ഡൽഹി വാഹനാപകടത്തിൽ മരണമടഞ്ഞ അഞ്ജലി സിങ്ങിനു സഹായവുമായി ഷാരൂഖ് ഖാന്റെ മീർ ഫൗണ്ടേഷൻ. അഞ്ജലിയുടെ അമ്മയുമായി സംഘടനയുടെ ഭാരവാഹികൾ ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യൻ എക്‌സ്‌പ്രസ് ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു. “ഷാരൂഖിന്റെ മീർ ഫൗണ്ടേഷൻ അഞ്ജലിയുടെ കുടുംബത്തിനു സാമ്പത്തിക സഹായം നൽകാൻ തീരുമാനിച്ചു. അമ്മയുടെ ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കാനുള്ള വഴികൾക്കാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നത്” അടുത്ത വൃത്തങ്ങൾ പറഞ്ഞു.
ജനുവരി 1 ന് ഡൽഹിയിൽ വച്ച് നടന്ന വാഹനാപകടത്തിലാണ് അഞ്ജലി മരണപ്പെട്ടത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴി അഞ്ജലി സഞ്ചരിച്ചിരുന്ന സ്‌ക്കൂട്ടറിൽ കാറിടിച്ചായിരുന്നു അപകടം. പോലിസ് അന്വേഷണം അനുസരിച്ച് പത്ത് കിലോമീറ്റോളം കാർ അഞ്ജലിയെ വലിച്ചിഴച്ചു.
കുടുംബത്തിന്റെ ആകെയുള്ള അത്താണി അഞ്ജലിയായിരുന്നു. എട്ടു വയസുള്ളപ്പോൾ അച്ഛനെ നഷ്ടപ്പെട്ട അഞ്ജലിക്ക് പാതി വഴിയിൽ പഠനം ഉപേക്ഷിക്കേണ്ടി വന്നു. അഞ്ജലിയുടെ അമ്മ കിഡ്‌ണി സംബന്ധമായ അസുഖങ്ങൾ നേരിടുന്നുണ്ട്. പത്താം ക്ലാസ് യോഗ്യത മാത്രമുള്ള അഞ്ജലി ഹെയർ സലൂണിലാണ് ജോലി ചെയ്തിരുന്നത്. പിന്നീട് വിവിധ ജോലികൾ ചെയ്‌ത അഞ്ജലിക്ക് 500-1000 രൂപയായിരുന്നു ഒരു ദിവസത്തെ സമ്പാദ്യം.
2013 ലാണ് ഷാരൂഖ് ഖാൻ മീർ ഫൗണ്ടേഷനു തുടക്കം കുറിക്കുന്നത്. പിതാവ് മീർ താജ് മുഹമ്മദ് ഖാന്റെ ഓർമ്മയ്‌ക്കാണ് ഷാരൂഖ് സംഘടന ആരംഭിച്ചത്. ദീപിക പദുക്കോണിനൊപ്പമുള്ള ‘പത്താൻ’ ആണ് ഷാരൂഖിന്റെ പുതിയ ചിത്രം. ജനുവരി 25 ന് ചിത്രം തിയേറ്ററുകളിലെത്തും.