റിലീസ് ചെയ്ത് 27 ദിവസം പിന്നിടുമ്പോൾ 1000 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ് ഷാരൂഖ് ഖാൻ നായകനായ ആക്ഷൻ ത്രില്ലർ ചിത്രം പഠാൻ. 1000 കോടി കളക്റ്റ് ചെയ്ത അഞ്ചാമത്തെ ഇന്ത്യൻ ചിത്രമായിരിക്കുകയാണ് ഇതോടെ പഠാൻ. ദംഗൽ (1968.03 കോടി രൂപ), ബാഹുബലി 2: ദി കൺക്ലൂഷൻ (1747 കോടി), കെജിഎഫ് 2 (1188 കോടി രൂപ), ആർആർആർ (1174 കോടി രൂപ) എന്നിവയാണ് മുൻപ് ആയിരം കോടി ക്ലബ്ബിൽ ഇടം നേടിയ ഇന്ത്യൻ സിനിമകൾ. ചൈനയിൽ റിലീസ് ചെയ്യാതെയാണ് പഠാൻ ഈ നേട്ടം കൈവരിച്ചതെന്നതും ശ്രദ്ധേയമാണ്.
പത്താന്റെ ലോകമെമ്പാടുമുള്ള കളക്ഷൻ ഞായറാഴ്ചയോടെ 996 കോടി രൂപ പിന്നിട്ടതായി യാഷ് രാജ് ഫിലിംസ് ട്വീറ്റ് ചെയ്തിരുന്നു. തിങ്കളാഴ്ചത്തെ കളക്ഷൻ കൂടി വർധിച്ചതോടെ ചിത്രം 1000 കോടി കടന്നിരിക്കുകയാണ്. ബോക്‌സ് ഓഫീസ് വേൾഡ് വൈഡ് കണക്കനുസരിച്ച്, ചിത്രത്തിന്റെ ആഭ്യന്തര ഗ്രോസ് കളക്ഷൻ 623 കോടി രൂപയും വിദേശ ഗ്രോസ് കളക്ഷൻ 377 കോടി രൂപയുമാണ്.
പത്താൻ 1000 കോടി കടക്കുന്ന ദിവസത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു ഷാരൂഖ് ഖാനും. തിങ്കളാഴ്ച ട്വിറ്ററിൽ ‘ആസ്ക് എസ്ആർകെ’ സെഷനിടെ ട്വിറ്റർ ഉപയോക്താവ് താരത്തിനോട് താങ്കളുടെ ഭാഗ്യനമ്പർ ഏതാണെന്ന് തിരക്കിയപ്പോൾ ‘ഇപ്പോൾ 1000 ന് മുകളിലുള്ള ഏത് നമ്പറും’ എന്നായിരുന്നു ഷാരൂഖ് ഖാന്റെ ഉത്തരം.
പഠാന്റെ സുവർണനേട്ടം ബോളിവുഡിന് തിളക്കം സമ്മാനിക്കുമ്പോഴും, മറ്റു ബോളിവുഡ് സൂപ്പർതാരങ്ങൾക്ക് നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാൻ കഴിയുമോ എന്ന് കണ്ടറിയണം. 2022ൽ ‘ഭൂൽ ഭുലയ്യ 2’ എന്ന ചിത്രത്തിലൂടെ ബോളിവുഡിനെ രക്ഷിച്ച കാർത്തിക് ആര്യന്റെ ഏറ്റവും പുതിയ ചിത്രമായ ഷെഹ്‌സാദ ബോക്സ് ഓഫീസിൽ ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ വർഷങ്ങളിൽ തുടർച്ചയായി നാലു ചിത്രങ്ങൾ പരാജയപ്പെട്ട അക്ഷയ് കുമാറിന്റെ പുതിയ ചിത്രമായ ‘സെൽഫി’ ഈ വെള്ളിയാഴ്ച തിയേറ്ററുകളിലേക്ക് എത്തുകയാണ്. ‘ഡ്രൈവിംഗ് ലൈസൻസ്’ എന്ന മലയാളചിത്രത്തിന്റെ റീമേക്കാണ് ഇത്. ഷാരൂഖിനു പിന്നാലെ അക്ഷയ് കുമാറിനും വിജയം ആവർത്തിക്കാനാവുമോ എന്ന് ഉറ്റുനോക്കുകയാണ് ബോളിവുഡ്.