രണ്ടാമതൊരു കുട്ടിയെ പ്രതീക്ഷിച്ച് ഇരിക്കുകയാണ് ബോളിവുഡ് താരം ഷാഹിദ് കപൂറും ഭാര്യ മിറാ രാജ്പതും. അടുത്ത അതിഥി വീട്ടിലേക്ക് വരും മുമ്പ് താമസം മാറുകയാണ് ഇരുവരും. മുംബൈയിലെ ജുഹൂയിലാണ് ഇരുവരും ഇപ്പോള്‍ താമസിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ആറ് മാസമായി ഇവിടെ നിന്നും താമസം മാറാന്‍ ശ്രമിക്കുകയാണ് ഇരുവരും. നിരവധി വീടുകള്‍ നോക്കിയെങ്കിലും ശരിയായിരുന്നില്ല. എന്നാല്‍ പുതിയ വീട് ഇരുവര്‍ക്കും ബോധ്യപ്പെട്ടതോടെയാണ് വാങ്ങാന്‍ തീരുമാനിച്ചത്.

മുംബൈയില്‍ തന്നെ വോര്‍ലിയില്‍ ത്രീ സിക്സ്റ്റി വെസ്റ്റ് എന്ന അപ്പാര്‍ട്ട്മെന്റ് കോംപ്ലക്സിന്റെ 42ഉം 43ഉം ഫ്ലോറാണ് പുതിയ ഫ്ലാറ്റ്. ജൂലൈ 12നാണ് ഇരുവരും ഫ്ലാറ്റ് രജിസ്റ്റര്‍ ചെയ്തത്. ഉടന്‍ തന്നെ ഇരുവരും ഇങ്ങോട്ട് താമസം മാറിയേക്കും. ഇപ്പോള്‍ ജുഹു താര റോഡിലെ പ്രനെറ്റ് ബില്‍ഡിംഗില്‍ തന്നെയാണ് ഇരുവരും താമസിക്കുന്നത്. പുതിയ അപ്പാര്‍ട്ട്മെന്റില്‍ നേരത്തേ അക്ഷയ് കുമാറും കുടുംബവും താമസിച്ചിരുന്നു. കൂടാതെ അഭിഷേക് ബച്ചനും ഐശ്വര്യ റായിയും ഇതേ ഫ്ലാറ്റിലായിരുന്നു താമസിച്ചിരുന്നത്.

2015ല്‍ 27.94 കോടി രൂപയ്ക്കായിരുന്നു അക്ഷയ് ഇവിടെ ഫ്ലാറ്റ് വാങ്ങിയിരുന്നത്. 2014ല്‍ 41.14 കോടിക്കായിരുന്നു അഭിഷേക് ഫ്ലാറ്റ് വാങ്ങിയത്. കടലിന് അഭിമുഖമായിട്ടുളള ഫ്ലാറ്റാണ് ഇപ്പോള്‍ ഷാഹിദ് സ്വന്തമാക്കിയിരക്കുന്നത്. മകളായ മിഷയ്ക്ക് കൂട്ടായി ഒരാള്‍ കൂടി വരുന്നതോടെ നാലംഗ കുടുംബമാകും ഷാഹിദിന്റേത്. ശ്രദ്ധ കപൂറിനൊപ്പം ഭട്ടി ഗുല്‍ മീറ്റര്‍ ചലു എന്ന ചിത്രത്തിലാണ് ഷാഹിദ് ഇപ്പോള്‍ അഭിനയിക്കുന്നത്.

ജുഹൂവില്‍ ഏറെ നാളായി താമസിക്കുന്ന ഇരുവരും ഇവിടം വിടാനൊരു കാരണമുണ്ട്. പ്രദേശത്ത് ഏറി വരുന്ന ലൈംഗികതൊഴില്‍ കാരണമാണ് ഇരുവരും സ്ഥലം മാറുന്നതെന്നാണ് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഷാഹിദോ ഭാര്യയോ ഇതിനെ കുറിച്ച് ഔദ്യോഗിക പ്രതികരണമൊന്നും നടത്തിയിട്ടില്ല. ഇരുവരും ഇപ്പോള്‍ വാങ്ങിയ ഇരട്ട ഫ്ലാറ്റിന് 56 കോടി രൂപയാണ് വിലയെന്നാണ് വിവരം.

ബോളിവുഡിലെ ക്യൂട്ട് ദമ്പതികളാണ് ഷാഹിദ് കപൂറും ഭാര്യ മിറ രജ്പുതും. നിരവധി പെൺഹൃദയങ്ങളുടെ ഇഷ്ടതോഴനായ ഷാഹിദ് സിനിമ ഇൻഡസ്ട്രിയില്‍ നിന്നല്ലാതെ സാധാരണക്കാരിയായൊരു പെൺകുട്ടിയെ വിവാഹം കഴിച്ചതു തന്നെ പലർക്കും അത്ഭുതമായിരുന്നു. ഇരുവരുടെയും സന്തോഷം ഇരട്ടിക്കാൻ മിഷ എന്ന പൊന്നോമന പുത്രിയും പിറന്നു.

ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താൻ വീണ്ടും അച്ഛനാകാൻ പോകുന്ന വിവരം ഷാഹിദ് രണ്ട് മാസം മുമ്പ് ആരാധകരെ അറിയിച്ചത്. കുഞ്ഞുമിഷ വലിയ ചേച്ചിയാവാൻ പോകുന്ന വിവരത്തെ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു.

മിഷയെക്കുറിച്ചു പറയുമ്പോൾ ഷാഹിദിനും മിറയക്കും എപ്പോഴും ആയിരം നാവാണ്. മിഷ ഒരു അച്ഛൻ കുട്ടിയാണെന്നാണ് ഷാഹിദ് പറയാറുള്ളത്. മിഷയെ സമ്മാനിച്ച മിറയെ ഷാഹിദ് കണ്ടതും പ്രണയിച്ചതും വിവാഹം ചെയ്തതുമെല്ലാം സിനിമകളെ അനുസ്മരിപ്പിക്കുന്ന രീതിയിലായിരുന്നു. ഷാഹിദിന്‌റേതു പോലെ ഒരു താരകുടുംബത്തിലൊന്നുമായിരുന്നില്ല മിറ ജനിച്ചതും വളര്‍ന്നതും. സിനിമയുടെ ഗ്ലാമറും സമ്പന്നതയും നിറഞ്ഞ ജീവിതം അറിഞ്ഞും അനുഭവിച്ചും വളര്‍ന്ന ഷാഹിദ് മിറയെ വിവാഹം കഴിക്കുന്നുവെന്നത് ബിടൗണിലെ വലിയ ചര്‍ച്ചകളിലൊന്നായിരുന്നു അക്കാലത്ത്. പക്ഷേ ആ ലോകത്തിന്റെ തിളക്കമൊട്ടും ബാധിക്കാതെയാണ് മിറ ജീവിച്ചതും ജീവിക്കുന്നതും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook