തിയേറ്ററുകളില്‍ മികച്ച അഭിപ്രായവുമായി മുന്നേറുകയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ.മ.യൗ. ചിത്രം കണ്ടവരിലെല്ലാം മരണ വീട് സന്ദര്‍ശിച്ച് മടങ്ങുന്നവന്റെ മൂകതയാണ് ബാക്കിയാകുന്നത്. വിനായകനും ചെമ്പന്‍ വിനോദും പൗളിയുമെല്ലാം തകര്‍ത്തഭിനയിച്ച ചിത്രം വേറിട്ടൊരു അനുഭവമായി മാറുകയാണ്. ഈ സാഹചര്യത്തില്‍ ഈ.മ.യൗ കണ്ട അനുഭവം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുകയാണ് ഗായകന്‍ ഷഹബാസ് അമന്‍.

ഈ.മ.യൗ കാണുമ്പോള്‍ ഒരു മൽസരം കാണുകയായിരുന്നുവെന്ന് ഷഹബാസ് പറയുന്നു. ‘ഈ.മ.യൗ’ കാണുമ്പോള്‍ ഒരു മല്‍സരം കാണുകയായിരുന്നു! ഇതിവൃത്തത്തില്‍ നിന്നു മാത്രമല്ല, സിനിമയുടേതായ എല്ലാ അകവട്ടത്തില്‍ നിന്നും മാറി നിന്നുകൊണ്ട് ശ്രദ്ധിച്ചത് ആ മല്‍സരമായിരുന്നു! പൊരിഞ്ഞ മഴയത്ത് നടക്കുന്ന ആ മല്‍സരത്തില്‍ പങ്കെടുക്കുന്നത് പ്രധാനമായും ആറു ഭീകരരാണു! സംവിധായകന്‍ ലിജോ ജോസ്, ആക്ടേഴ്‌സായ പൗളിച്ചേച്ചി, ചെമ്പന്‍ വിനോദ്, വിനായകന്‍, ദിലീഷ് പോത്തന്‍, സുബൈര്‍, ഛായാഗ്രാഹകന്‍ ഷൈജു ഖാലിദ്! പൊരിഞ്ഞ മല്‍സരം. അവസാന റൗണ്ടില്‍ എത്തുമ്പോഴേക്കും മല്‍സരം അതില്‍ നാലു പേര്‍ തമ്മില്‍ മാത്രമായി!’

ചിത്രത്തിലെ വിനായകന്റെ അഭിനയത്തെ അഭിനന്ദിക്കുകയും ചെയ്യുന്നു ഷഹബാസ്. ‘വ്യക്തിപരമായ അഭിപ്രായത്തില്‍ വിനായകന്‍ കപ്പ് ഉയര്‍ത്തുന്ന രംഗമാണു! ഒന്ന് നേരില്‍ കണ്ട് നോക്കൂ! അയാള്‍ പതുക്കെ കേറി വന്ന് എവിടെയാണെത്തുന്നതെന്ന്! ഓരോ മിടിപ്പിലും ഇതുവരെ താനോ മറ്റാരെങ്കിലുമോ ശരീരം ഉപയോഗിച്ച്കൊണ്ട് മലയാള സിനിമയില്‍ ചെയ്തിട്ടില്ലാത്ത ഒരു അയ്യപ്പനെ അയാള്‍ സംവിധായകന്റെയും ചായാഗ്രാഹകന്റെയും സഹഅഭിനേതാവിന്റെയും കൂടെ അവസാന നിമിഷം വരെ കട്ടക്ക് നിന്ന് രേഖപ്പെടുത്തുന്നു! ബ്രാവോ വിനായകന്‍! യൂ ആര്‍ ദ ബെസ്റ്റ്!,’ എന്നാണ് ഷഹബാസ് പറയുന്നത്.

ചിത്രത്തിന്റെ സംവിധായകനായ ലിജോ ജോസിനോടും ഷഹബാസിന് പറയാനുണ്ട്, ‘പ്രിയ ലിജോ! നിങ്ങള്‍ക്ക് ചെറിയൊരു വട്ടുണ്ട്! കലയിലെ അല്‍പ്പം ടെന്‍ഷന്‍ നിറഞ്ഞ എന്നാല്‍ സുഖമുള്ള ഒരു വട്ട്! ഫിലിം മേക്കിങ്ങിന്റെ കാര്യത്തില്‍ അത് ഒരു ഇളം ഭ്രാന്തായി മാറുന്നുണ്ട്. എന്ത് വന്നാലും അത് കളയരുത്,’

ഷഹബാസിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘ഈമയൗ’ കാണുമ്പോള്‍ ഒരു മല്‍സരം കാണുകയായിരുന്നു!
ഇതിവൃത്തത്തില്‍ നിന്നു മാത്രമല്ല, സിനിമയുടേതായ എല്ലാ അകവട്ടത്തില്‍ നിന്നും മാറി നിന്ന് കൊണ്ട് ശ്രദ്ധിച്ചത് ആ മല്‍സരമായിരുന്നു! പൊരിഞ്ഞ മഴയത്ത് നടക്കുന്ന ആ മല്‍സരത്തില്‍ പങ്കെടുക്കുന്നത് പ്രധാനമായും ആറു ഭീകരരാണു! സംവിധായകന്‍ ലിജോ ജോസ്, ആക്ടേഴ്‌സായ പൗളിച്ചേച്ചി, ചെമ്പന്‍ വിനോദ്, വിനായകന്‍, ദിലീഷ് പോത്തന്‍, സുബൈര്‍, ഛായാഗ്രാഹകന്‍ ഷൈജു ഖാലിദ്! പൊരിഞ്ഞ മല്‍സരം. അവസാന റൗണ്ടില്‍ എത്തുമ്പോഴേക്കും മല്‍സരം അതില്‍ നാലു പേര്‍ തമ്മില്‍ മാത്രമായി! ലിജോ, ചെമ്പന്‍, വിനായകന്‍, ഷൈജു! ആരാണെന്ന് പറയാന്‍ പറ്റാത്ത സ്ഥിതി! എന്നു പറഞ്ഞാല്‍ മല്‍സരത്തിലെ മല്ല് എന്ന് പറയുന്നത്, ആരാണു ഇതുവരെയുള്ള തങ്ങളെ തരിമ്പും കോപ്പിയടിക്കാതെ രണ്ട് മണിക്കൂര്‍ പൂര്‍ത്തിയാക്കുക?? അവിടെയാണു സംഭവം കിടക്കുന്നത്! മേക്കിങ്ങിന്റെ ഭീകരത എന്നൊക്കെപ്പറയുന്നത് അവിടെയാണു! ഇടവകയിലെ ആ ഇത്തിരി വട്ടം വിട്ട് ഈമയൗവിന് എവിടെയും പോകാനില്ല! കാണികള്‍ക്കുമില്ല പോകാന്‍ വേറെ ഒരിടം! മഴ പെയ്ത് ചളിപിളിയായ ആ സ്ഥലത്ത് കിടന്ന് കളിക്കുകയാണു എല്ലാവരും. തിയേറ്ററിനു പുറത്ത് പാര്‍ക്ക് ചെയ്ത കാറും വീട്ടിലേക്കുള്ള വഴിയും മഴയില്‍ കുതിര്‍ന്ന് കുളമായിട്ടുണ്ടാകുമല്ലോ എന്ന് ഇടക്ക് ശ്രദ്ധ തെറ്റിക്കൊണ്ടിരുന്നു! എല്ലാം സ്‌ക്രീനനുഭവത്തിന്റെ ചാല ആയിരുന്നു എന്നത് വേറെക്കാര്യം! അപ്പോഴും കടുത്ത മല്‍സരം നടന്നുകൊണ്ടിരിക്കുകയായിരുന്നു! എല്ലാവരുടെ മുന്‍പിലും ഉണ്ട് വലിയ ഹര്‍ഡില്‍! ലിജോയെ സംബന്ധിച്ച് ആമേനോ അങ്കമാലിയോ ആ വക യാതൊന്നുമോ കടന്നു വരാതെ പുതിയതായി ഓരോ ഫ്രെയിമിനെയും കരുതിപ്പോരുകയും അതേസമയം ഈമക്കു മാത്രമായി പുതിയ ഒരു ചീട്ട് എറിയുകയും വേണം! ഷൈജുവിനെ സംബന്ധിച്ചാണെങ്കില്‍ അതിലേറെ. നവസിനിമാക്കുതിപ്പിലുടനീളം അതിന്റെ മുന്നില്‍ നിന്ന് കൊണ്ട് ഏകദേശം അവയില്‍ മുഴുവനിലും തക്കമുദ്ര പതിപ്പിച്ച അതേ ക്യാമറകൊണ്ട് തന്നെ വേണം ഈമയെ ചുഴറ്റിയെറിയാന്‍! ഒന്ന് ഒന്നിനോട് ചെന്ന് ഒട്ടരുത്! ചെമ്പനും വിനായകനും ഇതേ പ്രശ്‌നം അനുഭവിക്കുന്നു! ഈശിയും അയ്യപ്പനും! അയ്യപ്പനെ ചെയ്യുന്ന വിനായകന്റെ പ്രശ്‌നം ചെമ്പന്റേതിനേക്കാള്‍ കടുത്തതാണു! ഒരനക്കം തെറ്റിയാല്‍ അയ്യപ്പന്‍ കമ്മട്ടിയിലെ ‘ഗംഗ’ യിലേക്ക് ചെന്ന് മുഖം കുത്തി വീഴും! പൗളിച്ചേച്ചിക്കും പോത്തനും വ്യത്യസ്തതയുടേയോ പുതുക്കത്തിന്റേയോ ആയ ചെറിയൊരാനുകൂല്യം കിട്ടുന്നുണ്ട്. എങ്കിലും, പറഞ്ഞല്ലോ കടുത്ത പോരാട്ടം നടക്കുകയാണെന്ന്!

ആകാംക്ഷക്കൊടുവില്‍ സംഭവിക്കുന്നത്…..
വ്യക്തിപരമായ അഭിപ്രായത്തില്‍ വിനായകന്‍ കപ്പ് ഉയര്‍ത്തുന്ന രംഗമാണു!
ഒന്ന് നേരില്‍ കണ്ട് നോക്കൂ! അയാള്‍ പതുക്കെ കേറി വന്ന് എവിടെയാണെത്തുന്നതെന്ന്! ഓരോ മിടിപ്പിലും ഇതുവരെ താനോ മറ്റാരെങ്കിലുമോ ശരീരം ഉപയോഗിച്ച്കൊണ്ട് മലയാള സിനിമയില്‍ ചെയ്തിട്ടില്ലാത്ത ഒരു അയ്യപ്പനെ അയാള്‍ സംവിധായകന്റെയും ഛായാഗ്രാഹകന്റെയും സഹഅഭിനേതാവിന്റെയും കൂടെ അവസാന നിമിഷം വരെ കട്ടക്ക് നിന്ന് രേഖപ്പെടുത്തുന്നു! ബ്രാവോ വിനായകന്‍! യൂ ആര്‍ ദ ബെസ്റ്റ്!

ഒടുക്കം മല്‍സരം അവസാനിപ്പിച്ച് ഈ മ യ്യൗ എന്ന സിനിമ കടലിലൂടെ അങ്ങനെ പതുക്കെ മുന്നോട്ട് പോകുന്നു…
‘എവിടെയീ യാത്ര തന്നറ്റം? മരണമോ? മറുപുറം വേറേ നിലാവോ?! ‘(സച്ചിദാനന്ദന്‍)

പ്രിയ ലിജോ! നിങ്ങള്‍ക്ക് ചെറിയൊരു വട്ടുണ്ട്! കലയിലെ അല്‍പ്പം ടെന്‍ഷന്‍ നിറഞ്ഞ എന്നാല്‍ സുഖമുള്ള ഒരു വട്ട്! ഫിലിം മേക്കിങ്ങിന്റെ കാര്യത്തില്‍ അത് ഒരു ഇളം ഭ്രാന്തായി മാറുന്നുണ്ട്. എന്ത് വന്നാലും അത് കളയരുത്.

ഈ മ യ്യൗ!
സിനിമ അതിന്റെ സ്വയം പോരിമ ഒരിക്കല്‍ കൂടി അടയാളപ്പെടുത്തുന്നു!

എല്ലാവരോടും സ്‌നേഹം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook