കമല്‍ഹാസന്‍റെ സംവിധാനത്തില്‍ 2000 ല്‍ പുറത്തിറങ്ങിയ ‘ഹേ റാം’ എന്ന ചിത്രത്തിന്‍റെ ഹിന്ദി പകര്‍പ്പാവകാശം നിര്‍മ്മാതാവ് ഭരത് ഷായില്‍ നിന്നും ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ വാങ്ങിയതായി കമല്‍ വെളിപ്പെടുത്തി. കമല്‍ നായകനായ ചിത്രത്തില്‍ ഷാരൂഖ് ഖാനും ഒരു പ്രധാന വേഷത്തില്‍ എത്തിയിരുന്നു. സെമി ഫിക്ഷന്‍ ചിത്രമായ ‘ഹേ റാം’ ഇന്ത്യയുടെ വിഭജനം, മഹാത്മാ ഗാന്ധിയുടെ കൊലപാതകം തുടങ്ങിയവ പ്രതിപാദിച്ച ഒരു ചിത്രമായിരുന്നു.

ഡിസംബര്‍ 6, 1999നാണ് ‘ഹേ റാ’മിന്‍റെ കഥ തുടങ്ങുന്നത്. ബാബറി മസ്ജിദ് തകര്‍ത്തത്തിന്‍റെ ഏഴാം വാര്‍ഷികത്തില്‍. സാകേത് രാം എന്ന കഥാപാത്രമായി കമല്‍ എത്തിയപ്പോള്‍ അംജദ് അലി ഖാന്‍ എന്ന കഥാപാത്രമായി ഷാരൂഖ്.

കമലിനെയും ഷാരൂഖിനേയും കൂടാതെ റാണി മുഖര്‍ജി, വസുന്ധരാ ദാസ്, ഹേമമാലിനി, അതുല്‍ കുല്‍കര്‍ണ്ണി, അബ്ബാസ്‌, നാസര്‍, ഗിരീഷ്‌ കര്‍ണ്ണാട്, നസീറുദ്ദീന്‍ ഷാ തുടങ്ങി ഒരു വലിയ താര നിര അണിനിരന്ന ചിത്രമാണ് ‘ഹേ റാം’. മൂന്നു ദേശീയ പുരസ്കാരങ്ങള്‍ ഉള്‍പ്പടെ ധാരാളം പുരസ്കാരങ്ങള്‍ കൈപ്പറ്റിയ ചിത്രം പക്ഷേ ബോക്സ് ഓഫീസില്‍ വലിയ വിജയം കണ്ടില്ല.

ഒരിക്കല്‍ ഹിന്ദിയില്‍ മൊഴിമാറ്റം ചെയ്യപ്പെട്ട് തിയേറ്ററില്‍ പരാജപ്പെട്ട ഒരു ചിത്രത്തിന്‍റെ റീമേക്ക് അവകാശം വാങ്ങിയിട്ടെന്തിനാണ് എന്നാണ് ആരാധകര്‍ അത്ഭുതപ്പെടുന്നത്. ഷാരൂഖ് ഖാന്‍റെ കമ്പനിയായ ‘റെഡ് ചില്ലീസ് എന്റർടെയ്ന്‍മെന്റി’ന് ഇന്റര്‍നെറ്റ്‌ വീഡിയോ സര്‍വീസ് പ്രൊവൈഡര്‍മാരായ നെറ്റ്ഫ്ലിക്സുമായി പാര്‍ട്ണര്‍ഷിപ്‌ ഉള്ളത് കൊണ്ടാവാം ഈ തീരുമാനം എന്ന് അനുമാനിക്കുന്നവരുണ്ട്.

കമലിന്‍റെ സിനിമാ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് ‘ഹേ റാ’മിലെ സാകേത് റാം. ഈ കഥാപാത്രത്തിനെ വെള്ളിത്തിരയില്‍ അഭിനയിക്കാനുള്ള ഷാരൂഖിന്‍റെ ആഗ്രഹാമാകാം കാരണം എന്നും പറയുന്നവരുണ്ട്.

ഒരു സുഹുത്തും കൂടിയായ ഷാരൂഖിന് ‘ഹേ റാ’മില്‍ അഭിനയിച്ചതിനു പ്രതിഫലമായി നല്‍കിയത് ഒരു വാച്ച് ആയിരുന്നു എന്ന് അടുത്തിടെ ‘മുംബൈ മിററി’ന് നല്‍കിയ അഭിമുഖത്തില്‍ കമല്‍ ഓര്‍ത്തെടുത്തു.

“അന്ന് കൊടുത്ത ആ വാച്ചിന്‍റെ ബ്രാന്‍ഡ്‌ അംബാസിഡര്‍ ആണ് ഇന്ന് ഷാരൂഖ് ഖാന്‍. ‘ഹേ റാ’മിന്‍റെ ഹിന്ദി പകര്‍പ്പവകാശം ഭരത് ഭായിയില്‍ നിന്നും ഷാരൂഖ് വാങ്ങിയതില്‍ സന്തോഷമുണ്ട്. തന്‍റെ സൗഹൃദത്തിന്‍റെയും സേവനത്തിന്റേയും അടിസ്ഥാനത്തില്‍ അഭിനയിച്ച ആ ചിത്രം ഷാരൂഖിന്‍റെ ഓര്‍മ്മയില്‍ നിന്നും മാഞ്ഞിരിക്കാന്‍ സാധ്യതയില്ല എന്ന് വിശ്വസിക്കുന്നു.”

കമല്‍ ഹാസനോപ്പം ‘ഹേ റാം’ നിര്‍മ്മിച്ചത് വിഖ്യാത ബോളിവുഡ് നിര്‍മ്മാതാവ് ഭരത് ഷായാണ്. ഈയടുത്ത് ഹോളിവുഡ് സംവിധായകന്‍ ക്രിസ്റ്റോഫര്‍ നോളനെ മുംബൈയില്‍ വച്ച് കണ്ടപ്പോള്‍ കമല്‍ ‘ഹേ റാ’മിന്‍റെ ഡിജിറ്റല്‍ പതിപ്പ് അദ്ദേഹത്തിനു കൈമാറിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook