അതിരപ്പള്ളിയില്‍ ഒരു ഗാന ചിത്രീകരണത്തിനിടെ നൃത്ത സംവിധായിക ഫാറാ ഖാന്‍ ഷാരൂഖിനോട് പറഞ്ഞു.

“ഈ വെള്ളച്ചാട്ടത്തില്‍ നിന്നും നിങ്ങള്‍ മെല്ലെ ഉയര്‍ന്നു വരുന്ന ഒരു ഷോട്ട് ഉണ്ട്. ഒരു വെള്ള മുണ്ടാണ് വേഷം.” ഇത് കേട്ട പാതി ഷാരൂഖ് ഖാന്‍ ലൊക്കേഷനില്‍ നിന്നും മുങ്ങി എന്നാണ് കഥ. മിഡ് ഡേ പത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഫാറാ ഖാന്‍ ഈ സംഭവം വെളിപ്പെടുത്തിയത്.

മണിരത്നം സംവിധാനം ചെയ്ത ‘ദില്‍ സേ’ എന്ന ചിത്രത്തിലെ ‘ജിയാ ജലേ’ എന്ന ഗാന ചിത്രീകരണത്തിനിടയിലാണ് ഇത് നടന്നത്.

“തമാശയായിട്ടാണ് ഞാന്‍ അത് പറഞ്ഞത്. എന്നാല്‍ ഷാരൂഖ് അത് കാര്യമായി എടുത്തു. പേടിച്ചിട്ടാണ് എന്ന് തോന്നുന്നു, 25 വര്‍ഷത്തില്‍ ആദ്യമായി ഷാരൂഖ് ഒരു ഷൂട്ടിംഗ് ലൊക്കേഷനില്‍ വരാതിരുന്നു. കാട്ടിലൂടെ ഡ്രൈവ് ചെയ്തു വരുമ്പോള്‍ വഴി തെറ്റിയതാണ് എന്നാണു പുള്ളി പറഞ്ഞ വിശദീകരണം. ഗൂഗിള്‍ മാപ്പ് ഒന്നും ഇല്ലാത്ത കാലമാണ് അത്. എന്തായാലും ഷാരൂഖ് വരാത്തത് കൊണ്ട് ആ ഗാനത്തില്‍ പ്രീതി സിന്റ ഒറ്റയ്ക്കുള്ള കുറച്ചു കൂടുതല്‍ ഷോട്ടുകള്‍ എടുക്കേണ്ടി വന്നു, ആ പാട്ട് ശ്രദ്ധിച്ചാല്‍ അറിയാം”, ഫാറാ ഖാന്‍ വെളിപ്പെടുത്തി.

1998ലാണ് ‘ദില്‍ സേ’ എന്ന ചിത്രം റിലീസ് ചെയ്തത്. അതിലെ ഗാനരംഗങ്ങള്‍ എല്ലാം തന്നെ വളരെ മികച്ചതായിരുന്നു. ഷാരൂഖ് ഖാന്‍ ട്രെയിനിന് മുകളില്‍ നിന്നും നൃത്തം ചെയ്യുന്ന ‘ച്ഛയ്യ ച്ഛയ്യ’ എന്ന ഗാനത്തിന് ആ വര്‍ഷത്തെ മികച്ച നൃത്തസംവിധാനത്തിനുള്ള ഫിലിംഫെയെര്‍ പുരസ്‌കാരം ലഭിച്ചു. വടക്കുകിഴക്കന്‍ ഇന്ത്യയിലെ സായുധകലാപത്തിന്‍റെ പശ്ചാത്തലത്തിലുള്ള ഒരു പ്രണയ ചിത്രമായ ‘ദില്‍ സേ’യ്ക്ക് അക്കൊല്ലത്തെ മികച്ച ക്യാമറമാന്‍ (സന്തോഷ് ശിവന്‍), മികച്ച ഓഡിയോഗ്രാഫര്‍ (എച്ച് ശ്രീധര്‍) എന്നിവയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. എ ആര്‍ റഹ്മാന്‍ സംഗീതം പകര്‍ന്ന സൂപ്പര്‍ ഹിറ്റ്‌ ഗാനങ്ങള്‍ ചിത്രത്തിന് മുതല്‍ക്കൂട്ടായി.

ഷാരൂഖ് ഖാനെക്കൂടാതെ മനീഷ കൊയ്യ് രാള, പ്രീതി സിന്റ, പിയൂഷ് മിശ്ര, ആദിത്യ ശ്രീവാസ്തവ എന്നിവരും ‘ദില്‍ സേ’യില്‍ അഭിനയിച്ചിരുന്നു. മണിരത്നം, ശേഖര്‍ കപൂര്‍, ഭരത് ഷാ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook