മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്നു ആനി എന്ന ചിത്ര ഷാജി കൈലാസ്. സിനിമ വിട്ട് കുടുംബജീവിതത്തിന്റെ തിരക്കുകളിൽ ജീവിക്കുമ്പോഴും ടെലിവിഷൻ പരിപാടിയുമായി ആനി ഇപ്പോഴും പ്രേക്ഷകർക്കൊപ്പമുണ്ട്. ആനിയുടെ ജൻമദിനമായിരുന്നു കഴിഞ്ഞ ദിവസം. ജൻമദിന നാളിൽ പ്രിയപ്പെട്ടവൾക്ക് ആശംസകൾ നേർന്ന് ആനിയുടെ ഭർത്താവും മലയാളത്തിന്റെ പ്രിയ സംവിധായകനുമായ ഷാജി കൈലാസ് ഫെയ്സ്ബുക്കിൽ ആശംസ അറിയിച്ചു.

‘എന്നെ കൂടുതൽ നല്ല വ്യക്തിയാക്കാൻ പ്രേരിപ്പിക്കുന്ന പ്രിയപ്പെട്ടവൾക്ക് പിറന്നാൾ ആശംസകൾ. എപ്പോഴും എനിക്കു നൽകുന്ന സ്നേഹത്തിനും കരുതലിനും നന്ദി. ഒരു ഭാര്യയിലും അമ്മയിലും ഏതൊരാളും ആഗ്രഹിക്കുന്ന എല്ലാം നിന്നിലുണ്ട്. ഓരോ ദിവസവും നിന്റെ മുഖത്ത് കൂടുതൽ മനോഹരമായ പുഞ്ചിരി വിരിയിക്കാൻ ഞാൻ ശ്രമിക്കും…നീ എന്റെ ഹൃദയത്തിൽ നിറയ്ക്കുന്നത് വർണിക്കുവാനാകാത്ത സന്തോഷമാണ്. ജന്മദിനാശംസകൾ ചിത്ര’.– ഷാജി കൈലാസ് കുറിച്ചു.

ഏകദേശം മൂന്നു വര്‍ഷത്തിനുള്ളില്‍ പതിനാറോളം ചലച്ചിത്രങ്ങളിലഭിനയിച്ച ആനി, 1993 ല്‍ ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത ‘അമ്മയാണെ സത്യം’ എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. പ്രശസ്ത സംവിധായകന്‍ ഷാജി കൈലാസുമായുള്ള വിവാഹത്തോടെ അഭിനയ രംഗത്തോട് വിട പറഞ്ഞ ആനി ഇപ്പോള്‍ ഭര്‍ത്താവും മക്കളുമൊത്ത് തിരുവനന്തപുരത്ത് താമസിക്കുന്നു.

ജോബിയുടേയും മറിയാമ്മ ജോബിയുടെയും മകളായി തിരുവനന്തപുരത്താണ് ആനിയുടെ ജനനം. ചെറുപ്പത്തില്‍ തന്നെ അമ്മയെ നഷ്ടമായ ആനി ഹോളി ഏഞ്ചല്‍സ് കോണ്‍വെന്റിലാണ് തന്റെ സ്കൂള്‍ ജീവിതം ആസ്വദിച്ചത്. പത്താം ക്ലാസില്‍ പഠിക്കുമ്ബോള്‍ ദൂരദര്‍ശന്‍ ചാനലിനു വേണ്ടി ബാലചന്ദ്ര മേനോനെ അഭിമുഖം ചെയ്യാനെത്തിയ ആനിയെ അദ്ദേഹം തന്റെ അമ്മയാണെ സത്യം എന്ന സിനിമയിലേക്ക് നായികയായി ക്ഷണിച്ചു.

അങ്ങനെ 1993 ല്‍ അമ്മയാണെ സത്യം എന്ന സിനിമയിലൂടെ ആനി തന്റെ കലാജീവിതം ആരംഭിച്ചു. തുടര്‍ന്ന് കുറച്ചു കാലം പഠനത്തിന്റെ തിരക്കിലായി സിനിമാ രംഗത്ത് നിന്ന് വിട്ടു നിന്ന ആനി ഷാജി കൈലാസ് സംവിധാനം ചെയ്ത രുദ്രാക്ഷം എന്ന ആക്ഷന്‍ സിനിമയിലൂടെ സുരേഷ് ഗോപിയുടെ നായികയായി അഭിനയ രംഗത്ത് തിരിച്ചെത്തി തുടര്‍ന്ന് അക്ഷരം എന്ന സിനിമയിലും സുരേഷ് ഗോപിയുടെ നായികയായി. കമല്‍ സംവിധാനം ചെയ്ത മഴയെത്തും മുന്‍പേ ആനിയുടെ അഭിനയ ജീവിതത്തിലെ മികച്ച ചിത്രങ്ങളിലൊന്നായി തുടര്‍ന്ന് ധാരാളം ചിത്രങ്ങളില്‍ നായികയായി തിളങ്ങിയ ആനി ഷാജി കൈലാസുമായുള്ള വിവാഹത്തോടെ അഭിനയ ജീവിതത്തോട് വിട പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook