ബോളിവുഡിലെ ഏറെ ആരാധകരുള്ള താര ദമ്പതികളാണ് ഷാരൂഖ് ഖാനും ഭാര്യ ഗൗരി ഖാനും. തന്റെ കുടുംബാംഗങ്ങൾ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കു താഴെ രസകരമായ കമന്റുകൾ ഷാരൂഖ് ഖാൻ കുറിക്കാറുണ്ട്. ഗൗരി ഖാൻ മക്കൾക്കൊപ്പം നിൽക്കുന്ന ചിത്രത്തിനു താഴെ ഷാരൂഖ് കുറിച്ച കമന്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
മക്കളായ ആര്യൻ, സുഹാന, അബ്രാം എന്നിവർക്കൊപ്പമുള്ള കുടുംബ ചിത്രം ഗൗരി തന്റെ പ്രൊഫൈലിലൂടെ പങ്കുവച്ചിരുന്നു. ഷാരൂഖും കുടുംബവും ഒന്നിച്ചെത്തിയ ചിത്രം ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. ഗൗരി ഖാൻ ഷെയർ ചെയ്ത ചിത്രത്തിനു താഴെയുള്ള ഷാരൂഖിന്റെ ക്യൂട്ട് കമന്റാണ് ആരാധകരുടെ ശ്രദ്ധ കവരുന്നത്.
“എന്തു നല്ല കുട്ടികൾക്കാണ് നീ ജന്മം നൽകിയിരിക്കുന്നത് ഗൗരി” എന്നാണ് ഷാരൂഖ് ചിത്രത്തിനു താഴെ കുറിച്ചത്. ഷാരൂഖിനെ പോലെയാണ് മകൾ സുഹാനയെ കാണാനെന്നാണ് ഒരു ആരാധകന്റെ കമന്റ്. ‘അതെ നല്ല കുട്ടികളാണ് പക്ഷെ ആ ക്രെഡിറ്റ് നിങ്ങൾക്കുള്ളതാണ് സർ’ എന്നാണ് മറ്റൊരു ആരാധകൻ കുറിച്ചത്.
ഒരു പുതിയ കോഫി ടേബിൾ ബുക്കിന്റെ പ്രഖ്യാപനത്തിനൊപ്പമാണ് ഗൗരി ചിത്രം പങ്കുവച്ചത്. ഇന്റീരിയർ ഡിസൈനറായ ഗൗരി മന്നത്ത് ഹൗസിന്റെ ചിത്രങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തുമെന്നാണ് റിപ്പോർട്ട്. കത്രീന കൈഫ്, ആലിയ ഭട്ട്, റൺബീർ കപൂർ, നിതാ അബാനി, മനീഷ് മൽഹോത്ര, കരൺ ജോഹർ എന്നിവരുടെ വീടുകൾ ഡിസൈൻ ചെയ്തത് ഗൗരിയാണ്.
‘പഠാൻ’ ആണ് ഷാരൂഖിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. രാജ്യത്തെ ഏറ്റവും വലിയ ബോളിവുഡ് ഹിറ്റ് ചിത്രമായി മാറി ‘പഠാൻ.’ അറ്റ്ലി ചിത്രം ‘ജവാൻ’, രാജ് കുമാർ ഹിരാനി ചിത്രം ‘ഡുങ്കി’ എന്നിവയാണ് ഷാരൂഖിന്റെ പുതിയ ചിത്രങ്ങൾ.