പ്രമുഖ ബോളിവുഡ് നടൻ ഷാഹിദ് കപൂറിനും ഭാര്യ മിറ രജ്പുത്തിനും ആൺകുട്ടി പിറന്നു. മിറ രജ്പുത്ത് ആൺകുഞ്ഞിന് ജന്മം നൽകിയ വിവരം മിറയുടെ അടുത്ത സുഹൃത്തും പ്രശസ്ത സംവിധായകൻ അഭിഷേക് കപൂറിന്റെ ഭാര്യയുമായ പ്രാഗ്യാ യാദവാണ് പുറത്തുവിട്ടത്. ഇന്സറ്റാഗ്രാമിലൂടെയാണ് പ്രാഗ്യാ സന്തോഷ വാർത്ത പുറംലോകത്തെ അറിയിച്ചത്. ഇതിന് പിന്നാലെ ബോളിവുഡിൽ നിന്നും ക്യൂട്ട് ദമ്പതികൾക്ക് അഭിനന്ദന പ്രവാഹമാണ്.

പ്രാഗ്യായുടെ പോസ്റ്റ് ഇങ്ങനെ-“അഭിനന്ദനങ്ങൾ, മിറ, ഇതോരു മനോഹര യാത്രയായിരുന്നു. സവിശേഷമായ ഈ വാർത്ത പുറംലോകത്തെ അറിയിക്കുന്നതിൽ ഏറെ സന്തോഷവതിയാണ് ഞാൻ.” ഹാഷ്‍ടാഗിലാണ് ആൺകുഞ്ഞാണെന്ന് പ്രാഗ്യാ വ്യക്തമാക്കുന്നത്. ഷാഹിദിന്റെയും മിറയുടെയും രണ്ടാമത്തെ കുട്ടിയാണിത്. മിഷ എന്ന പെൺകുട്ടിയാണ് ബോളിവുഡ് ക്യൂട്ട് ദമ്പതികളുടെ ആദ്യ പൊന്നോമന.

മിറയുടെ മാതാവ് ബെല റജ്‍പുത്, ഷാഹിദിന്റെ മാതാവ് നീലിമ അസിം, സഹോദരൻ ഇഷാൻ ഘട്ടർ എന്നിവർ ആശുപത്രിയിൽ കുടുംബത്തിലെ പുതിയ അംഗത്തെ കാണാൻ എത്തിയിരുന്നെങ്കിലും ഇത് സംബന്ധിച്ച് ഒന്നും തന്നെ സംസാരിച്ചിരുന്നില്ല.

അടുത്ത അതിഥി വീട്ടിലേക്ക് വരും മുമ്പ് ഇരുവരും താമസം മാറിയതും വാർത്തയായിരുന്നു . മുംബൈയില്‍ തന്നെ വോര്‍ലിയില്‍ ത്രീ സിക്സ്റ്റി വെസ്റ്റ് എന്ന അപ്പാര്‍ട്ട്മെന്റ് കോംപ്ലക്സിന്റെ 42ഉം 43ഉം ഫ്ലോറിലേക്കാണ് താമസം മാറിയത്. നേരത്തേ അക്ഷയ് കുമാറും കുടുംബവും പിന്നീട് അഭിഷേക് ബച്ചനും ഐശ്വര്യ റായിയും ഇതേ ഫ്ലാറ്റിലായിരുന്നു താമസിച്ചിരുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook