പനജി: ഗോവയില്‍ നടക്കുന്ന 48-ാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രമുഖ ബോളിവുഡ് താരങ്ങളുടെ ഒരു നിര തന്നെ ഉണ്ടാകും. ആരംഭ ദിവസമായ ഇന്ന് മേള ഉദ്ഘാടനം ചെയ്യുന്നത് ബോളിവുഡിന്‍റെ  കിങ് ഖാന്‍ ഷാരൂഖ് ഖാന്‍ ആയിരിക്കും. നവംബര്‍ 28ന് ചലച്ചിത്ര മേള അവസാനിക്കുന്ന ദിവസം ഈ വര്‍ഷത്തെ മികച്ച വ്യക്തിത്വത്തിനുള്ള പുരസ്‌കാരം ഇന്ത്യന്‍ സിനിമയുടെ ബിഗ് ബി, അമിതാഭ് ബച്ചന്‍ ഏറ്റുവാങ്ങും.

മേളയുടെ ഒരുക്കങ്ങള്‍

ഇന്ന് ശ്യാമ പ്രസാദ് മുഖര്‍ജി സ്റ്റേഡിയത്തില്‍ വച്ചു നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനി പങ്കെടുക്കുമെന്ന് സംവിധായകനും ഗോവ സംസ്ഥാന എന്റര്‍ടെയിന്‍മെന്റ് സൊസൈറ്റി ഉപാധ്യക്ഷനുമായ രാജേന്ദ്ര തലക് അറിയിച്ചു.

ഷാരൂഖ് ഖാന് പുറമെ പ്രമുഖ ബോളിവുഡ് താരങ്ങളായ ഷാഹിദ് കപൂര്‍, കത്രീന കൈഫ് എന്നിവരും പരിപാടിയില്‍ പങ്കെടുക്കും. 7000ത്തില്‍ അധികം ഡെലിഗേറ്റുകളാണ് ചലച്ചിത്ര മേളയില്‍ എത്തുക.

Read More: മാജിദ് മജീദിയും മലയാളി നായികയും ഗോവന്‍ ചലച്ചിത്രമേളയിലേക്ക്

ഇറാനിയന്‍ സംവിധായകന്‍ മാജിദ് മജീദി സംവിധാനം ചെയ്ത, മലയാളി നടിയായ മാളവിക മോഹന്‍ അഭിനയിച്ച ‘ബിയോണ്ട് ദി ക്ലൗഡ്‌സ്’ എന്ന സിനിമയായിരിക്കും മേളയുടെ ഉദ്ഘാടന ചിത്രം. അർജന്റീനിയൻ സംവിധായകൻ പാബ്ലോ സീസർ സംവിധാനം ചെയ്ത ‘തിങ്കിങ് ഓഫ് ഫിലിം’ ആയിരിക്കും മേളയിലെ സമാപന ചിത്രം.

ചലച്ചിത്രമേളയില്‍ 30ല്‍ അധികം വനിതാ സംവിധായകരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഇത്രയും കാലത്തിനിടെ നടത്തിയ ചലച്ചിത്രമേളയില്‍ ഇത്തവണത്തെ ഈ എണ്ണം റെക്കോര്‍ഡ് ആണെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.

Read More: മന്ത്രിയുടെ ഇടപെടൽ; ഇന്ത്യന്‍ പനോരമ ജൂറിയില്‍ വീണ്ടും രാജി

ഇന്ത്യന്‍ പനോരമ ഫിക്ഷൻ വിഭാഗത്തില്‍ 26 സിനിമകളും നോൺ ഫിക്ഷൻ വിഭാഗത്തില്‍ (ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിലിം) 16 സിനിമകളുമാണുള്ളത്. മലയാളത്തില്‍നിന്ന് ടേക്ക് ഓഫ് ഫിക്ഷൻ വിഭാഗത്തിലും ലിജിൻ ജോസിന്റെ  ഇന്റര്‍കട്‌സ്- ലൈഫ് ആന്‍ഡ് ഫിലിംസ് ഓഫ് കെജി ജോര്‍ജ്ജ്, അഖില ഹെൻട്രിയുടെ ജി,  എന്നീ ചിത്രങ്ങള്‍ നോൺ ഫിക്ഷൻ വിഭാഗത്തിലുമുണ്ട്. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ കാസവ് (മറാത്തി), ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായ ന്യൂട്ടണ്‍ (ഹിന്ദി), പിഹു (ഹിന്ദി), കച്ച ലിംബു (മറാത്തി), ക്ഷിതിജ് (മറാത്തി) തുടങ്ങിയ ചിത്രങ്ങളും പനോരമയില്‍ ഉള്‍പ്പെടുന്നു. മലയാളിയായ നിതിൻ രമേഷ് സംവിധാനം ചെയ്ത നേം പ്ലേസ് ആനിമൻ തിംഗ്സ്(ഹിന്ദി) എന്ന ചിത്രവും നോൺ ഫിക്ഷൻ വിഭാഗത്തിലുണ്ട്.

Read More: മന്ത്രിയുടെ ഇടപെടൽ: സുജോയ് ഘോഷ് ജൂറി അധ്യക്ഷസ്ഥാനം രാജിവച്ചു

20 മുതല്‍ 28 വരെ നടക്കുന്ന ചലച്ചിത്ര മേളയില്‍ 82 രാജ്യങ്ങളില്‍ നിന്നായി 195 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. മത്സര വിഭാഗത്തില്‍ 15 ചിത്രങ്ങളും ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ 42 ചിത്രങ്ങളും ലോക സിനിമാ വിഭാഗത്തില്‍ 82 ചിത്രങ്ങളുമാണുള്ളത്. കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ കാനഡയില്‍ നിന്നുള്ള എട്ട് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. കൂടാതെ ബ്രിക്‌സ് ഫിലിം ഫെസ്റ്റിവലില്‍ പുരസ്‌കാരം നേടിയ 11 ചിത്രങ്ങളും മേളയുടെ ഭാഗമായുണ്ട്. പ്രമുഖ സംവിധായകന്‍ മുസാഫര്‍ അലിയാണ് ഈ വിഭാഗത്തിന്റെ ജൂറി തലവന്‍. മത്സരവിഭാഗത്തില്‍ വിജയിക്കുന്ന ചിത്രത്തിന് ഒരു കോടി രൂപയാണ് പുരസ്‌കാരത്തുക.

ആദ്യമായാണ് ഗോവ ചലച്ചിത്രമേളയില്‍ ഇത്രയും കുറവ് മലയാള സിനിമകള്‍ വരുന്നത്. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത മലയാള ചിത്രം എസ് ദുര്‍ഗ ഇന്ത്യന്‍ പനോരമ വിഭാഗത്തിലേയ്ക്ക് ജൂറി തിരഞ്ഞെടുത്തിരുന്നെങ്കിലും കേന്ദ്ര വാര്‍ത്താവിനിമയ- പ്രക്ഷേപണ മന്ത്രാലയം ഇടപെട്ട് പിന്നീട് ഒഴിവാക്കിയിരുന്നു. രവി ജാദവ് സംവിധാനം ചെയ്ത മറാത്തി ചിത്രം ന്യൂഡും ഒഴിവാക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ജൂറി അധ്യക്ഷനായിരുന്ന സുജോയ് ഘോഷും മറ്റംഗങ്ങളായ അപൂര്‍വ അസ്രാണിയും ഗ്യാന്‍ കൊറിയയും രാജിവെച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ