ബോളിവുഡിലെ മികച്ച ദമ്പതികളാണ് ഷാരൂഖ് ഖാനും ഭാര്യ ഗൗരി ഖാനും. 1991 ലാണ് ഷാരൂഖ് ആറു വർഷത്തെ പ്രണയത്തിനുശേഷം ഗൗരിയെ വിവാഹം ചെയ്തത്. അന്ന് ഷാരൂഖിന് പ്രായം 26. ബോളിവുഡിലേക്ക് ഷാരൂഖ് അപ്പോൾ വന്നിട്ടില്ല. ടിവി ഷോകളിലായിരുന്നു ഷാരൂഖ് അപ്പോൾ അഭിനയിച്ചുകൊണ്ടിരുന്നത്.

അടുത്തിടെ ഇൻസ്റ്റഗ്രാമിലൂടെ ഷാരൂഖ് ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയിരുന്നു. അതിലൊരു ആരാധകൻ ഷാരൂഖിന്റെ വിവാഹത്തെക്കുറിച്ചായിരുന്നു ചോദിച്ചത്. എന്തിന് നേരത്തെ വിവാഹം ചെയ്തുവെന്നായിരുന്നു ചോദ്യം. അതിനു ഷാരൂഖ് നൽകിയ മറുപടി ഭാര്യ ഗൗരി ഖാന്റെ ഹൃദയം കവരുന്നതാണ്.

”സഹോദരാ, സ്നേഹവും ഭാഗ്യവും എപ്പോൾ വേണമെങ്കിലും ഒരുമിച്ചെത്താം. എനിക്ക് ഇതു രണ്ടും ഗൗരിയുടെ രൂപത്തിൽ നേരത്തെ എത്തി” ഇതായിരുന്നു ഷാരൂഖിന്റെ മറുപടി.

ഇൻസ്റ്റഗ്രാമിലൂടെ ഷാരൂഖ് മക്കൾക്കൊപ്പമുളള ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറുണ്ട്. പക്ഷേ ഭാര്യ ഗൗരിയ്ക്കൊപ്പമുളള ഫോട്ടോ ഒന്നും പോസ്റ്റ് ചെയ്തിരുന്നില്ല. അടുത്തിടെ ആദ്യമായി ഷാരൂഖ് ഭാര്യയ്ക്കൊപ്പമുളള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. ‘വർഷങ്ങൾക്കുശേഷം ഞാനെടുത്ത ഒരു ചിത്രം പോസ്റ്റ് ചെയ്യാൻ ഭാര്യ സമ്മതിച്ചു’ എന്ന അടിക്കുറിപ്പോടെയാണ് ഷാരൂഖ് ചിത്രം പോസ്റ്റ് ചെയ്തത്.

ഷാരൂഖ്-ഗൗരി ദമ്പതികൾക്ക് മൂന്നു മക്കളാണുളളത്. 1997 ലായിരുന്നു മൂത്ത മകൻ ആര്യന്റെ ജനനം. 2000 ൽ മകൾ സുഹാന പിറന്നു. 2013 ലാണ് ഇളയ മകൻ അബ്രാമിന്റെ ജനനം.

ആനന്ദ് എൽ.റായിയുടെ സീറോയാണ് ഷാരൂഖിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഇതിൽ പൊക്കം കുറഞ്ഞ ആളായിട്ടാണ് ഷാരൂഖ് അഭിനയിച്ചിട്ടുണ്ട്. അനുഷ്ക ശർമ്മയും കത്രീന കെയ്ഫുമാണ് നായികമാർ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook