ഏകദേശം മൂന്നു വർഷത്തിനുള്ളിൽ പതിനാറോളം ചലച്ചിത്രങ്ങളിലഭിനയിച്ച ആനി, 1993 ൽ ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ‘അമ്മയാണെ സത്യം’ എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. പിന്നീട് സംവിധായകൻ ഷാജി കൈലാസുമായുള്ള വിവാഹത്തോടെ അഭിനയ രംഗത്തോട് വിട പറഞ്ഞു. ഇന്ന് ആനിയുടെ ജന്മദിനമാണ്. പ്രിയതമയ്ക്ക് ജന്മദിനാശംസകൾ നേരുകയാണ് ഷാജി കൈലാസ്.

“തങ്ങൾ സ്വപ്നം കണ്ട പോലെ ഒരു നല്ലപാതിയെ ലഭിക്കുക എന്ന അനുഗ്രഹം എല്ലാവർക്കും ഉണ്ടായെന്ന് വരില്ല. പക്ഷെ എനിക്ക് കിട്ടി. എന്നെ സന്തോഷിപ്പിക്കുന്നതും എന്നെ സങ്കടപ്പെടുത്തുന്നതും എന്താണെന്ന് അവൾക്കറിയാം. എന്റെ എല്ലാ സന്തോഷത്തിലും സങ്കടത്തിലും അവൾ എന്നോടൊപ്പം ഉണ്ട് …
നിന്നോടുള്ള എന്റെ സ്നേഹവും കരുതലും പ്രകടിപ്പിക്കാൻ ഒരു ആശംസ മാത്രം പോരാ …. എന്റെ പ്രിയപ്പെട്ടവൾക്ക് ജന്മദിനാശംസകൾ,” ഷാജി കൈലാസ് കുറിച്ചു.

അടുത്തിടെ ഇരുവരുടേയും വിവാഹ വാർഷിക ദിനത്തിലും വളരെ ഹൃദയസ്പർശിയായ ഒരു കുറിപ്പാണ് ഷാജി കൈലാസ് പങ്കുവച്ചത്.

”ഇണക്കങ്ങളും പിണക്കങ്ങളും നിറഞ്ഞ മനോഹരമായ 24 വർഷങ്ങൾ… ഞാനും എന്റെ ആനിയും ഒന്നിച്ചുള്ള മനോഹരമായ യാത്ര തുടരുകയാണ്… പരസ്പര ബഹുമാനത്തോടും സ്നേഹത്തോടും തുല്യതയോടും കൂടിയുള്ള ഈ യാത്രയിൽ കൂട്ടും കരുത്തുമായി നിൽക്കുന്ന ഏവർക്കും ഒത്തിരിയേറെ നന്ദി…

Read More: മേക്കപ്പ് ഇടാറില്ലെന്ന് നിമിഷ പറഞ്ഞപ്പോൾ എനിക്ക് ആകാംക്ഷ തോന്നി; ട്രോളുകൾക്ക് ആനിയുടെ മറുപടി

ഞാനീ ലോകത്ത് ഏറ്റവുമധികം ബഹുമാനിക്കുന്ന, ഒരു പുൽനാമ്പിനെ പോലും വേദനിപ്പിക്കുവാൻ ആഗ്രഹിക്കാത്ത ആനിയെ സ്വന്തമാക്കിയ എന്നെ സംബന്ധിച്ചിടത്തോളം ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ ഞാൻ തന്നെയാണ്. സന്തോഷങ്ങളും പരിഭവങ്ങളും പങ്ക് വയ്ക്കുവാൻ അമ്മ അരികില്ലാത്ത ആനിക്ക് ഞാൻ ഒരു അമ്മയാണ്… അവളുടെ എല്ലാമാണ്… വളച്ചൊടിക്കപ്പെട്ട പലതിനും മുന്നിൽ അവൾ തളർന്നേക്കാം… സങ്കടപ്പെട്ടേക്കാം… പക്ഷേ പതറാതെ തളരാതെ അവൾക്ക് കരുത്തായി ഇന്നും എന്നും ഞാൻ കൂടെയുണ്ടാകും…

ലോകം മുഴുവൻ വിഷമിക്കുന്ന ഈ ഒരു വേളയിൽ ഞങ്ങൾക്കും ആഘോഷങ്ങൾ ഇല്ല… വേഗം ലോകം മുഴുവൻ സുഖം പ്രാപിക്കട്ടെ… എല്ലാവർക്കും നന്മയും ആരോഗ്യവും നേരുന്നൂ….” എന്നായിരുന്നു ഷാജി കൈലാസ് കുറിച്ചത്.

Read More: ‘അമ്മ അരികിലില്ലാത്ത ആനിക്ക് ഞാൻ അമ്മയാണ്, അവളുടെ എല്ലാമാണ്’

പത്താം ക്ലാസിൽ പഠിക്കുമ്പോൾ ദൂരദർശൻ ചാനലിനു വേണ്ടി ബാലചന്ദ്ര മേനോനെ അഭിമുഖം ചെയ്യാനെത്തിയ ആനിയെ അദ്ദേഹം തന്റെ ‘അമ്മയാണെ സത്യം’ എന്ന സിനിമയിലേക്ക് നായികയായി ക്ഷണിച്ചു, അങ്ങനെ 1993 ൽ ‘അമ്മയാണെ സത്യം’ എന്ന സിനിമയിലൂടെ ആനി തന്റെ കലാജീവിതം ആരംഭിച്ചു. തുടർന്ന് കുറച്ചു കാലം പഠനത്തിന്റെ തിരക്കിലായി സിനിമാ രംഗത്ത് നിന്ന് വിട്ടു നിന്ന ആനി ഷാജി കൈലാസ് സംവിധാനം ചെയ്ത ‘രുദ്രാക്ഷം’ എന്ന ആക്ഷൻ സിനിമയിലൂടെ സുരേഷ് ഗോപിയുടെ നായികയായി അഭിനയ രംഗത്ത് തിരിച്ചെത്തി. തുടർന്ന് ‘അക്ഷരം’ എന്ന സിനിമയിലും സുരേഷ് ഗോപിയുടെ നായികയായി. കമൽ സംവിധാനം ചെയ്ത ‘മഴയെത്തും മുൻപേ’ ആനിയുടെ അഭിനയ ജീവിതത്തിലെ മികച്ച ചിത്രങ്ങളിലൊന്നായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook