വിനായക ചതുർത്ഥിയോട് അനുബന്ധിച്ച് ഷാരൂഖ് ഖാൻ ഫെയ്സ്‌ബുക്കിൽ പോസ്റ്റ് ചെയ്ത പടത്തിനു താഴെ മതസ്പർധ വളർത്തുന്ന കമന്റുകളുമായി വിവാദങ്ങൾക്ക് തിരികൊളുത്തുകയാണ് ചിലര്‍. ഷാരൂഖിന്റെ മകൻ കുഞ്ഞ് അബ്രാം ഗണപതിയുടെ വിഗ്രഹത്തിനെ കൈകൂപ്പി വണങ്ങി നിൽക്കുന്ന ഫോട്ടോയാണ് ഷാരൂഖ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.

ഗണപതി ഞങ്ങളുടെയാണ്, ഇതില്‍  മുസല്‍മാനായ നിങ്ങള്‍ക്കെന്തു കാര്യമെന്നും ഷാരൂഖ് മകന് നേര്‍വഴി കാണിക്കുന്നതിന് പകരം കുഴപ്പിക്കുകയാണ് ചെയ്യുന്നത് എന്നുമൊക്കെയാണ് വാദപ്രതിവാദങ്ങള്‍.

 

അബ്രാമിന്റെ ഗണപതി ‘പപ്പ’ വീടെത്തി എന്ന കമന്റോടെയാണ് ഷാരൂഖ് മകന്റെ ഫോട്ടോ പോസ്റ്റ് ചെയ്തത്. സെക്കന്റുകൾ കൊണ്ടു തന്നെ താരത്തിന്റെ പോസ്റ്റിനു താഴെ വിവിധ തരം പ്രതികരണങ്ങളുമായി ആരാധകരെത്തി. ജാതിഭേദമില്ലാതെ എല്ലാ ഇന്ത്യൻ​ ഫെസ്റ്റിവലുകളും ആഘോഷിക്കുന്ന ഷാരൂഖിനെ​ അനുമോദിക്കുന്ന കമന്റുകളോടെ താരത്തിന്റെ ആരാധകർ മുന്നോട്ടു വന്നു, “ഇതാണ് എന്റെ രാജ്യത്തിന്റെ സൗന്ദര്യം. ഒരു മുസ്‌ലിമായ മനുഷ്യൻ തന്റെ മകനെ ഹിന്ദു ദൈവങ്ങളെ കൂടി ബഹുമാനിക്കേണ്ടതെങ്ങനെയെന്നു പഠിപ്പിക്കുന്നു. ഇതാണ് എന്റെ ഇന്ത്യ”, എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്.

 

ഷാരൂഖിന്റെ മതസൗഹാർദ്ദം നിറഞ്ഞ പ്രവൃത്തിയെ അനുമോദിക്കുന്നവർക്കൊപ്പം തന്നെ തീവ്രമായ എതിർപ്പും വിദ്വേഷകമന്റുകളും പോസ്റ്റിനു താഴെ നിറയുകയാണ്. “വിഗ്രഹാരാധന നടത്തി മുസ്‌ലിമായ നിങ്ങൾ ഇസ്‌ലാം മതത്തിനെ അപകീർത്തിപ്പെടുത്തി, നിങ്ങളെ കുറിച്ചോർത്തു ലജ്ജിക്കുന്നു” എന്നു തരത്തിലുള്ള പ്രതിഷേധ കമന്റുകളും ഏറെയാണ് പോസ്റ്റിൽ.

ഗണേഷ്ജി എല്ലാ മഹാരാഷ്ട്രക്കാരുടെയും ദൈവമാണ്, അതുകൊണ്ടാണ് മുംബൈ കര്‍മ്മഭൂമിയാക്കിയിട്ടുള്ള ഷാരൂഖ് ഖാന്‍ ഗണപതിയെ ആരാധിക്കുന്നത് എന്ന് കുറിച്ച് ശബാന ആസ്മി ട്രോളുകള്‍ക്ക് പ്രതികരണവുമായി രംഗത്ത്‌ വന്നു.  ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഹിന്ദുവാണ് എന്നും ശബാന ആസ്മി കൂട്ടിച്ചേര്‍ത്തു.

രണ്ടുദിവസം മുൻപ്, മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും വീട്ടിൽ നടത്തിയ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളിലും ഷാരൂഖ് ഖാനും ഭാര്യ ഗൗരിയും പങ്കെടുത്തിരുന്നു. ഷാരൂഖിനെ കൂടാതെ ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, ആമിര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍, കരീന കപൂര്‍ ഖാന്‍, രേഖ, ഹേമാ മാലിനി, കരണ്‍ ജോഹര്‍ തുടങ്ങിയവരും അംബാനിയുടെ വീട്ടിലെ ഗണേശ ചതുർത്ഥി ആഘോഷങ്ങൾക്കായി എത്തിയിരുന്നു.

Read More: അംബാനിയുടെ വീട്ടിലെ താരനിബിഡമായ ഗണേശ പൂജാ ആഘോഷം

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ