ആരാധകരോട് എന്നും ഒരു പ്രത്യേക അടുപ്പം കാത്തുസൂക്ഷിക്കുന്ന താരമാണ് ഷാരൂഖ് ഖാൻ. ഓട്ടോ എക്സ്പോ 2023 നായി ബുധനാഴ്ച ഡൽഹിയിലെത്തിയ ഷാരൂഖ് ആരാധകർക്കൊപ്പം സമയം ചെലവഴിക്കാൻ മറന്നില്ല. കിങ്ങ് ഖാൻ താമസിക്കുന്ന ഹോട്ടലിൽ എത്തിയ ആരാധകരെ ഇരു കൈയ്യും നീട്ടി താരം സ്വീകരിച്ചു.
ജതിൻ ഗുപ്ത എന്ന ആരാധകൻ ഷാരൂഖിന്റെ കവിളത്ത് ഉമ്മ കൊടുക്കുന്ന ചിത്രം പങ്കുവച്ചു. ആരാധകരെ രാത്രി മുറിയിലേക്ക് വിളിച്ച് കുറച്ചു നേരം സംസാരിച്ചിരിക്കുകയും ചെയ്തു ഷാരൂഖ്. നേരം വൈകി രാത്രി 2 മണിക്കും സൗഹൃദ സംഭാഷണം നീണ്ടു. “രാത്രി 2 ന് ഞങ്ങളുടെ കൂടെ സമയം ചെലവഴിച്ചതിനു നന്ദി. മറ്റൊരു സൂപ്പർ സ്റ്റാറും അവരുടെ ആരാധകർക്കു വേണ്ടി ഇങ്ങനെ ചെയ്യില്ല. ഹോട്ടൽ മുറിയിലേക്ക് വിളിച്ച് ഞങ്ങൾക്കു സമയവും, ബഹുമാനവും നൽകിയതിന് നന്ദി. രാത്രി ശല്യപ്പെടുത്തിയതിന് മാപ്പ് ചോദിക്കുന്നു” ജതിൻ ട്വിറ്ററിൽ കുറിച്ചു.
“മറ്റൊരു സൂപ്പർ സ്റ്റാറും ഇതു പോലെ ചെയ്യുമെന്ന് തോന്നുന്നില്ല. ജതിനെ പോലുള്ള ആരാധകർ ജീവിതത്തിൽ വിജയിക്കുക തന്നെ ചെയ്യും. ദിവസം ആരംഭിക്കാൻ അനുയോജ്യമായൊരു ചിത്രമാണിത്.” ജതിൻ പങ്കുവച്ച ചിത്രത്തിന് താഴെ മറ്റൊരു ആരാധകൻ കുറിച്ചു. അനവധി ആരാധകർ ഷാരൂഖിനൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
ഷാരൂഖ് ഖാന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘പത്താൻ’. സിദ്ധാർത്ഥ് ആനന്ദിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം ജനുവരി 25 ന് തിയേറ്ററുകളിലെത്തും. ദീപിക പദുക്കോൺ, ജോൺ എബ്രഹാം എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.