയെ കേരളത്തില്‍ എത്തിക്കുന്നതോടൊപ്പം, സമകാലിക മലയാള സിനിമയിലെ മികച്ച സൃഷ്ടികള്‍ക്ക് രാജ്യാന്തര തലത്തിലുള്ള സിനിമകള്‍ക്കൊപ്പം മാറ്റുരയ്ക്കാനും കൂടി അവസരം നല്കി കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ 23 ആം പതിപ്പ് കൊടിയിറങ്ങി. ഈ വര്‍ഷം മലയാള സിനിമയില്‍ ഇറങ്ങിയ മികച്ച ചിത്രങ്ങള്‍, മലയാള സിനിമയില്‍ വ്യക്തിമുദ്ര പതിപ്പിച്ച സംവിധായകര്‍, ഇവയെല്ലാം എല്ലാ വര്‍ഷവും ഉള്ളത് പോലെ ഇക്കൊല്ലവും മേളയില്‍ ഉണ്ടായിരുന്നു. അസാന്നിദ്ധ്യം കൊണ്ട് തന്നെ ശ്രദ്ധേയനായ ഒരാള്‍ ഒഴികെ.
കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ (ഐഎഫ്എഫ്കെ) വളര്‍ച്ചാ ഘട്ടത്തില്‍ വലിയ പങ്ക് വഹിച്ച, രാജ്യാന്തര തലത്തില്‍ ശ്രദ്ധേയനായ സംവിധായകന്. സംവിധാനം ചെയ്ത ആദ്യ മൂന്നു ചിത്രങ്ങള്‍ വിഖ്യാതമായ കാന്‍ ചലച്ചിത്ര മേളയിലെ ഒഫീഷ്യല്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായ ഒരേ ഒരു ഇന്ത്യന്‍ ചലച്ചിത്രകാരന്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം ഇക്കൊല്ലത്തെ ഐ എഫ് എഫ് ഐ ഗോവയില്‍ ഇന്ത്യന്‍ പനോരമയുടെ ഉദ്ഘാടനചിത്രമായിരുന്നു. രാജ്യത്തെ മികച്ച ചിത്രങ്ങളുടെ തിരഞ്ഞെടുത്ത പട്ടികയാണ് ഇന്ത്യന്‍ പനോരമ. അതില്‍ തന്നെ ഏറ്റവും മികച്ചതായി മുന്നില്‍ വന്നു നിന്നിട്ടും, കേരളം ആ ചിത്രത്തെ കണ്ടില്ല, സംവിധായകനേയും.
ലോക സിനിമാ ഭൂപടത്തിൽ പലകുറി മലയാള സിനിമയെ അടയാളപ്പെടുത്തിയ, ചലച്ചിത്ര അക്കാദമിയുടെ ആദ്യ ചെയർമാനും ഐഎഫ്എഫ്കെയുടെ തുടക്കക്കാലത്തെ എക്സിക്യൂട്ടീവ് ചെയർമാനുമൊക്കെയായിരുന്ന ഷാജി എൻ കരുണിന്റെയും ‘ഓള്’ എന്ന ചിത്രത്തിന്റെയും മേളയിലെ അസാന്നിധ്യം അന്വേഷിച്ചു ഒടുവിൽ ചെന്നെത്തിയത്, ഐ എഫ് എഫ് കെയുടെ പ്രധാന വേദിയായ ടാഗോർ തിയേറ്ററിന് 200 മീറ്റർ മാത്രം അകലെയുള്ള ഉദാരശിരോമണി റോഡിലെ ‘പിറവി’ എന്നു പേരുള്ള വീട്ടിലാണ്. മരങ്ങളാൽ ചുറ്റപ്പെട്ട, വീടിന് പുറത്തെപ്പോഴും കിളികൾക്കായി വെള്ളം കരുതി വയ്ക്കുന്ന, പ്രശാന്ത സുന്ദരമായ ആ വീട്ടിൽ പുതിയ ചിത്രത്തിനെ കുറിച്ചുള്ള പഠനവുമായി അദ്ദേഹം ഇരിപ്പുണ്ടായിരുന്നു.
ഏറെനാളായി ഉള്ളിലൊതുക്കിയിരുന്ന സങ്കടങ്ങളെ കുറിച്ചും അക്കാദമിയെ കുറിച്ചുമൊക്കെ ഷാജി എൻ കരുൺ ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് മനസ്സു തുറന്നു.
മലയാള സിനിമയെ രാജ്യാന്തര തലത്തില്‍ ശ്രദ്ധേയരാക്കിയ വ്യക്തികളിലൊരാൾ, മേള നടത്തുന്ന ചലച്ചിത്ര അക്കാദമിയുടെ ആദ്യ ചെയർമാൻ, കേരള രാജ്യാന്തര ചലച്ചിത്രമേളയെ ഇന്നു കാണുന്ന രൂപത്തിലാക്കാൻ മാർഗ്ഗ നിർദ്ദേശികരായവരിലൊരാൾ. എന്നിട്ടും ഷാജി എൻ കരുണിനെ ഐഎഫ്എഫ്കെയിൽ കണ്ടില്ല. ഈ വർഷം ഇന്ത്യ രാജ്യാന്തര ചലച്ചിത്രമേളയിൽ പനോരമയുടെ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ച അദ്ദേഹത്തിന്റെ ‘ഓള്’ എന്ന ചിത്രവും കണ്ടില്ല. എന്തു കൊണ്ടാണ്?
ഷാജി എൻ കരുൺ: ഏതു ഫിലിം മേക്കര്‍ക്കും സങ്കടമുണ്ടാകുന്നതു പോലെയുള്ള കാര്യങ്ങളാണ് കഴിഞ്ഞ വർഷം അക്കാദമി ഒരുക്കിയ സിഗ്നേച്ചർ ഫിലിമിൽ സംഭവിച്ചത്. 90 വർഷത്തെ മലയാള സിനിമയുടെ ചരിത്രത്തെ സെലിബ്രേറ്റ് ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഐഎഫ്എഫ്കെ 2017ൽ ഒരു സിഗ്നേച്ചർ ഫിലിം ചെയ്തത്. അതിനകത്ത് എന്റെ ഒരു സിനിമ പോലുമില്ല. ‘പിറവി’, ‘വാനപ്രസ്ഥം’ എന്നിങ്ങനെ ദേശീയ-അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട സിനിമകളെല്ലാം ഒഴിവാക്കപ്പെട്ടു. പ്രേംജിയുടെ മുഖം കാണിക്കുന്നതു കൊണ്ട് ഒരു തെറ്റുമില്ല എന്നാണ് എന്റെ പക്ഷം. അദ്ദേഹത്തിന് ദേശീയ അവാർഡൊക്കെ കിട്ടിയതല്ലേ. അതു പോലെ ‘വാനപ്രസ്ഥം’ ഒഴിവാക്കപ്പെട്ടു. ‘ഹിസ്റ്ററി ഓഫ് മലയാളം സിനിമ’ പറയുമ്പോൾ അതിനകത്ത് എന്റെയൊരു ചിത്രമില്ല. കേരളത്തിന് മൂന്നു നാഷണൽ അവാർഡുകൾ കൊണ്ടു വന്ന ആളെന്ന നിലയ്ക്ക് അങ്ങനെ വരുമ്പോള്‍ സങ്കടം തോന്നും.
ഇതു നോക്കൂ, ചാർലി ചാപ്ലിൻ അവാർഡ് ആണ്. അദ്ദേഹത്തിന്റെ വീട്ടിൽ ഞാൻ പോയത് ഈ അവാര്‍ഡ് സ്വീകരിക്കാൻ വേണ്ടിയായിരുന്നു. അപ്പോൾ അദ്ദേഹത്തിന്റെ വീട്ടിൽ എനിക്കൊരു സ്ഥാനമുണ്ടെങ്കിൽ ഇവിടെ അത് വേണ്ടെന്നു വെച്ചതായേ എനിക്കെടുക്കാൻ സാധിക്കുകയുള്ളൂ. അത് മറന്നു പോയതല്ല, വേണ്ട എന്ന് വെച്ചത് എന്തു കൊണ്ടാണ് എന്നാണ് ഞാൻ ചോദിക്കുന്നത്. 2017ൽ അവർ വേണ്ടെന്നു വെച്ചത് 2018ൽ എനിക്കും വേണ്ടെന്നു വെച്ചു കൂടെ? അത് വളരെ ഈസിയാണ്, അല്ലേ? അതു പോലൊരു റിഫ്ലക്സ് ആണിത്.

‘ഓള്’ ഐഎഫ്എഫ്കെയ്ക്ക് അയച്ചു കൊടുത്തിരുന്നില്ലേ?
ഇല്ല. എന്റെ കൂടെ അക്കാദമിയിൽ ഉണ്ടായിരുന്ന, ടെക്നിക്കൽ സൈഡിൽ ഉള്ള ഒരു ഗോപീകൃഷ്ണൻ ഉണ്ട്. ഗോപി വന്ന് എന്നോട് ചോദിച്ചു, എന്താണ് ‘ഓള്’ ഐഎഫ്എഫ്കെയ്ക്ക് കൊടുക്കാത്തത് എന്ന്. ഞാനപ്പോൾ ഇക്കാര്യങ്ങളെല്ലാം പറഞ്ഞു. അത് കഴിഞ്ഞ്, എൻട്രികൾ സ്വീകരിക്കുന്ന ടൈം കഴിഞ്ഞപ്പോൾ, അതിൽ ‘ഓള്’ വന്നിട്ടില്ല എന്നു മനസ്സിലായപ്പോഴാണ് അക്കാദമിയിൽ നിന്നും കമൽ എന്നെ വിളിക്കുന്നത്. ചിത്രത്തിന്റെ പാർട്ടിസിപ്പേഷൻ ഇല്ലാത്തതു കൊണ്ട് ഇത്തവണത്തെ ചെയർമാനായി വരാൻ പറ്റുമോ എന്നു ചോദിച്ചു.
വേണ്ടെന്നു വച്ചോരിടത്ത് പിന്നെ പോണോ? നമ്മൾ വീട്ടിൽ ചെല്ലുന്നതിന് മുൻപ് തന്നെ കതക് അടച്ചാൽ, എന്തു കൊണ്ട് തന്നില്ല എന്നൊക്കെ ചോദിക്കുന്നത് അത്ര കണ്ട് ശരിയുമല്ല. അവരുടെ ഒരു ‘കൾച്ചറൽ എൻലൈറ്റ്മെന്റ്’ ആണത്.
ആരോ എന്നോട് പറഞ്ഞു, ബീന എന്നോട് കെഞ്ചി കെഞ്ചിയൊക്കെ ചോദിച്ചു എന്ന് കേട്ടല്ലോ എന്ന്. ഇല്ല, ബീന എന്നോട് ചിത്രം മേളയ്ക്ക് കൊടുക്കന്ന കാര്യം ചോദിച്ചിട്ടില്ല. ഒരു ദിവസം അവര്‍ എന്നെ വിളിച്ചപ്പോൾ പറഞ്ഞത്, ‘അത് (ചിത്രത്തിന്റെ ജോലികള്‍) തീർന്നിട്ടില്ലെന്നു ഞാൻ വിചാരിച്ചു’ എന്നാണ്. അതൊക്കെ പോട്ടെ. ഞാൻ പറയുന്നത് എന്താണെന്നു വെച്ചാൽ, 25 ആം വയസ്സിലൊരു നാഷണൽ അവാർഡൊക്കെ കിട്ടിയപ്പോൾ കോമേഴ്സ്യൽ സിനിമയുടെ ഭാഗമായി മാറാൻ എളുപ്പമായിരുന്നു എനിക്ക്. എന്നിട്ടും അതൊന്നും ചെയ്യാതെ സിനിമ യോട്, ആ കലാരൂപത്തോട് കമ്മിറ്റ് ചെയ്ത് നിൽക്കുകയായിരുന്നു ഞാന്‍. ആറോ ഏഴോ പടങ്ങളേ ഞാൻ ചെയ്തിട്ടുള്ളൂ. കൂടുതൽ പടങ്ങൾ ചെയ്യാൻ താൽപ്പര്യം ഉണ്ടായിരുന്നോ എന്നു ചോദിച്ചാൽ, എന്റെ പകുതിയിലേറെ ജീവിതം ഈ അക്കാദമിക്ക് വേണ്ടിയായിരുന്നു. കേരള ചലച്ചിത്ര അക്കാദമി ഉണ്ടാക്കുക,ഫെസ്റ്റിവൽ ഉണ്ടാക്കുക ഇത്തരം കാര്യങ്ങൾക്കൊക്കെ വേണ്ടിയാണ് ചെലവഴിച്ചത്. വേറെയും സോഷ്യൽ കോൺഷ്യസ്നെസ്സ് വേണ്ട ഇടങ്ങളില്‍ എന്‍ഗേജ് ചെയ്യുന്നുണ്ടായിരുന്നു.
ഇങ്ങനെ പറയുമ്പോൾ ഷാജി എൻ കരുൺ എന്ന ഫിലിം മേക്കർക്കെതിരെ ബോധപൂർവ്വമായ നീക്കമുണ്ടെന്ന് കരുതുന്നുണ്ടോ?
ഷാജി എൻ കരുൺ: അങ്ങനെയല്ല. നമ്മളെ വിശ്വസിക്കുന്ന കുറച്ചു പേർ കാണും. നമ്മളോട് ദേഷ്യമുളള വലിയൊരു ഗ്രൂപ്പും കാണും. ഈ ചെറിയ ഗ്രൂപ്പിനെയാണ് എനിക്കിഷ്ടം. വലിയ ഗ്രൂപ്പിനെയല്ല. അല്ലെങ്കിൽ കൊമേഴ്സ്യൽ സിനിമയുടെ കൂടെ പോകാമായിരുന്നല്ലോ?
ആദ്യം ‘പിറവി’ എടുത്തപ്പോൾ അതൊരു ആക്സിഡന്റ് ആണെന്നാണ് ആ വലിയ ഗ്രൂപ്പ് ആദ്യം പറഞ്ഞത്. എന്നാൽ രണ്ടാമത്തെ ചിത്രം വരട്ടെ എന്നായി. രണ്ടാമത്തെ ചിത്രം (‘വാനപ്രസ്ഥം’) വന്നപ്പോൾ അത് കാനിൽ കോംപറ്റീഷൻ വിഭാഗത്തില്‍ തെരഞ്ഞെടുത്തു. പിന്നീട് തുടർച്ചയായി റെസിസ്റ്റൻസ് പറയുകയാണ് ഇതിനകത്തുള്ള ഒരു കൂട്ടം ആളുകൾ.
ഇപ്പോഴാകട്ടെ, എന്റേൽ ഒന്നും ഇല്ല, എന്നിൽ നിന്നും ഒന്നും വരാൻ ഇല്ല, എല്ലാം നശിച്ചു പോയി എന്ന രീതിയിലുള്ള വിലയിരുത്തലുകളാണ്. എന്നാൽ, ഈ പറയുന്ന വ്യക്തികൾ സിനിമയ്ക്ക് നൽകിയ സംഭാവന എന്താണ്? ഒരു ക്യാമറ കൊടുത്താൽ അതെവിടെ കൊണ്ടു വയ്ക്കണമെന്നു പോലും അറിയാത്ത ആളുകളാണ്, സ്വയം പ്രൂവ് ചെയ്തിട്ടില്ലാത്ത ആളുകളാണ് ഇത് പറയുന്നത്.
ഇങ്ങനെ പറയുന്നവർ ആരാണ്? അക്കാദമിയിലുളളവരാണോ അതോ സിനിമയുടെ മറ്റ് മേഖലകളിലുളളവരാണോ?
ഷാജി എൻ കരുൺ: ഇതു പറഞ്ഞു നടക്കുന്ന ആൾക്കാർക്ക് ഒരു ടാഗ് ഉണ്ടാകും. അതിലേറ്റവും വിഷമമുള്ള കാര്യമെന്താന്ന് വെച്ചാൽ, അത് ക്രിട്ടിക്ക് എന്ന ടാഗാണ്. വളരെ സത്യസന്ധമായൊരു ഫിലോസഫിക്കൽ പേരാണത്. ആ പേര് ഏറ്റെടുത്ത് ഈ വർത്തമാനം പറയുമ്പോഴാണ് അവർ സിനിമയ്ക്ക് വേണ്ടി എന്താണ് ചെയ്തത് എന്നു ചോദിക്കേണ്ടി വരുന്നത്. അവരു ചെയ്ത കാര്യങ്ങൾ പത്തു തലമുറ കഴിഞ്ഞാൽ ഓർക്കുമോ?
ലോകത്തിലെ എല്ലാ ക്രിട്ടിക്കുകളും അഭിമാനത്തോടെ പറയുന്ന ഒരു കാര്യം, എനിക്കൊരാളെ കണ്ടു പിടിക്കാൻ പറ്റി എന്നാണ്. കാനിലൊക്കെ പോവുമ്പോൾ അവിടുത്തെ ക്രിട്ടിക്കുകളൊക്കെ പറയുക,എനിക്കൊരാളെ കണ്ടെത്താൻ പറ്റി, അയാള്‍ പിന്നീട് വലുതായി എന്നാണ്. അതിലൊരു ബഹുമാനം ഉണ്ട്. അങ്ങനെ ഒരു അവസരം ഇവിടെ ഉണ്ടായിട്ടുണ്ടോ? ഒരാളെ നമ്മൾ പുതുതായി കണ്ടുപിടിച്ച് അയാളെ ഒരു നല്ല ഫിലിം മേക്കറാണെന്ന തലത്തിൽ വളർന്ന് ലോകത്തിന്റെ ആളായി മാറുമ്പാൾ ഈ കണ്ടുപിടിച്ച ആൾക്കുള്ളൊരു ബഹുമാനം ഇല്ലേ? അങ്ങനെയൊരു വ്യക്തിത്വം ഉണ്ടാക്കാൻ പറ്റിയിട്ടുണ്ടോ കേരളത്തിൽ?
കാലത്തിന് മുന്നേ സഞ്ചരിക്കേണ്ട ആളാണ് ക്രിട്ടിക്ക്. ആ പേര് ഉപയോഗിക്കുന്നതിൽ അല്ല കാര്യം, ദീർഘവീക്ഷണമുള്ള വ്യക്തികൾ ആവണം. അതൊക്കെ ഇവിടെ നഷ്ടപ്പെടുന്നു.
അക്കാദമി ആയാലും മറ്റെന്തായാലും വേണ്ടത് കണ്ടുപിടിച്ച വ്യക്തിത്വത്തെ കുറിച്ചുള്ള ബഹുമാനങ്ങളാണ്. അത്തരം ബഹുമാനങ്ങൾ ഉണ്ടാവേണ്ട ഒരു സ്ഥലമായാണ് നമ്മളതിനെ കൺസീവ് ചെയ്യുന്നത്. പക്ഷേ അതല്ല ഉണ്ടാവുന്നത്, കുഴിച്ചു മൂടാനുള്ള ശ്രമങ്ങളാണ്. അത്തരം ശ്രമങ്ങൾ ഉണ്ടാക്കുന്ന വേദനകൾ, അതിനുള്ള ശ്രമങ്ങളാണെന്ന് പൂർണമായി വിശ്വസിക്കുന്നതിന്റെ, വളരെ ചെറിയൊരു റെസിസ്റ്റൻസ് ആയിരിക്കാം ഞാനെന്റെ ചിത്രം അവിടെ കൊടുത്തില്ല എന്നത്. വേണമെങ്കിൽ വിളിച്ചു പറഞ്ഞ് നശിപ്പിക്കാമായിരുന്നു, പക്ഷേ ഞാനത് ചെയ്യാത്തത്, ആ ഓർഗനൈസേഷൻ നമുക്ക് ജീവിതത്തിൽ ആവശ്യമാണ് എന്നതു കൊണ്ടാണ്.

താങ്കളുടെ കൂടെ അധ്വാനത്തിന്റെയും വിയർപ്പിന്റെയും ഫലമല്ലേ അക്കാദമി. രജത/സുവർണ ചകോരങ്ങൾ എന്ന ആശയത്തിന് പിറകിലും താങ്കൾ ഉണ്ടെന്ന് കേട്ടിട്ടുണ്ട്?
ഷാജി എൻ കരുൺ: ചകോരം മാത്രമല്ല, അരവിന്ദേട്ടന്റെ (സംവിധായകന് അരവിന്ദന്) ‘തോൽപ്പാവ കൂത്ത്’ എന്ന ആശയം. അഹമ്മദാബാദിലെ നാഷണൽ സ്കൂൾ ഓഫ് ഡിസൈനിലെ ആർട്ടിസ്റ്റിനെ ഒരു മാസം തിരുവനന്തപു രത്ത് വീടെടുത്തു താമസിപ്പിച്ച് ഒരുപാടെണ്ണം ഡിസൈൻ ചെയ്യിപ്പിച്ചെടുക്കുകയായിരുന്നു. നിഴൽ എന്നൊരു ആശയത്തിൽ നിന്നും വന്നതാണ് ലോഗോയിലെ ആ തോൽപ്പാവകൂത്ത്. അരവിന്ദേട്ടൻ അന്ന് ഒരു ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ പോസ്റ്ററിന് വേണ്ടി ഒരു തോൽപ്പാവയെ വെച്ചൊരു പോസ്റ്റർ വരച്ചു കൊടുത്തിരുന്നു. അതൊരു കൈ വെച്ചിട്ടുളള ഡിസൈൻ ആയിരുന്നു. അതിൽ നിന്നും പിന്നീട് ഞങ്ങൾ സ്റ്റൈലൈസ് ചെയ്തതെടു ത്തതാണ് ഇന്ന് കാണുന്ന ലോഗോ. അതിന്റെ ഡോട്ട്, കണ്ണ്, സ്റ്റാർ ഒക്കെ അങ്ങനെ ചെയ്തെടുത്തതാണ്.
‘നിലാവ് ഭക്ഷിക്കുന്ന പക്ഷി എന്നാണ് ചകോരത്തെ വിശേഷിപ്പിക്കുന്നത്. രാത്രിയാകുമ്പോൾ കിട്ടുന്ന ഒരു നിലാവാണ് സിനിമയെന്ന് കൺസീവ് ചെയ്തതു കൊണ്ടാണ് ചകോരമെന്ന ആശയം കൊണ്ടു വന്നത്. അന്നെന്നോട് അതിനെ പ്രതിരോധിച്ച് ചിലർ സംസാരിച്ചു. ‘അതിന്റെ കണ്ണ് ചുവന്നിരിക്കുകയാണല്ലോ, ചകോരം കമ്മ്യൂണിസ്റ്റാണല്ലോ’ എന്നൊക്കെ ചോദിച്ചു. സിനിമാക്കാർ മൊത്തം കള്ളു കുടിയന്മാർ ആയതു കൊണ്ടാണോ ചുമന്നിരിക്കുന്നത് എന്നു ചോദിച്ചവരുമുണ്ട്. ഇതാണ് ക്രിട്ടിസിസത്തിന്റെ ഒരു സ്വഭാവം. പറയുന്ന ആളിന്റെ സ്വഭാവമാണ് അതില്‍ നിന്നും വ്യക്തമാവുന്നത്. ആ വ്യക്തിയുടെ സ്വത്വം അയാൾ പറയുന്ന കാര്യങ്ങളിലൂടെ പുറത്തു വരികയാണ്.
എന്നെ അവിടെ നിന്ന് ഒഴിവാക്കിയാലും, എന്നെക്കുറിച്ചുള്ള വിവരങ്ങള്‍ കിട്ടാന്‍ പ്രയാസമില്ലല്ലോ. അപ്പുറത്തു നിൽക്കുന്ന സത്യത്തെ കുഴിച്ചു മൂടാൻ സമ്മതിക്കാത്ത ഇൻഫർമേഷൻ ടെക്നോളജി ഉള്ള കാലത്താണ് നമ്മൾ ജീവിക്കുന്നത്. ആ ഇൻഫർമേഷൻ ടെക്നോളജിയുടെ ശക്തി മനസ്സിലാക്കാതെ ഒരാൾ ഞാനാണ് വലിയ ശക്തി എന്നു ആലോചിക്കുമ്പോൾ അതിന്റെ വിഡ്ഡിത്തരം ഒന്നു ആലോചിച്ചു നോക്കൂ. അത്രയ്ക്ക് അധികം ഇൻഫർമേഷൻ ആണ് ചുറ്റും കിടക്കുന്നത്.
എന്റെ കയ്യിൽ നിന്നും കൂടുതൽ പടങ്ങൾ വേണമെന്ന് അവർ ആഗ്രഹിച്ചിരുന്നെങ്കിൽ അവരുടെ നന്മയെ പറ്റി എനിക്ക് ബോധ്യം വന്നേനെ. അങ്ങനെയാണ് പലയിടത്തും സംഭവിക്കുന്നത്. അയാളിൽ നിന്ന് കൂടുതൽ പടങ്ങൾ വരട്ടെ എന്ന സഹൃദയത്വം ഉണ്ടാവുമായിരുന്നു. നശിപ്പിക്കുന്നതിനു പകരം, എന്തെങ്കിലും കിട്ടും എന്ന രീതിയിലുള്ള ഒരു സഹൃദയത്വം ഉണ്ട്. ആ സഹൃദയത്വം ഇത്തരത്തിലുള്ള സാംസ്കാരിക സ്ഥാപനങ്ങളിൽ നിന്നും പുറന്തള്ളപ്പെടുന്നുണ്ട്. അവിടെയാണ് പ്രശ്നങ്ങൾ വരുന്നത്.
അവിടെ ഇരിക്കുന്ന വ്യക്തികൾ എങ്ങനെ അവിടെ കടന്നു കൂടി? അവരാണോ അത്തരമൊരു സ്ഥാപനം നോക്കേണ്ടത്? സഹൃദയത്വം ഉള്ളൊരു ഗ്രൂപ്പാണോ അത്? ഈ സ്ഥാനത്ത് ഇരിക്കുന്ന ആൾക്കാര് ഇന്റർനാഷണൽ ലെവലിൽ അയാളുടെ വർക്കുമായി ബന്ധപ്പെടുക യാണെങ്കിൽ അയാളുടെ പ്രസൻസ് അവിടെ എന്തായിരിക്കും? അവരുടെ സംഭാവനകൾ എന്താണ്? അവര്‍ ഫൊട്ടോഗ്രാഫർ ആവാം, എഡിറ്റർ ആവാം, ചിലർ സംവിധായകൻ ആവാം. പക്ഷ ഇന്റർനാഷണൽ ലെവലിൽ അവരുടെ പ്രസൻസ് എന്താണ്?ഇതൊക്കെ ചോദ്യങ്ങളാണ്.
സർക്കാറിന് പൈസ ഉണ്ടെങ്കിൽ നന്നായി നടത്താം, ഇല്ലെങ്കിൽ നടത്താൻ പറ്റില്ലെന്ന് പ്രൂവ് ചെയ്തൊരു ഫെസ്റ്റിവൽ അല്ലേ, ഇപ്പോൾ കടന്നു പോയതും. ആരാണ് ഉത്തരവാദി? പൈസ അല്ലേ അപ്പോള്‍ ഉത്തരവാദി? ഈ ഫെസ്റ്റിവൽ നടത്താൻ കിട്ടുന്ന പൈസ കൊച്ചിയിലെ ഒരു ഫിലിം ക്ലബ്ബിന് കൊടുത്താലും അവരിതു പോലെ നടത്തും. വലിയ വ്യത്യാസം ഒന്നും ഉണ്ടാകില്ല. അപ്പോൾ, ആർക്കും നടത്താവുന്ന ഒന്നായി മാറുകയല്ലേ ഫിലിം ഫെസ്റ്റിവൽ.
ഒരു അഞ്ച് വർഷം കഴിയുമ്പോൾ നമ്മൾ ഈ കാണുന്ന പടങ്ങളെല്ലാം ഫോണിൽ കിട്ടും. അപ്പോൾ എന്താണ് ഫെസ്റ്റിവലിന്റെ പ്രസക്തി? ഫെസ്റ്റിവൽ മാത്രമാണോ നമ്മൾ നടത്തേണ്ടത്, നമ്മുടെ സാധ്യതകളെ കുറിച്ച് കൂടി അന്വേഷിക്കേണ്ടതില്ലേ? അതെത്രത്തോളം ചെയ്യുന്നുണ്ട്?

എങ്ങനെയാണ് അത് ചെയ്യേണ്ടത് എന്നാണ് താങ്കള്‍ കരുതുന്നത്?
ഷാജി എൻ കരുൺ: ഇവിടെ ഓർഗനൈസർ ഒരു ഫിലോസഫർ അല്ല. ഓർഗനൈസർ ഫിലോസഫർ ആവുമ്പോൾ അതിന്റെ വാല്യു സിസ്റ്റത്തിന് ഒരു വ്യത്യാസം വരും. അഞ്ചു വർഷം കഴിയുമ്പോൾ ഇതിന്റെ നിലവാരം എന്താവുമെന്ന് കൂടി കാണാൻ കഴിയണം. അത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്തത് കൊണ്ടാണ് കാനും വെനീസുമൊക്കെ ഉണ്ടായത്. അതിന്റെ മുൻപോട്ടുള്ള പോക്കിനെ കുറിച്ചുള്ള ധാരണ ഉണ്ടാവണം. ആ ധാരണയില്ലാതെ വരുമ്പോൾ എല്ലാ കൊല്ലവും ഇതൊരു വെറും സെലബ്രേഷൻ ആയി തീരും. മേളയ്ക്ക് പിറകിലെ ഫോഴ്സ്, വിഷൻ അതൊന്നും ഇപ്പോൾ മുന്നോട്ടു പോകുന്നില്ല. ആ വിഷൻ മുന്നോട്ടു കൊണ്ടു പോകാൻ പറ്റാത്ത ഒരു വ്യക്തിയെ ഒരു അക്കാമദീഷൻ എന്നു പറയാനാവില്ല. അക്കാദമീഷൻ ഉണ്ടായാലേ അക്കാദമി ഉണ്ടാകൂ. അത്തരം പ്രശ്നങ്ങൾ കൊണ്ടാണ് ഞാൻ മാറി നിൽക്കുന്നത്.
അക്കാദമി ഉണ്ടാക്കിയ കാലത്ത് ആ വിഷൻ ഉണ്ടായിരുന്നു. 25ആം വർഷത്തിൽ എത്തുമ്പോഴേക്കും ഏഷ്യയിലെ ഏറ്റവും നല്ല ക്യാരക്ടർ ഉള്ളൊരു ഫെസ്റ്റിവലായിട്ടായിരുന്നു ഞാനിതിനെ കണ്ടത്. അതുകൊണ്ടാണ് നമ്മൾ ലാറ്റിനമേരിക്ക, ഏഷ്യ, ആഫ്രിക്ക രാജ്യങ്ങളിൽ നിന്നുള്ള ചിത്ര ങ്ങളിലേക്ക് ശ്രദ്ധയൂന്നുന്നത്. കാരണം നമ്മൾ മൂന്നു പേരും അനുഭവിക്കുന്ന വിഷമങ്ങൾ ഒന്നാണ്. ഈ മൂന്നിടങ്ങളിലേയും ഫിലിം മേക്കർമാർ ഒരുമിച്ച് കൂടി അവരുടെ രാജ്യത്തെ വിഷമങ്ങൾ പറയുന്നൊരു പ്ലാറ്റ്ഫോമായിട്ടായിരുന്നു ഞാനിതിനെ കൺസീവ് ചെയ്തിരുന്നത്. അവർ ഇവിടെ വന്ന് അവരുടെ ബെസ്റ്റ് ചിത്രങ്ങൾ കാണിക്കുന്ന ഇന്ത്യ എന്ന രാജ്യത്തെ ഒരു പ്ലാറ്റ്ഫോം ആയിട്ടാണ് ഞാൻ ഐഎഫ്എഫ്കെയെ വിഷ്വലൈസ് ചെയ്തിരുന്നത്. ഇപ്പോൾ അതല്ല സംഭവിക്കുന്നത്, ഇതിനിടയിൽ തന്നെ ആളുകൾ തെറി പറഞ്ഞ എത്രയോ മോശം ഫിലിം ഫെസ്റ്റിവലുകൾ നടത്തിയിരിക്കുന്നു ഇവർ.
ലാറ്റിനമേരിക്ക, ആഫ്രിക്ക, ഏഷ്യൻ സിനിമകളിലെ ഫിലിംമേക്കേഴ്സ് ആണ് വളരെ പവർഫുൾ ആയ ഇന്റർപ്രെട്ടേഷൻ സിനിമയിൽ ഉണ്ടാക്കി യിട്ടുള്ളത്. ഓസ്കാർ പോലും വാങ്ങിച്ചോണ്ട് പോയത് ലാറ്റിനമേരിക്കൻ ഫിലിം മേക്കഴ്സ് ആണ്. അവരെയൊക്കെ നമ്മൾ നമ്മുടെ പ്ലാറ്റ്ഫോമിൽ ആദ്യം നിർത്തേണ്ടവരായിരുന്നു. അങ്ങനെ കൊണ്ടു പോവാൻ നമ്മൾ നമ്മുടെ കൂട്ടുകെട്ടിൽ വ്യത്യാസം വരുത്തേണ്ടി വരും. അവർ ചെയ്തു കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ ഒന്നു അനലൈസ് ചെയ്യേണ്ടതുണ്ട്. ഇത്രയും പോപ്പുലർ മീഡിയ ആവുമ്പോൾ അതിൽ തന്നെ ക്ലാരിറ്റി വേണം.
ഇത്തവണ ഐ എഫ് എഫ് കെയ്ക്ക് വരാതിരുന്നതിന് ഇതൊക്കെയാണോ കാരണം?
ഷാജി എൻ കരുൺ: ഞാൻ അവിടെ വന്നാൽ ഒരുപാട് മീഡിയക്കാര് അടുത്ത് വരും. നമ്മളിപ്പോൾ ഷെയർ ചെയ്ത ഇക്കാര്യങ്ങൾ എല്ലാം അവിടെ വെച്ച് പറയേണ്ടി വരും. അത് ആ ഫെസ്റ്റിവലിനെ ബാധിക്കുന്ന കാര്യമാണ്. പലരും വിളിച്ചിരുന്നു എന്തു കൊണ്ടാണ് വരാത്തതെന്നു ചോദിച്ചു കൊണ്ട്. പക്ഷേ ഞാനത് പറഞ്ഞിട്ടില്ല. അവിടെ വന്നു ഞാൻ ഇത് പറയേണ്ടി വരുമ്പോൾ അതെന്നെയല്ല, ആ സ്ഥാപനത്തിനെയും സർക്കാറിനെയുമാണ് ബാധിക്കുക. ഞാൻ വിശ്വസിക്കുന്നൊരു സർക്കാർ ആണിത്. അത് കൂടി ഒഴിവാക്കാനാണ് മനഃപൂർവം അവിടെ വരാതിരുന്നത്.
പിന്നെ, ഇവിടെ കാണിക്കുന്ന പടങ്ങൾ എല്ലാം കാനിലും കൽക്കത്തയിലും ഗോവയിലുമൊക്കെയായി ഞാൻ കണ്ടതാണ്. അതിൽ നിന്നും വ്യത്യസ്തമായി ഒന്നും ഇവിടെ വന്നിട്ടില്ല. മേളയ്ക്കൊരു ക്യാരക്റ്റർ ഉണ്ടായിരുന്നെങ്കിൽ വ്യത്യസ്തമായ സിനിമകൾ ഇവിടെ വന്നേനെ.
നമ്മളൊരു വലിയ വിഷന്റെ ഭാഗമായി ചെല്ലുമ്പോൾ ആദ്യം ആരും നമ്മളെ തിരിച്ചറിയില്ല. ഒരു മാസ്സ് ഒരു കാലത്തും മറ്റൊരു മാസ്സിനെ ചേഞ്ച് ചെയ്തിട്ടില്ല. ഒരു ഇൻഡിവിച്വൽ ആണ് ഒരു മാസ്സിനെ ചേഞ്ച് ചെയ്യുന്നത്. ഗാന്ധി, മണ്ടേല ഒക്കെ അതിനുള്ള ഉദാഹരണമാണ്. എല്ലാ കൾച്ചറൽ ആക്ഷൻസിനും അത് ആവശ്യമാണ്.
നശിപ്പിക്കാൻ ഇഷ്ടം പോലെ ആൾക്കാര് കാണും. പക്ഷേ കാര്യങ്ങൾ മനസ്സിലാക്കി കൊടുക്കുമ്പോൾ, നമ്മൾ ഒറ്റയ്ക്കായി പോവുന്ന ഒരുപാട് സന്ദർഭങ്ങൾ കാണും. അങ്ങനെ ഒറ്റയ്ക്കായി പോവുന്നതും ഒരു പ്രസന്‍സ് തന്നെയാണ്. അങ്ങനെയെ ഞാനാലോചിക്കുന്നുള്ളൂ. ഒഴുക്കിനെതിരെ നീന്താൻ നമ്മളെപ്പോഴും ശീലിച്ചിട്ടുണ്ട്.
എന്തു കൊണ്ട് ഇങ്ങനെ സംഭവിച്ചു എന്ന് അക്കാദമിയോട് ചോദിച്ചില്ലേ?
ഷാജി എൻ കരുൺ: ഞാൻ ഇതിന് മുൻപ് കമലിനൊരു വലിയ കത്തെഴുതിയിരുന്നു. എന്തു കൊണ്ട് ഇത് സംഭവിച്ചു എന്ന് എനിക്കറിയണം എന്നു പറഞ്ഞ്. ഒരു ബുക്ക് കത്തിച്ചത് കൊണ്ട് കൾച്ചർ നഷ്ടമാവുമോ എന്നാണ് ഞാൻ കമലിനോട് ചോദിച്ചത്. കമൽ കുറച്ചു നാൾ കഴിഞ്ഞ് മാപ്പു പറഞ്ഞു കൊണ്ട് ഒരു മെയിൽ അയക്കുകയൊക്കെ ചെയ്തു. അങ്ങനെ ചെയ്തത് തന്നെ വലിയൊരു കാര്യമായാണ് ഞാന്‍ കാണുന്നത്. ഞാനത് പ്രതീക്ഷിച്ചതു പോലുമുണ്ടായിരുന്നില്ല.

അക്കാദമി വിഷനിൽ നിന്ന് അകലുന്നു എന്നതാണ് അങ്ങയുടെ പ്രതിരോധത്തിന്റെ അടിസ്ഥാനം?
ഷാജി എൻ കരുൺ: വിഷൻ നമ്മൾ ഉണ്ടാക്കേണ്ടതാണ്. വൈലോപ്പിള്ളിയുടെ കാക്കയെ കുറിച്ചുള്ള ചിന്ത തന്നെ ഓർത്തു നോക്കൂ. ചുറ്റുപാടുകൾ നല്ല രീതിയിൽ നിരീക്ഷിക്കുന്നത് കൊണ്ടാണ് അത് അദ്ദേഹത്തിന് മനസ്സിലാവുന്നത്. തന്നെ കുറിച്ച് മാത്രമാണ് ചിന്തകളെങ്കിൽ അതിന് കഴിയില്ല.
ഈ പടത്തിന്റെ ഏറ്റവും വലിയ സുഖം എന്താണെന്ന് വെച്ചാൽ അത് ഒറ്റക്കാണ്. ക്യാപിറ്റലൈസേഷന്റെ ഒരു ഫിലോസഫിയാണ് ഒറ്റയ്ക്കാക്കുക എന്നത്. എന്നാലേ ഓടിച്ചിട്ടു പിടിക്കാൻ കഴിയൂ. അത് ക്യാപിറ്റലൈസേഷന്റെ പ്രഷർ ആണ്. ഭാഷയും പാട്ടും ഒക്കെ ഉണ്ടായത് മനുഷ്യർ ഒറ്റയ്ക്കാവരുതെന്ന് വിചാരിച്ചിട്ടാണ്. എല്ലാവരും ഒന്നിച്ചിരിക്കണം എന്നോർത്താണ്. പക്ഷേ ഇന്നതല്ല അവസ്ഥ. ഒറ്റയ്ക്ക് നിൽക്കാനുള്ള എന്റെ ശ്രമങ്ങളാണ് കൂടുതലും. എല്ലാ നന്മകളും വേദനയിൽ നിന്നാണ് ഉണ്ടായിട്ടുള്ളത്. യുദ്ധത്തിൽ നിന്നാണ് യുദ്ധം വേണ്ടെന്ന തീരുമാനം ഉണ്ടായത്. അതു കൊണ്ട് ഒരു വിഷമമായി എടുക്കണ്ട. നന്മയിലേക്കുള്ള ഒരു വഴിയായി കണ്ടാൽ മതി.