/indian-express-malayalam/media/member_avatars/N5ZjXXWsNcIdzMM523Jm.jpg )
/indian-express-malayalam/media/media_files/uploads/2023/09/Shah-Rukh-Khan-Jawan.jpg)
75 ശതമാനത്തോളം സൗത്ത് പ്രാതിനിധ്യമുള്ള ബോളിവുഡ് ചിത്രമാണ് ജവാൻ
ഒറ്റവാക്കിൽ പറഞ്ഞാൽ, സൗത്ത് ഇന്ത്യയിൽ നിന്നും ആറ്റ്‌ലിയേയും നയൻതാരയേയും വിജയ് സേതുപതിയേയും അനിരുദ്ധിനെയും പ്രിയാമണിയേയുമൊക്കെ കൊണ്ടുപോയി ബോളിവുഡിന് ഷാരൂഖ് ഖാൻ ഒരുക്കിയ ഒരു തെന്നിന്ത്യൻ ഫീസ്റ്റാണ് ജവാൻ. ജവാനിൽ ഷാരൂഖ് ആണ് നിറഞ്ഞുനിൽക്കുന്നതെങ്കിലും ഇതൊരു സാധാരണ ബോളിവുഡ് ചിത്രമല്ല. ആറ്റ്‌ലിയുടെ സംവിധാനത്തിൽ നയൻതാര നായികയായും വിജയ് സേതുപതി കൊടുംവില്ലനായുമെത്തുന്ന ജവാൻ ഒരു തെന്നിന്ത്യൻ മസാല ചിത്രമാണ്. ബോളിവുഡിന് സൗത്ത് ഫ്ളേവറുകളെ അടുത്തു പരിചയപ്പെടുത്തുന്നതിനൊപ്പം തന്നെ തെന്നിന്ത്യൻ സിനിമാ വിപണിയിൽ ഹിന്ദി സിനിമയ്ക്ക് വാതിലുകൾ തുറന്നിടുക കൂടിയാണ് ജവാനിലൂടെ ഷാരൂഖ് ഖാൻ ചെയ്തത്. എസ് എസ് രാജമൗലിയുടെ ബാഹുബലി ഹിന്ദി ബെൽറ്റിലേക്ക് തെന്നിന്ത്യൻ ചിത്രങ്ങൾക്ക് എൻട്രി നൽകിയതിനു സമാനമാണിതും.
പുതുമകൾ കൊണ്ട് ത്രസിപ്പിക്കുന്ന ചിത്രമൊന്നുമല്ല ആറ്റ്‌ലിയുടെ ജവാൻ. ബോളിവുഡിന് കാഴ്ചയുടെ പുതിയ രുചിഭേദങ്ങൾ സമ്മാനിക്കാൻ താൻ കണ്ടു ശീലിച്ച തമിഴ് സിനിമകളിൽ നിന്നും ഏറെ റഫറൻസുകൾ ആറ്റ്‌ലി കയ്യോടെ ജവാനിലേക്ക് എടുത്തിട്ടുണ്ട്. പോപ്പുലർ ചിത്രങ്ങളുടെ റഫറൻസ് തന്റെ ചിത്രങ്ങൾക്ക് ഉപയോഗിക്കാൻ മടി കാണിക്കാത്ത സംവിധായകനാണ് ആറ്റ്‌ലി. മുൻപും ഇതേ തന്ത്രം തന്റെ ചിത്രങ്ങളിൽ ആറ്റ്‌ലി പയറ്റിയിട്ടുണ്ട്. ജവാനിലേക്ക് എത്തുമ്പോൾ അത്തരം റഫറൻസുകളുടെ ഒരു ഘോഷയാത്ര തന്നെ കാണാം. ജവാൻ കണ്ടിറങ്ങിയവർ ചിത്രത്തിലെ ഈ തമിഴ് സിനിമ റഫറൻസുകൾ എണ്ണിയെടുക്കുന്ന തിരക്കിലാണ്.
ജവാന്റെ കഥ ചുരുക്കി പറഞ്ഞാൽ, അത് ആസാദ് എന്ന ജയിലറെ ചുറ്റിപ്പറ്റിയുള്ളതാണ്. ഒരു വനിത ജയിലിലെ ജയിലറാണ് ആസാദ്. എന്നാൽ ആസാദിനു മറ്റൊരു മുഖം കൂടിയുണ്ട്. ജയിലിന്റെ ഭൂഗർഭ അറയിൽ ഇരുന്ന് ആസാദ് വ്യവസ്ഥിതികളോട് കലഹിക്കുകയാണ്. അഴിമതിക്കാരായ രാഷ്ട്രീയക്കാരെ വീഴ്ത്താൻ പ്ലാനുകൾ മെനയുന്നു. പെൺകരുത്താണ് ആസാദിന്റെ നിശബ്ദ വിപ്ളവങ്ങൾക്ക് കൂട്ടാവുന്നത്. ആസാദ് ആർമി എന്നൊക്കെ വിളിക്കാവുന്ന രീതിയിൽ 15000 ഓളം വരുന്ന വനിത തടവുകാർ ആസാദിനെ പിന്തുണയ്ക്കുന്നുണ്ട്. അതിൽ തന്നെ ആസാദിനൊപ്പം പോർകളത്തിൽ സജീവമായി നിൽക്കുന്ന ആറംഗ പെൺസംഘവുമുണ്ട്. ഓരോ അംഗത്തിനും പറയാൻ ഉള്ളുലയ്ക്കുന്ന കഥകളും ഭൂതകാലവുമുണ്ട്. ആസാദിനുമുണ്ട് അത്തരമൊരു കഥ പറയാൻ. സൈനികനായ വിക്രം റാത്തോഡിന്റെയും (ഷാരൂഖിന്റെ രണ്ടാമത്തെ വേഷം) ഐശ്വര്യ റാത്തോഡിന്റെയും (ദീപിക പദുക്കോൺ) മകനാണ് ആസാദ്. രാജ്യദ്രോഹക്കുറ്റത്തിന്റെ പേരിൽ വേട്ടയാടപ്പെടുന്ന അച്ഛൻ, വധശിക്ഷയ്ക്കു ശിക്ഷിക്കപ്പെടുന്ന അമ്മ... ജയിലിൽ ജനിച്ചുവളർന്ന ആസാദിന് ജയിൽ തന്നെയാണ് കുടുംബം. വളർന്ന് യുവാവാകുമ്പോൾ അച്ഛന്റെ ശത്രു കാലിയുടെ (വിജയ് സേതുപതി) തകർച്ച തന്നെയാണ് ആസാദും ലക്ഷ്യമിടുന്നത്. മെട്രോ ട്രെയിനുകളും ആശുപത്രികളുമെല്ലാം ഹൈജാക് ചെയ്ത് അഴിമതിക്കാരനായ കാലിയിൽ നിന്ന് പണം തട്ടിയെടുക്കാൻ ആസാദ് ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. കഥയിൽ നല്ലവനായ റോബിൻഹുഡാണ് ആസാദ്, കാലിയിൽ നിന്ന് തട്ടിയെടുത്ത പണമത്രയും അതിന് അർഹതപ്പെട്ടവരിലേക്കും യഥാർത്ഥ അവകാശികളിലേക്കും തന്നെയാണ് ആസാദ് എത്തിക്കുന്നത്.
/indian-express-malayalam/media/media_files/uploads/2023/09/image-14.png)
ചിത്രത്തിന്റെ ഈ രത്നചുരുക്കം വായിക്കുമ്പോൾ തന്നെ, കണ്ടുമറന്ന പല ഇന്ത്യൻ ചിത്രങ്ങളോടുമുള്ള സാമ്യം സ്വാഭാവികമായും നിങ്ങൾക്ക് ഓർമ വന്നേക്കാം. എന്നാൽ പരോക്ഷമായ ആ സാമ്യങ്ങൾ മാത്രമല്ല, പ്രത്യക്ഷത്തിൽ തന്നെ കാണാവുന്ന നിരവധി റഫറൻസുകളും ചിത്രത്തിലുണ്ട്. സ്റ്റോറി ലൈനിലും ചില രംഗങ്ങളുടെ തനിയാവർത്തനങ്ങളിലുമെല്ലാം ഈ പോപ്പ് കൾച്ചർ മൂവി റഫറൻസുകൾ കാണാം.
ബാഹുബലി മുതൽ കൽനായക് വരെ
സംവിധായകൻ ശങ്കറിന്റെ ശിഷ്യനായ ആറ്റ്‌ലി തന്റെ ഗുരുവിൽ നിന്ന് ഒരുപാട് സ്വഭാവവിശേഷങ്ങൾ സ്വീകരിച്ചു കൊണ്ടാണ് സംവിധാനരംഗത്തേക്ക് കാലെടുത്തുവച്ചത്. ബിഗ് സ്കെയിൽ സിനിമകൾ നിർമ്മിക്കുക എന്ന ആറ്റ്‌ലിയുടെ നിരന്തരശ്രമങ്ങളും അതിലൊന്നാണ്. സൂക്ഷിച്ചു നോക്കിയാൽ, ശങ്കറിന്റെ ആദ്യ ചിത്രമായ ജെന്റിൽമാൻ (1993) എന്ന ചിത്രത്തിന്റെ കഥാതന്തു ജവാനിലും കണ്ടെത്താം. ജെന്റിൽമാനിൽ, നായകൻ കിച്ച (അർജുൻ) പപ്പട നിർമാണമെന്ന കുടിൽ വ്യവസായത്തിലേർപ്പെട്ടിരിക്കുന്ന ഒരു പറ്റം സ്ത്രീകളുടെ ഇഷ്ടം കവർന്നയാളാണ്. വിദ്യാർത്ഥികളെ സൗജന്യമായി പഠിപ്പിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനം പണിയാൻ സമ്പന്നരിൽ നിന്ന് പണം മോഷ്ടിക്കുകയാണ് ഈ കഥയിലെ നായകൻ. ജവാനിലേക്ക് എത്തുമ്പോൾ നായകൻ ജയിലറും നല്ലവനുമായ റോബിൻ ഹുഡായി മാറുന്നുവെന്നെയുള്ളൂ, ലക്ഷ്യം ഒന്നു തന്നെയാണ്.
എ ആർ മുരുകദോസിന്റെ കത്തി (2014) റഫൻസാണ് അടുത്തത്. കത്തിയുടെ ചിന്ന കസിൻ എന്നു വേണമെങ്കിൽ ജവാനെ വിളിക്കാം. ജവാനിൽ കാലി (വിജയ് സേതുപതി) രണ്ട് ഷാരൂഖ് ഖാനെ കണ്ട് ഞെട്ടുന്നുണ്ട്. ഒരു ഷാരൂഖ് തന്റെ മുന്നിൽ ബന്ധിക്കപ്പെട്ട രീതിയിൽ ഇരിക്കുമ്പോൾ, മറ്റേ ഷാരൂഖ് ടിവിയിൽ ലൈവ് ഷോ അവതരിപ്പിക്കുകയാണ്, സ്വാഭാവികമായും വില്ലൻ ഞെട്ടുമല്ലോ. വിജയ്‌യുടെ കത്തിയിലും സമാനമായൊരു രംഗം കാണാം. വില്ലൻ ചിരാഗ് (നീൽ നിതിൻ മുകേഷ്) രണ്ട് നായകന്മാരെ കണ്ട് ഞെട്ടുന്നുണ്ട്! ഈ രംഗം മാത്രമല്ല, കത്തിയുടെ കേന്ദ്ര ഇതിവൃത്തമായ കർഷക ആത്മഹത്യയെന്ന വിഷയത്തെയും ജവാൻ കൈകാര്യം ചെയ്യുന്നുണ്ട്. കർഷകരുടെ ദുരവസ്ഥയെക്കുറിച്ചുള്ള രണ്ട് ചിത്രങ്ങളിലെയും മോണോലോഗുകൾ എളുപ്പത്തിൽ പ്രേക്ഷകരുമായി കണക്റ്റ് ചെയ്യുന്നതാണ്.
ജവാനിലൂടെ ഒരു വിരൽ പുരച്ചി(ഒറ്റവിരൽ വിപ്ലവം) എന്ന ആശയം മുന്നോട്ടു വയ്ക്കുന്നുണ്ട് ആറ്റ്‌ലി . ഓരോ വ്യക്തിയുടെയും വോട്ടുകൾ എത്ര വിലപ്പെട്ടതാണ്, ഓരോ പാർട്ടിയ്ക്കും വോട്ട് ചെയ്യുമ്പോൾ എത്രത്തോളം ജാഗരൂകരാവണം എന്നൊക്കെ ആസാദ് ജനങ്ങളെ ബോധവത്കരിക്കുന്നുണ്ട് ചിത്രത്തിൽ. വിജയ്-മുരുകദോസിന്റെ അവസാന കൂട്ടുകെട്ടായ സർക്കാരിനോടാണ് ഈ രംഗം സാമ്യം പുലർത്തുന്നത്. വോട്ടുകളുടെ ശക്തിയെക്കുറിച്ച് 'സർക്കാർ' പറയാൻ ശ്രമിച്ച അതേ കാര്യങ്ങൾ ആറ്റ്‌ലി ജവാനിലൂടെ ഏറ്റുപിടിക്കുകയാണ്.
ഒരു സാമൂഹിക പ്രശ്‌നത്തിൽ മാത്രം ഒതുങ്ങുന്നില്ല ആറ്റ്‌ലിയുടെ ജവാൻ. കർഷകരുടെ പ്രശ്നങ്ങൾ, സർക്കാർ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങളില്ലായ്മ, ഓക്സിജൻ ടാങ്കുകളുടെ അപര്യാപ്തത, സൈനിക ആയുധങ്ങൾ വാങ്ങുന്നതിലെ അഴിമതികൾ, ക്രമക്കേടുകൾ…. എന്നിങ്ങനെ രാജ്യത്ത് നടന്ന നിരവധി യഥാർത്ഥ അഴിമതികഥകളുടെ പ്രതിഫലനം ജവാനിൽ കാണാം. പ്രത്യേകിച്ചും 26/11 ആക്രമണത്തിൽ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡ് തലവൻ ഹേമന്ത് കർക്കറെ കൊല്ലപ്പെട്ടതും അതിനുശേഷം ഉയർന്നുവന്ന ചർച്ചകളും… 2013ൽ പുറത്തിറങ്ങിയ അജിത് നായകനായ 'ആരംഭം' ഈ സമാന സംഭവത്തെ പ്രതിപാദിച്ചുകൊണ്ടായിരുന്നു. മോശം ബുള്ളറ്റ് കവചം ധരിച്ചതു മൂലം കൊല്ലപ്പെട്ട എസിപി സഞ്ജയ് എന്ന കഥാപാത്രത്തെയാണ് റാണ ദഗ്ഗുബതി ചിത്രത്തിൽ അവതരിപ്പിച്ചത്. അശോകൻ (അജിത്ത്) ഈ വിഷയത്തിൽ പരാതിപ്പെടുമ്പോൾ അവൻ രാജ്യദ്രോഹിയായി മുദ്രകുത്തപ്പെടുന്നതും അതിന്റെ പേരിൽ അവന്റെ കുടുംബം കൊല്ലപ്പെടുന്നതുമാണ് 'ആരംഭം' പറഞ്ഞ കഥ. ജവാനിലെ വിക്രം റാത്തോഡിന്റെ ജീവിതകഥയും മറ്റൊന്നല്ല.
അപ്രതീക്ഷിതമായൊരു അതിഥി വേഷവും ജവാൻ കാത്തുവെയ്ക്കുന്നുണ്ട്. ആസാദ് റാത്തോറിനെ ചോദ്യം ചെയ്യാൻ ജവാനിൽ എത്തുന്നത് സഞ്ജയ് ദത്താണ്. എസിപി വിനായകും (അജിത്) എസിപി പൃഥ്വിരാജും (അർജുൻ) മങ്കാത്തയിൽ കളിച്ച എലി- പൂച്ച കളിയുടെ അനുസ്മരണമാണ് ജവാനിലെ ഷാരൂഖ്- സഞ്ജയ് ദത്ത് രംഗങ്ങൾ. അവർക്കൊരു ഫ്ളാഷ് ബാക്ക് കൂടി നൽകുന്നതോടെ എല്ലാം ശുഭം.
ആസാദിന്റെ ജനനം കാണിക്കുന്ന രംഗങ്ങൾ, ബാഹുബലിയെ ഉയർത്തിപിടിക്കുന്ന ശിവകാമി ദേവിയെ ഓർമ്മിപ്പിക്കുന്നതാണ്. ഇടിയ്ക്കാൻ എത്തുന്ന ആജാനുബാഹുവായ ഒരു വില്ലനോട് ഷാരൂഖിന്റെ സീനിയർ കഥാപാത്രം ചോദിക്കുന്നുമുണ്ട്, നിങ്ങളാരാണ് ബാഹുബലിയോ?
ബോളിവുഡിനെയും സൗത്തിനെയും വളഞ്ഞിട്ടു പിടിച്ചപ്പോൾ ആറ്റ്‌ലി മലയാളത്തെയും ഗൗനിക്കാതെ പോവുന്നില്ല. ചിത്രത്തിന്റെ ക്ലൈമാക്സിലെത്തുന്ന സഞ്ജയ് ദത്തിന്റെ കഥാപാത്രത്തിന്റെ പേര് മാധവൻ നായക് എന്നാണ്. 'ഭാര്യ മലയാളിയാണ്, ഈ 'ഓപ്പറേഷൻ' കഴിഞ്ഞയുടനെ ഓണസദ്യ കഴിക്കാൻ പോവാനുണ്ടെന്ന്' ധൃതിപ്പെട്ടു കൊണ്ട് കസവു മുണ്ടും ഷർട്ടും അണിഞ്ഞുള്ള മാധവൻ നായകിന്റെ എൻട്രി കേരളക്കരയ്ക്ക് കയ്യടിക്കാനായി ആറ്റ്ലി പ്രത്യേകം മാറ്റിവച്ച സീനാണ്. സഞ്ജയ് ദത്ത് ചിത്രത്തിലെ തന്നെ വിഖ്യാത ഡയലോഗായ "നായക് നഹി കൽ നായക് ഹു മേ," എന്നും പാടികൊണ്ടാണ് മാധവൻ നായക് സ്ക്രീനിൽ വിളയാടുന്നത്.
ഷാരൂഖിന്റെ സ്മാർട്ട് സ്ട്രാറ്റജി
പഠാനെയും പിന്നിട്ട് ജവാൻ ഈ വർഷത്തെ ഏറ്റവും വലിയ വിജയചിത്രങ്ങളിലൊന്നായി മാറുമെന്ന സൂചനകളാണ് ജവാന്റെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്നാണ് ആദ്യദിനം 129.6 കോടി രൂപയാണ് ചിത്രം കളക്റ്റ് ചെയ്തത്. ചിത്രം ദക്ഷിണേന്ത്യയിൽ പോസിറ്റീവ് റിവ്യൂകൾ നേടുന്നതിനൊപ്പം തന്നെ, അതിർത്തികൾക്കപ്പുറത്തുള്ള പ്രേക്ഷകരോട് സംസാരിക്കുന്ന ഷാരൂഖ് ചിത്രത്തെ അഭിനന്ദിച്ചുകൊണ്ട് നിരവധി തെന്നിന്ത്യൻ താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്.
ജവാനു വേണ്ടി ഷാരൂഖ് സ്വീകരിച്ച മാർക്കറ്റിംഗ് സ്ട്രാറ്റജി എന്താണ് എന്ന് വിലയിരുത്തുകയാണ് ട്രേഡ് അനലിസ്റ്റായ രമേഷ് ബാല, നിർമ്മാതാവും സിനിമാ ബിസിനസ്സ് വിദഗ്ധനുമായ ഗിരീഷ് ജോഹർ എന്നിവർ.
“ജവാൻ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിന്റെ പ്രധാന കാരണം അതിലെ ദക്ഷിണേന്ത്യൻ അഭിനേതാക്കളും അണിയറപ്രവർത്തകരും തന്നെയാണ്. ആറ്റ്‌ലി സംവിധായകൻ, അനിരുദ്ധ് സംഗീതം, വിജയ് സേതുപതി വില്ലൻ, നയൻതാര നായിക. ഇവരെല്ലാം തെന്നിന്ത്യൻ ചലച്ചിത്രമേഖലയിൽ നിന്നുള്ളവരാണ്. ജവാന് 75% സൗത്ത് പ്രാതിനിധ്യമുണ്ട്. ഷാരൂഖ് ഖാൻ ഒഴികെയുള്ള പ്രധാന സഹകഥാപാത്രങ്ങളെല്ലാം തെന്നിന്ത്യൻ അഭിനേതാക്കളാണ്," ട്രേഡ് അനലിസ്റ്റ് ബാല പറയുന്നു.
ബോളിവുഡും സൗത്ത് ഇന്ത്യൻ സിനിമാലോകവും ന്യായമായി സഹകരിച്ചാൽ എങ്ങനെയൊരു വിജയ ഫോർമുല സൃഷ്ടിക്കാമെന്നാണ് ജവാൻ കാണിച്ചു തരുന്നത്. " ബോളിവുഡ് പ്രേക്ഷകർ മാത്രമല്ല, തമിഴ്, തെലുങ്ക് പ്രേക്ഷകരും എത്രയോ നാളായി ജവാനെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. കാരണം ഇതൊരു ആറ്റ്‌ലി ചിത്രം കൂടിയാണല്ലോ. വിജയ്‌യ്‌ക്കൊപ്പം മുമ്പ് ആറ്റ്‌ലി പ്രവർത്തിച്ചിട്ടുണ്ട്. അതെല്ലാം ജവാന് അനുകൂലമായി പ്രവർത്തിച്ചു. വാർ, പത്താൻ പോലെയുള്ള ചിത്രങ്ങളുടെ ഫോർമാറ്റിൽ ഇതേ ചിത്രം സിദ്ധാർത്ഥ് ആനന്ദ് ചെയ്തിരുന്നെങ്കിൽ ചിലപ്പോൾ അത് തെന്നിന്ത്യൻ പ്രേക്ഷകരെ ഇത്രയധികം ആകർഷിക്കില്ലായിരുന്നു. ജവാനിൽ സംഭവിച്ചത് അസാധാരണമായ ഒരു പ്രതിഭാസമാണ്, ഷാരൂഖ് സൗത്ത് പ്രതിഭകളെ മുതലാക്കി. ഇത്രയും സൗത്ത് കണക്ഷൻ മറ്റൊരു ബോളിവുഡ് ചിത്രത്തിനും നിലവിൽ ഇല്ല," ബാല കൂട്ടിച്ചേർത്തു.
ബാഹുബലി 1, 2, ആർആർആർ, കെജിഎഫ് 1, 2, കാന്താര തുടങ്ങിയ നിരവധി ദക്ഷിണേന്ത്യൻ സിനിമകൾ ഹിന്ദി ബെൽറ്റിൽ മികച്ച പ്രകടനം കാഴ്ചവച്ചപ്പോൾ, വളരെ കുറച്ച് ഹിന്ദി സിനിമകൾക്ക് മാത്രമേ ഇതുവരെ സൗത്ത് വിപണിയിൽ കടന്നുകയറാൻ കഴിഞ്ഞിട്ടുള്ളൂ. അവിടെയാണ് ഷാരൂഖിന്റെ ജവാൻ പ്രസക്തമാവുന്നത്. തെന്നിന്ത്യയിലേക്ക് കടക്കാനുള്ള ഹിന്ദി സിനിമകളുടെ ആ തടസ്സത്തെ വിജയകരമായി ഭേദിച്ചിരിക്കുകയാണ് ഷാരൂഖ്. ബോളിവുഡ്, ദക്ഷിണേന്ത്യൻ ഇൻഡസ്ട്രികൾ തമ്മിൽ ഭാവിയിൽ ഇനിയും സഹകരണങ്ങളുണ്ടാവാൻ ജവാൻ ഊർജ്ജം പകരുമെന്ന് പറയാതെ വയ്യ.
നിർമ്മാതാവും സിനിമാ ബിസിനസ്സ് വിദഗ്ധനുമായ ഗിരീഷ് ജോഹർ ഷാരൂഖിന്റെ ഈ നീക്കത്തെ 'സ്മാർട്ട് സ്ട്രാറ്റജി' എന്നാണ് വിളിക്കുന്നത്. "ഷാരൂഖിനെ സംബന്ധിച്ച് അദ്ദേഹം ഇതിനകം തന്നെ ഹിന്ദി ബെൽറ്റ് കീഴടക്കി കഴിഞ്ഞു, വിദേശ വിപണിയും കീഴടക്കി. ഇനിയദ്ദേഹത്തിന് കീഴടക്കാൻ ഉള്ളത് സൗത്തിന്ത്യയാണ്. സൗത്തിന്ത്യൻ സിനിമകൾ ഹിന്ദിയിൽ നൂറുകോടി നേടുന്ന കാഴ്ചകളൊക്കെ ഇപ്പോൾ സാധാരണമായി കൊണ്ടിരിക്കുകയാണ്. അതിനാൽ ദക്ഷിണേന്ത്യൻ ഭാഷകളിലേക്കും പരമാവധി പ്രേക്ഷകരിലേക്കും തന്റെ ചിത്രങ്ങൾ എത്തിക്കാനാണ് ഷാരൂഖ് ശ്രമിക്കുന്നത്. അതുകൊണ്ടാണ് ദക്ഷിണേന്ത്യൻ സിനിമാ വ്യവസായത്തിലെ വലിയ പേരുകളുമായി അദ്ദേഹം സഹകരിച്ചത്."
ദക്ഷിണേന്ത്യയിലെ ജവാന്റെ വിജയം ഷാരൂഖ്- രാജ്കുമാർ ഹിരാനി ചിത്രമായ ഡങ്കി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മികച്ച പ്രകടനം നടത്താൻ സഹായിക്കുമെന്നും ജോഹർ അഭിപ്രായപ്പെട്ടു. “സൗത്ത് ഒരു പ്രത്യേക വിപണിയാണ്, ആ വിപണിയെ കൂടുതൽ ആഴത്തിൽ കീഴടക്കാൻ ഷാരൂഖ് ആഗ്രഹിക്കുന്നു. കാരണം സിനിമയോട് ഏറെ അഭിനിവേശമുള്ള വിപണിയാണിത്. പത്താനൊപ്പം ഷാരൂഖ് ലോകം കീഴടക്കി; ജവാനോടൊപ്പം അദ്ദേഹം ദക്ഷിണേന്ത്യയെ കയ്യിലെടുക്കുന്നു. ഇനി അദ്ദേഹത്തിന്റെ ഡങ്കി വരാനുണ്ട്. ഇനിയദ്ദേഹം വിദേശ വിപണിയിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ജവാൻ തെക്കൻ വിപണിയിലേക്ക് ഡങ്കിയ്ക്ക് വഴി തുറന്നിരിക്കുകയാണ്. നന്നായി ആസൂത്രണം ചെയ്തതും മികച്ചതുമായ സ്ട്രാറ്റജിയാണ് ഷാരൂഖ് ഇവിടെ സ്വീകരിച്ചത്. ”
/indian-express-malayalam/media/media_files/uploads/2023/09/image-15.png)
ജവാന്റെ റിലീസ് ദിനത്തിൽ ചെന്നൈയിലെ പലയിടത്തും ഷാരൂഖിന്റെ വലിയ കട്ട് ഔട്ടുകൾക്ക് മുകളിൽ പാൽ അഭിഷേകം നടന്നതിന്റെ വാർത്തകൾ നമ്മൾ കണ്ടതാണ്. രജനികാന്ത്, കമൽ ഹാസൻ, അജിത്, വിജയ് തുടങ്ങിയ സൗത്തിന്ത്യൻ താരങ്ങൾക്കായി നീക്കിവച്ചിരിക്കുന്ന പീഠത്തിൽ പൊതുവെ തമിഴകം ബോളിവുഡ് താരങ്ങളെ പ്രതിഷ്ഠിക്കാറില്ല. എന്നാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും ലഭിക്കുന്ന ഈ പുത്തൻ സ്വീകാര്യതയെ ഷാരൂഖ് ഇപ്പോൾ ആസ്വദിക്കുകയാണ്.
ജവാനു വേണ്ടി ഷാരൂഖ് സ്വീകരിച്ച ഈ സ്ട്രാറ്റജികൾ എല്ലാ ഇൻഡസ്ട്രികളിലും ആരോഗ്യകരമായ മത്സരാന്തരീക്ഷം സൃഷ്ടിക്കുകയേ ഉള്ളൂവെന്നാണ് രമേഷ് ബാലയുടെ വിലയിരുത്തൽ.
“ഇതുവരെ ദക്ഷിണേന്ത്യയിൽ ബോളിവുഡ് സിനിമകൾ ഹിറ്റായിട്ടില്ല. ദക്ഷിണേന്ത്യയിലെ മെട്രോപൊളിറ്റൻ നഗരങ്ങളായ ഹൈദരാബാദ്, ബാംഗ്ലൂർ എന്നിവിടങ്ങളിൽ ഹിന്ദി സംസാരിക്കുന്ന പ്രേക്ഷകരാണ് ഇത്തരം ചിത്രങ്ങൾ കൂടുതലായും കണ്ടിരുന്നത്. ദംഗൽ, ക്രിഷ്, ധൂം ഫ്രാഞ്ചൈസി ചിത്രങ്ങൾ തുടങ്ങി അപൂർവ്വം ചില സിനിമകൾ അല്ലാതെ തെന്നിന്ത്യൻ പ്രേക്ഷകർ നെഞ്ചിലേറ്റിയ ബോളിവുഡ് ചിത്രങ്ങളും കുറവാണ്. സൗത്ത് ബെൽറ്റിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ച ബോളിവുഡ് സിനിമകളും കുറവാണ്. എന്നാൽ ജവാൻ തമിഴ്‌നാട്ടിലും തെലുങ്ക് സംസാരിക്കുന്ന സംസ്ഥാനങ്ങളിലുമെല്ലാം നിലനിന്നിരുന്ന ഇത്തരം അതിർവരമ്പുകളെ തകർക്കുകയാണ്."
ജവാനെ തെന്നിന്ത്യൻ പ്രേക്ഷകർ നന്നായി സ്വീകരിക്കുന്നത് ഹോളിവുഡും ബോളിവുഡും ദക്ഷിണേന്ത്യയുമെല്ലാം സമനിലയിൽ എത്താൻ കാരണമാവുമെന്നു ബാല വിലയിരുത്തുന്നു. “ഇന്ത്യൻ ഭാഷകളിലേക്ക് ഡബ്ബ് ചെയ്ത ഹോളിവുഡ് സിനിമകൾ എല്ലായ്‌പ്പോഴും ഇന്ത്യയിൽ, പ്രത്യേകിച്ച് ദക്ഷിണേന്ത്യയിൽ, മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ജവാൻ പോലുള്ള ചിത്രങ്ങൾ കൂടി വരുന്നതോടെ സൗത്തിൽ മത്സരം മുറുകുകയാണ്. അടിസ്ഥാനപരമായി ഇപ്പോൾ ഹോളിവുഡ്, ബോളിവുഡ്, സൗത്ത് എന്നിവയെല്ലാം സമനിലയിലാണ്. സിനിമകൾ നന്നായാൽ, അതേറ്റെടുക്കാൻ ആളുകളുണ്ടാവും. ആക്ഷനും ഇമോഷനുമുള്ള നല്ല രീതിയിൽ പാക്ക് ചെയ്യപ്പെട്ട ചിത്രമായിരിക്കണം, ജവാൻ അതുപോലെ ഒന്നാണ്. ജവാൻ പോലൊരു സിനിമ ആക്ഷനും മസാലയും ചേർന്നതാണ്, അതിന്റെ റിസൽറ്റും നന്നായി വന്നു. സമാനമായ പ്രകടനമാണ് കെജിഎഫ് ചിത്രങ്ങൾ ഹിന്ദി ബെൽറ്റിൽ കാഴ്ച വച്ചതും.”
“ഒരു ഇൻഡസ്ട്രിയും മത്സരത്തിന്റെ കാര്യത്തിൽ സുരക്ഷിതമല്ല. പ്രേക്ഷകരുടെ തിരഞ്ഞെടുപ്പുകൾ മാറിയിട്ടുണ്ട്. അതിനാൽ അവരുടെ ഇഷ്ടം നേടാൻ മികച്ച എന്റർടെയ്ൻമെന്റ് വാല്യു ഉള്ള ചിത്രങ്ങൾ ഉണ്ടാവണം. എല്ലാ ഇൻഡസ്ട്രികളും വലിയ പ്രൊജക്റ്റുകൾ വികസിപ്പിക്കുകയും വിതരണം ചെയ്യുകയും വേണം. സമീപകാലത്തിറങ്ങിയ ചിത്രങ്ങൾ വീണ്ടും പ്രേക്ഷകരെ തിയേറ്ററിലേക്ക് ആകർഷിക്കുന്ന പ്രവണത കണ്ടു വരുന്നുണ്ട്. രജനികാന്തിന്റെ 'ജയിലർ' ഒരു വലിയ സിനിമയാണ്, നമ്മൾക്ക് വിക്രം ഉണ്ടായിരുന്നു, ഇന്ത്യൻ 2 വരാനിരിക്കുന്നു. ബാഹുബലി ചിത്രങ്ങൾക്ക് ശേഷം എല്ലാ ഇൻഡസ്ട്രികളും കുതിച്ചുയരുകയാണ്, ഒരുപക്ഷേ ഇതിലേക്ക് മലയാളം സിനിമാ വ്യവസായവും വൈകാതെ ചേരും, ” രമേഷ് ബാല കൂട്ടിച്ചേർത്തു.
അതേസമയം, ഷാരൂഖിന്റെ ജവാൻ ദക്ഷിണേന്ത്യയിൽ മികച്ച പ്രകടനം നേടുമ്പോൾ അതെങ്ങനെ ബോളിവുഡിനെ ബാധിക്കുമെന്ന് വിശദീകരിക്കുകയാണ് ജോഹർ. “ഇത് ബോളിവുഡിൽ ഒരു മാറ്റവും വരുത്തില്ല. പക്ഷേ ബോളിവുഡിൽ ഷാരൂഖ് കൂടുതൽ ശക്തനാക്കും. ഒരു ചക്രവർത്തി പുതിയ കമ്പോളങ്ങൾ കീഴടക്കുന്നതുപോലെയാണ് ഇത്. അദ്ദേഹത്തിന്റെ മുൻകാല ചിത്രങ്ങൾ മികച്ച വിജയം നേടിയിരുന്നു. പത്താനും വളരെ നന്നായിട്ടുണ്ട്. ഇവിടെ ജവാനൊപ്പം, ഈ പ്രത്യേക വിപണിയിൽ വളരാൻ ശ്രമിക്കുകയാണ് ഷാരൂഖ്. സൗത്ത് വിപണി, അതാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. വളരെ മൂർച്ചയുള്ള ഒരു ബിസിനസ്സ് തന്ത്രമാണിത്. ബുദ്ധിപരവും സമർത്ഥവുമായ നീക്കം. ഇതിലൂടെ ഷാരൂഖ് തന്റെ കരുത്തും ആധിപത്യവും പ്രസക്തിയും ഒരിക്കൽ കൂടി തെളിയിക്കുകയാണ്. "
With Inputs from Komal RJ Panchal
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.